സതീശൻ പാച്ചേനിയുടേത് അചഞ്ചലമായ പാർട്ടിക്കൂറ്: കെ.സി. വേണുഗോപാൽ

Share our post

കണ്ണൂർ: ഏ​റ്റെടുത്ത ചുമതലകൾ ആത്മാർത്ഥതയോടും സത്യസന്ധവുമായി നിറവേ​റ്റാൻ എന്ത് ത്യാഗത്തിനും തയ്യാറായ നേതാവാണ് സതീശൻ പാച്ചേനിയെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. ജില്ലാ കോൺഗ്രസ് കമ്മി​റ്റിയുടെ ആഭിമുഖ്യത്തിൽ മുൻ ഡി.സി.സി പ്രസിഡന്റ് സതീശൻ പാച്ചേനിയുടെ അനുസ്മരണ സമ്മേളനം ഡി.സി.സി ഓഫീസിലെ എൻ. രാമകൃഷ്ണൻ സ്മാരക ഓഡി​റ്റോറിയത്തിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സതീശൻ പാർട്ടിയോടു കാണിച്ച കൂറും അദ്ദേഹത്തിന്റെ നിശ്ചയദാർഢ്യവും പാർട്ടിക്ക് ഒരിക്കലും മറക്കാനാകില്ല. വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്തേക്ക് കടന്നുവന്ന സതീശൻ കയറിയ ഓരോ പടവുകളും കഷ്ടതകളുടെയും യാതനകളുടെതുമാണ്.അദ്ദേഹത്തിന്റെ വിയോഗം മൂലം പാർട്ടിക്കുണ്ടായ നഷ്ടം വിവരണാതീതമാണ്. സതീശനെ പോലെ വളരെ കൃത്യനിഷ്ഠയോടുകൂടി ജീവിതം മുന്നോട്ടുകൊണ്ടു പോയ ഒരാൾക്ക് ഇത് സംഭവിച്ചത് ഏറെ വേദനാജനകമാണ്.

നിഷ്‌കളങ്കവും സുതാര്യവുമായ പ്രവർത്തനമാണ് അദ്ദേഹത്തിന്റേത്. ഒരു വലിയ നേതാവിൽ കാണുന്ന മികവാണ് ചെറുപ്പക്കാരനായ സതീശന്റെ പ്രവർത്തനമെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡന്റ് അഡ്വ. മാർട്ടിൻ ജോർജ്ജ് അദ്ധ്യക്ഷത വഹിച്ചു. മുൻ മന്ത്റി കെ.സി. ജോസഫ്, കെ.പി.സി.സി ജനറൽ സെക്രട്ടറി സോണി സെബാസ്റ്റ്യൻ, സണ്ണി ജോസഫ് എം.എൽ.എ, മേയർ അഡ്വ. ടി.ഒ മോഹനൻ എന്നിവർ സംബന്ധിച്ചു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!