ശ്രീനിലയം എന്ന വിഷ ഫാക്ടറിയിൽ നിന്ന് രണ്ട് തെളിവുകൾ, ഗ്രീഷ്മയുടെ വീട്ടിലെ തെളിവെടുപ്പിൽ പൊലീസിന് ലഭിച്ചത് ഏറെ സ്വാധീനിക്കുന്ന വിവരങ്ങൾ

പാറശ്ശാല : ഷാരോൺ വധക്കേസിൽ ഇന്ന് നടന്ന തെളിവെടുപ്പിൽ പൊലീസിന് ലഭിച്ചത് നിർണായക തെളിവുകൾ. മുഖ്യപ്രതി ഗ്രീഷ്മയുടെ രാമവർമ്മൻ ചിറയിലെ വീട്ടിലാണ് പൊലീസ് ഇന്ന് പ്രതിയുമായി തെളിവെടുപ്പ് നടത്തിയത്.
രാവിലെ പത്തരയോടെയാണ് പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുവന്നത്. പൊലീസ് നേരത്തെ സീൽചെയ്ത വീട്ടിലെ മുൻവാതിലിലൂടെ കഴിഞ്ഞ ദിവസം അജ്ഞാതൻ അതിക്രമിച്ച് കയറിയിരുന്നു. കയ്യടയാളം ഉൾപ്പടെയുള്ള തെളിവുകൾ നശിക്കാതിരിക്കാൻ അതിനാൽ ഇന്ന് പിൻവാതിലിലൂടെയാണ് ഗ്രീഷ്മയുമായി പൊലീസ് വീട്ടിൽ പ്രവേശിച്ചത്.
ഇന്നത്തെ തെളിവെടുപ്പിൽ ഗ്രീഷ്മ കഷായം ഉണ്ടാക്കിയ പാത്രവും, വിഷത്തിന്റെ ബാക്കിയും പൊലീസ് കണ്ടെടുത്തു. വീട്ടിനുള്ളിൽ വച്ച് ഗ്രീഷ്മയാണ് ഈ തെളിവുകൾ പൊലീസിന് ചൂണ്ടിക്കാട്ടിയത്. ഷാരോണിന് വിഷം ചേർത്ത കഷായം നൽകിയതായും കുറ്റസമ്മതം നടത്തി.ഇന്ന് രാവിലെ പത്തരയോടെ പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുവന്നപ്പോൾ വീടിനും പരിസരത്തും കനത്ത പൊലീസ് സുരക്ഷയാണ് ഏർപ്പെടുത്തിയത്. കേരള പൊലീസിനൊപ്പം തമിഴ്നാട് പൊലീസും സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു. ഗ്രീഷ്മയുടെ അച്ഛനെ പൊലീസ് സ്ഥലത്തെത്തിച്ചു. തെളിവെടുപ്പിനായി ഗ്രീഷ്മയെ എത്തിച്ചതറിഞ്ഞ് പ്രദേശവാസികൾ ഒന്നാകെ വീടിന് സമീപത്തായി തടിച്ചു കൂടിയിരുന്നു.
ഗ്രീഷ്മയുടെ ക്രൂരത അറിഞ്ഞതിന് പിന്നാലെ യുവതിയുടെ വീട് ആക്രമിക്കപ്പെട്ടിരുന്നു. അതിനാൽ ഇന്ന് പ്രതിക്കെതിരെ നാട്ടുകാർ കയ്യേറ്റ ശ്രമം നടത്തിയേക്കും എന്ന രഹസ്യവിവരത്തെ തുടർന്ന് പൊലീസ് ശക്തമായ സുരക്ഷാ സംവിധാനമാണ് ഏർപ്പെടുത്തിയത്.അതേസമയം നേരത്തെ ചോദ്യം ചെയ്യലിനിടെ ഷാരോണിനെ കൊലപ്പെടുത്താനായിരുന്നു ജ്യൂസ് ചലഞ്ച് ആസൂത്രണം ചെയ്തതെന്ന് പ്രതി ഗ്രീഷ്മ സമ്മതിച്ചു.
ഇതിനായി പലവതണ ജ്യൂസിൽ വിഷം കലർത്തി കൊലപ്പെടുത്താൻ ശ്രമിച്ചതായും ഗ്രീഷ്മ മൊഴിനൽകി. കഴിഞ്ഞ ഓഗസ്റ്റ് മുതൽ തമ്മിൽ കാണുമ്പോഴെല്ലാം ഗ്രീഷ്മ ജ്യൂസ് ചലഞ്ച് എന്ന പേരിൽ ഷാരോണിന് ശീതളപാനീയം നൽകാറുണ്ടായിരുന്നു. രണ്ടുപേർക്കുമുള്ള ജ്യൂസ് ഗ്രീഷ്മ തന്നെ കൈയിൽ കരുതും. ഇതിൽ നിറവ്യത്യാസം ഉള്ളതാണ് ഷാരോണിന് നൽകാറുള്ളത്. ഇതിന്റെ ദൃശ്യങ്ങൾ ഷാരോണിന്റെ ഫോണിൽ നിന്ന് ബന്ധുക്കൾക്ക് ലഭിച്ചിരുന്നു. ഇതാണ് കേസ് അന്വേഷണത്തിൽ നിർണായകമായത്.