ജനങ്ങളെ വട്ടം കറക്കി കുറുമാത്തൂർ മിച്ചഭൂമി

തളിപ്പറമ്പ്: കുറുമാത്തൂർ മിച്ചഭൂമിപ്രശ്നം അടിയന്തരമായി പരിഹരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. അല്ലാത്തപക്ഷം താലൂക്ക് ലാൻഡ് ബോർഡ് മെമ്പർ സ്ഥാനം രാജിവയ്ക്കുമെന്ന് സി.പി.എം നേതാവും മുൻപഞ്ചായത്ത് പ്രസിഡന്റുമായ കെ. കൃഷ്ണൻ തളിപ്പറമ്പ് താലൂക്ക് വികസനസമിതി യോഗത്തിൽ പ്രഖ്യാപിക്കുകയും ചെയ്തു.വർഷങ്ങളായി കുറുമാത്തൂരിലെ സാധാരണക്കാരായ ആളുകൾ ഭൂപ്രശ്നത്തിന്റെ പേരിൽ പീഡിപ്പിക്കപ്പെടുകയാണ്.
ഇതു സംബന്ധിച്ച് കർഷകസംഘം നേതാവ് കെ.വി. ബാലകൃഷ്ണൻ കഴിഞ്ഞ താലൂക്ക് വികസനസമിതിയിൽ നൽകിയ പരാതി സംബന്ധിച്ച ചർച്ചയിൽ ഇടപെട്ട് സംസാരിക്കുകയായിരുന്നു കൃഷ്ണൻ.കുറുമാത്തൂർ വില്ലേജിലെ പഴയ സർവേ നമ്പർ 31 ഉൾപ്പെടുന്ന ഭൂമി വ്യാജരേഖ ചമച്ച് തട്ടിയെടുത്ത സംഭവത്തിൽ നിരവധി സിവിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് ആർ.ഡി.ഒ ഇ.പി. മേഴ്സി യോഗത്തെ അറിയിച്ചു.
ഈ സർവേ നമ്പറിൽ നിരവധി പേർക്ക് ലഭിച്ച പട്ടയം കണ്ണൂർ അപ്പലെറ്റ് അതോറിറ്റി പരിഗണിച്ചുവരികയാണെന്നും ഈ ഭൂമിയുടെ ക്രയവിക്രയം പ്രശ്നങ്ങൾ നേരിടുന്നത് ശരിയാണെങ്കിലും അന്തിമമായി കാര്യങ്ങൾ തീരുമാനിക്കാൻ സമയം ആവശ്യമാണെന്നും ആർ.ഡി.ഒ പറഞ്ഞു.എന്നാൽ റവന്യൂ ഉദ്യോഗസ്ഥരിൽ ചിലരുടെ ഒത്താശ ഭൂമാഫിയയ്ക്ക് ലഭിക്കുന്നുണ്ടെന്നായിരുന്നുപരാതിക്കാരുടെ വാദം. പ്രശ്നം സർക്കാറിന്റെ പരിഗണനയിലാണെന്നായിരുന്നു ആർ.ഡി.ഒയുടെ വാദം.
എന്നാൽ മറുവശത്ത് ഇപ്പോഴും ഈ തർക്കഭൂമിക്ക് പട്ടയം നൽിക്കൊണ്ടിരിക്കുകയാണെന്നായിരുന്നു കർഷകസംഘം നേതാക്കളുടെ ആരോപണം.കൂട്ടുംമുഖം പി.എച്ച്.സിയിൽ കിടത്തിചികിത്സ ആരംഭിക്കുന്ന കാര്യത്തിൽ ഡി.എം.ഒ മെല്ലെപ്പോക്ക് നടത്തുകയാണെന്ന് യോഗത്തിൽ ആരോപണം ഉയർന്നു. നാടുകാണി പ്ലാന്റേഷൻ കോർപറേഷൻ എസ്റ്റേറ്റ് ഏറ്റെടുത്ത് വ്യവസായ പാർക്ക് ആരംഭിക്കാൻ നടപടി സ്വീകരിക്കണെമന്ന് അദ്ധ്യക്ഷത വഹിച്ച ജില്ലാ പഞ്ചായത്ത് അംഗം തോമസ് വെക്കത്താനം യോഗത്തിൽ ആവശ്യപ്പെട്ടു.
നഗരസഭാ വൈസ് ചെയർമാൻ കല്ലിങ്കീൽ പദ്മനാഭൻ, ആർ.ഡി.ഒ ഇ.പി.മേഴ്സി, തഹസിൽദാർ പി.സജീവൻ എന്നിവർ യോഗത്തിൽ പങ്കെടുത്തു.സർവേ നമ്പർ 31കുറുമാത്തൂർ വില്ലേജിലെ പഴയ സർവേ നമ്പർ 31 ഉൾപ്പെടുന്ന ഭൂമി വ്യാജരേഖ ചമച്ച് തട്ടിയെടുത്ത സംഭവമാണ് പ്രശ്നത്തിന് ആധാരം. ഈ സർവേ നമ്പറിൽ നിരവധി പേർക്ക് ലഭിച്ചിട്ടുണ്ട്. ഇവ കണ്ണൂർ അപ്പലെറ്റ് അതോറിറ്റി പരിഗണിച്ചുവരികയാണ്. നിലവിൽ ഈ ഭൂമിയുടെ ക്രയവിക്രയം പ്രശ്നങ്ങൾ നേരിടുന്നതാണ് ജനങ്ങളെ വിഷമിപ്പിക്കുന്നത്.