വ്യാജരേഖ ചമച്ച് ഭൂമി തട്ടിയെടുത്തതായി പരാതി

ശ്രീകണ്ഠപുരം: പണം വായ്പ വാങ്ങുമ്പോള്‍ കൈമാറിയ ചെക്കും മുദ്രപത്രങ്ങളും ഉപയോഗിച്ച് വ്യാജരേഖ ചമച്ച് തന്റെയും സഹോദരന്റെയും പേരിലുള്ള ഭൂമി വായ്പ നൽകിയവർ തട്ടിയെടുത്തതായി ഐച്ചേരിയിലെ കടാങ്കോടൻകണ്ടി റഫീഖ് വാർത്തസമ്മേളനത്തിൽ ആരോപിച്ചു. സംഭവത്തിൽ തളിപ്പറമ്പ് കോടതി നിർദേശപ്രകാരം എട്ടുപേര്‍ക്കെതിരെ ശ്രീകണ്ഠപുരം പൊലീസ് കേസെടുത്തിട്ടുണ്ട്.
റഫീഖിന്റെ പരാതിയില്‍ ഐച്ചേരിയിലെ കോത്തില പാലങ്ങാട്ട് മധുസൂദനന് (50), അനിത മധുസൂദനന് (40), തേനങ്കീല് ഷാജി (45), ചുഴലി വടക്കേമൂലയിലെ ചിറക്കര കടാങ്കോട് കൃഷ്ണന്, ഐച്ചേരി പ്രസന്നാലയത്തിൽ കെ. പ്രസന്ന കുമാരി (50), കെ. കുഞ്ഞികൃഷ്ണന് (65), കുറുമാത്തൂര്‍ പെരുമ്പയിലെ ശ്രീധന്യത്തില്‍ ഇ. ദിനേശന് (64), പായം വട്ട്യറയിലെ പാലയോടന് ഹൗസില്‍ ബണ്ണപലന് ഹരിദാസ് (45) എന്നിവർക്കെതിരെയാണ് കേസെടുത്തത്. വ്യാജരേഖകള്‍ ചമച്ച് ദുരുപയോഗം ചെയ്യുകയും മറ്റ് പ്രതികളുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തി വിശ്വാസവഞ്ചനയും ചതിയും നടത്തിയെന്നുമാണ് കേസ്.
2017-18 കാലയളവില്‍ രണ്ട് തവണകളായി മധുസൂദനനില്നിന്ന് റഫീഖ് 10 ലക്ഷം വായ്പ വാങ്ങിയിരുന്നു. ഈ സമയം റഫീഖിന്റെ ഉടമസ്ഥതയിലുള്ള ഭൂമി രണ്ടാംപ്രതിയായ അനിത മധുസൂദനന്റെ പേരിൽ രജിസ്റ്റര്‍ ചെയ്തു.വായ്പ വാങ്ങിയ പണം കൈമാറുമ്പോള്‍ ഭൂമി തിരികെ രജിസ്റ്റര്‍ ചെയ്ത് നല്‍കുമെന്നായിരുന്നു കരാര്‍. റഫീഖില്‍നിന്ന് ബാങ്ക് ചെക്ക്, മുദ്രപത്രങ്ങള്‍ എന്നിവയും മധുസൂദനന് കൈപ്പറ്റിയിരുന്നുവത്രെ. ഇവ ഉപയോഗിച്ച് ഐച്ചേരിയിലുള്ള 26 സെൻറ് ഭൂമിയും ചേപ്പറമ്പിലുള്ള 90 സെൻറ് ഭൂമിയും സഹോദരന്റെ 30 സെൻറ് ഭൂമിയും ഉൾപ്പെടെ മധുസൂദനനും മറ്റ് ഏഴുപേരും ചേർന്ന് സ്വന്തമാക്കിയെന്നും ബ്ലേഡ് ഇടപാടാക്കി മാറ്റി തന്നെ ഭീഷണിപ്പെടുത്തി ജീവിക്കാൻ അനുവദിക്കാത്ത സാഹചര്യമാണുള്ളതെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി വേണമെന്നും റഫീഖ് പറഞ്ഞു.