ആയഞ്ചേരി വല്യശമാൻ നാടകം വീണ്ടും അരങ്ങിലെത്തിക്കാൻ യുവകലാസാഹിതി

Share our post

കണ്ണൂർ: കേരളത്തിലെ സാഹിത്യ-സാംസ്‌കാരിക രംഗങ്ങളിൽ കൃത്യമായ നിലപാടുകളിലൂടെയും ശ്രദ്ധേയമായ രചനകളിലൂടെയും വ്യക്തിമുദ്ര പതിപ്പിച്ച അതുല്യ പ്രതിഭയായിരുന്ന ഡോ.ടി. പി. സുകുമാരൻ മാസ്റ്റർ രചിച്ച ‘ആയഞ്ചേരി വല്യശമാൻ’ നാടകം യുവകലാസാഹിതി ജില്ലാ കമ്മിറ്റി വീണ്ടും അരങ്ങിലേക്ക് എത്തിക്കും.തിങ്കളാഴ്ച വൈകീട്ട് ആറു മണിക്ക് കണ്ണൂർ നവനീതം ഓഡിറ്റോറിയത്തിലാണ് നാടകാവതരണം .

ടി .പവിത്രനാണ് നാടക സംവിധാനം നിർവഹിക്കുന്നത് .33 വർഷങ്ങൾക്ക് ശേഷമാണ് നാടകം വീണ്ടും അരങ്ങിലെത്തുന്നതെന്ന് സംഘാടക സമിതി ചെയർമാൻ അഡ്വ.പി .സന്തോഷ്‌കുമാർ എം.പി പറഞ്ഞു .മികച്ച അധ്യാപകൻ, എഴുത്തുകാരൻ എന്ന നിലയിലും നാടകം, നിരൂപണം, പരിസ്ഥിതി, സംഗീതം തുടങ്ങിയ രംഗങ്ങളിലും തൻ്റേതായ ഇടം സൃഷ്ടിച്ചിരുന്ന ടി.പി.സുകുമാരൻ യുവകലാസാഹിതിയുടെ മുൻ സംസ്ഥാന പ്രസിഡന്റുമായിരുന്നു.

വെള്ളരിനാടകം എന്ന് വിശേഷിപ്പിച്ച് സുകുമാരൻ മാസ്റ്റർ എഴുതിയ ആയഞ്ചേരി വല്യശമാൻ മലബാറിലെ നാടൻ കലകളുടെയും നാട്ടു സംസ്കൃതിയുടെയും ജനകീയ പൈതൃകത്തെ ഉൾക്കൊണ്ടവയായിരുന്നു.നാടകം വീണ്ടും അവതരിപ്പിക്കുന്നത് ടി.പി.സുകുമാരൻ മാസ്റ്റർക്കുള്ള സ്മരണാഞ്ജലി കൂടിയാണ്. അന്ന് ഇതേ നാടകത്തിൽ അഭിനയിച്ച പല പ്രമുഖരായ കലാകാരന്മാരും വീണ്ടും അരങ്ങിലെത്തുന്നുണ്ട്.

യുവകലാസാഹിതി സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണൻ പുനരവതരണത്തിന്റെ ഉദ്‌ഘാടനം നിർവഹിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി ഇ. എം.സതീശൻ ഉൾപ്പടെയുള്ളവർ ചടങ്ങിൽ പങ്കെടുക്കും. ‘ആയഞ്ചേരി വല്യശമാൻ ‘ പരമാവധി വേദികളിൽ അവതരിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് യുവകലാസാഹിതി ജില്ലാ കമ്മിറ്റി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!