കണ്ണൂർ-ജിദ്ദ വിമാന സർവീസ് തുടങ്ങി

മട്ടന്നൂർ: ഏറെക്കാലത്തെ കാത്തിരിപ്പിനു ശേഷം കണ്ണൂർ വിമാനത്താവളത്തിൽനിന്ന് ജിദ്ദയിലേക്ക് സർവീസ് തുടങ്ങി. എയർ ഇന്ത്യ എക്സ്‌പ്രസാണ് കണ്ണൂർ – ജിദ്ദ സെക്ടറിൽ ഞായറാഴ്ചകളിൽ സർവീസ് നടത്തുന്നത്.ഇന്നലെ രാവിലെ 10നാണ് 172 യാത്രക്കാരുമായി ആദ്യ വിമാനം പുറപ്പെട്ടത്. യാത്രക്കാരിൽ 120 ഓളം പേർ ഉംറ തീർത്ഥാടകരായിരുന്നു. ഇവർക്കായി വിമാനത്താവളത്തിൽ പ്രാർഥനാ മുറി ഉൾപ്പടെയുള്ള സൗകര്യങ്ങൾ ഒരുക്കിയിരുന്നു.
ഇന്നലെ ഉച്ചയ്ക്ക് 2.10 ഓടെയാണ് ജിദ്ദയിൽ നിന്ന് തിരികെയുള്ള വിമാനം കണ്ണൂരിലെത്തിയത്. ജലാഭിവാദ്യം നൽകി വിമാനത്തെ കണ്ണൂരിൽ കിയാൽ അധികൃതർ വരവേറ്റു.നേരത്തെ രണ്ടുതവണ ജിദ്ദ സർവീസിന് ടിക്കറ്റ് ബുക്കിംഗ് തുടങ്ങിയെങ്കിലും പിന്നീട് റദ്ദാക്കിയിരുന്നു. നിലവിൽ മികച്ച പ്രതികരണമാണ് യാത്രക്കാരിൽ നിന്ന് ജിദ്ദ സർവീസിന് ലഭിച്ചത്. ഒരുമാസത്തേക്കുള്ള ടിക്കറ്റുകളും ബുക്കിംഗായി.
യാത്രക്കാർ കൂടുതലുണ്ടെങ്കിൽ സർവീസുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്. കണ്ണൂർ വിമാനത്താവളത്തിൽ ഹജ്ജ് പുറപ്പെടൽ കേന്ദ്രം വേണമെന്ന ആവശ്യത്തിന് ജിദ്ദയിലേക്ക് സർവീസുള്ളത് സഹായകമാകും. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് അന്താരാഷ്ട്ര സർവീസ് നടത്തുന്ന 11-ാമത്തെ സ്ഥലമാണ് ജിദ്ദ.