കുട്ടിയെ ചവിട്ടിയ സംഭവം: പ്രതിയെ വിട്ടയച്ചത് സി.പി.എം നേതാവിന്റെ ഇടപെടലിലെന്ന് കോൺഗ്രസ്

Share our post

കണ്ണൂർ: അതിഥിത്തൊഴിലാളിയുടെ 6 വയസ്സുള്ള മകനെ കാറിൽ ചാരിനിന്നതിന്റെ പേരിൽ ചവിട്ടിത്തെറിപ്പിച്ച സംഭവത്തില്‍ പൊലീസ് സ്വീകരിച്ച നടപടിയിൽ രാഷ്ട്രീയ ഇടപെടൽ ഉണ്ടായെന്ന ആരോപണവുമായി കോൺഗ്രസ്. ഉന്നത സിപിഎം നേതാവിന്റെ ഇടപെടലാണ് രാത്രിയിൽ തന്നെ പ്രതിയെ വിട്ടയയ്ക്കാൻ കാരണമായതെന്ന് കണ്ണൂർ ഡിസിസി പ്രസിഡന്റ് മാർട്ടിൻ ജോർജ് പറഞ്ഞു.

‘ഞാനല്ലല്ലോ ചവിട്ടിയതെന്ന ഒരു നേതാവിന്റെ പരാമർശം കൂട്ടിവായിക്കണ’മെന്നും പൊലീസ് വീഴ്ച അന്വേഷിക്കണമെന്നും മാർട്ടിൻ ജോർജ് ആവശ്യപ്പെട്ടു.വ്യാഴാഴ്ച രാത്രിയിൽ തന്നെ ഷിഹാദിനെയും വാഹനവും കസ്റ്റഡിയിലെടുത്ത പൊലീസ് കേസ് റജിസ്റ്റർ ചെയ്യാതെ വിട്ടയച്ചിരുന്നു. പ്രതിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉള്ളതുകൊണ്ടാണ് രാത്രിയിൽ വീട്ടിലേക്ക് അയച്ചതെന്നാണ് പൊലീസിന്റെ വിശദീകരണം.

സംഭവത്തിന്റെ വിഡിയോ ദൃശ്യങ്ങൾ പ്രചരിച്ചതിനു പിന്നാലെയാണ് പൊലീസ് ഇന്നലെ ഷിഹാദിനെ അറസ്റ്റ് ചെയ്തത്. മാധ്യമങ്ങളിൽ വാർത്ത വന്നപ്പോൾ മാത്രമാണ് പൊലീസ് കേസ് റജിസ്റ്റർ ചെയ്യാൻ തയാറായതെന്നും ആരോപണം ഉയർന്നിരുന്നു. ഇക്കാര്യം പരിശോധിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഡിജിപിയും ആവശ്യപ്പെട്ടിരുന്നു. ഈ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാകും ഉദ്യോഗസ്ഥതലത്തിലെ തുടർനടപടികൾ.അതേസമയം, മുഹമ്മദ് ഷിഹാദിന്റെ ജാമ്യാപേക്ഷ തലശ്ശേരി കോടതി ഇന്ന് പരിഗണിക്കും. വാഹനം തെറ്റായ സ്ഥലത്ത് പാർക്കു ചെയ്തത് അടക്കമുള്ള കാര്യങ്ങൾ കണക്കിലെടുത്ത് ഷിഹാദിന്റെ ലൈസൻസ് റദ്ദാക്കാൻ മോട്ടോർ വാഹന വകുപ്പ് നടപടി തുടങ്ങി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!