നാദാപുരത്ത് ലീഗ് കേന്ദ്രത്തിൽനിന്ന് ബോംബുകൾ പിടികൂടി

നാദാപുരം : പേരോട് മുസ്ലിംലീഗ് കേന്ദ്രത്തിൽനിന്ന് എട്ട് നാടൻ ബോംബുകൾ പിടികൂടി. മഞ്ഞാംപുറത്ത് സ്രാബിക്ക് സമീപത്തെ സ്വകാര്യവ്യക്തിയുടെ പറമ്പിൽനിന്നാണ് ബോംബുകൾ പിടികൂടിയത്. ശനി പകൽ രണ്ടോടെ കെ..എസ്ഇ. ബി ജീവനക്കാർ കൊടച്ചം വീട്ടിൽ കുഞ്ഞമ്മദിന്റെയും മഞ്ഞാംപുറത്ത് താഴകുനി ജലീലിന്റെയും ഉടമസ്ഥതയിലുള്ള പറമ്പിന്റെ ഇടയിൽ വൈദ്യുതി തൂൺ മാറ്റി സ്ഥാപിക്കുന്നതിനിടയിലാണ് ബോംബ് കണ്ടത്. പറമ്പിന്റെ കയ്യാലയിൽ മണ്ണ് നീക്കി പൈപ്പിനുള്ളിൽ ബോംബുകൾ സൂക്ഷിച്ച നിലയിലായിരുന്നു. നാദാപുരം എസ്ഐ. ശ്രീജിത്തിന്റെ നേതൃത്വത്തിൽ പൊലീസും ബോംബ് സ്ക്വാഡും എത്തി പരിശോധിച്ചു. കസ്റ്റഡിയിലെടുത്ത ബോംബുകൾ ചേലക്കാട് ക്വാറിയിൽ നിർവീര്യമാക്കി.