ഗുജറാത്ത് തിരഞ്ഞെടുപ്പ് 2 ഘട്ടം; ഡിസംബർ 1നും 5നും വോട്ടെടുപ്പ്, വോട്ടെണ്ണൽ എട്ടിന്

Share our post

ന്യൂഡൽഹി : ഗുജറാത്ത്നിയമസഭാ തിരഞ്ഞെടുപ്പ് ഇത്തവണ രണ്ടു ഘട്ടമായി നടത്തുമെന്ന് തിരഞ്ഞെടുപ്പ് കമ്മിഷൻ. ഡിസംബർ ഒന്നിന് ഒന്നാം ഘട്ട വോട്ടെടുപ്പും അഞ്ചിന് രണ്ടാം ഘട്ട വോട്ടെടുപ്പും നടക്കും. ഡിസംബർ എട്ടിനാണ് വോട്ടെണ്ണൽ. അന്നു തന്നെയാണ് ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെയും വോട്ടെണ്ണൽ. ഡൽഹിയിൽ ഉച്ചയ്ക്ക് 12 മണിയോടെ നടത്തിയ വാർത്താ സമ്മേളനത്തിൽ മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ രാജീവ് കുമാറാണ് തിരഞ്ഞെടുപ്പു തീയതി പ്രഖ്യാപിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മാതൃസംസ്ഥാനമായ ഗുജറാത്തിലെ മോർബിയിൽ തൂക്കുപാലം തകർന്ന് 135 പേർ മരിച്ചത് വൻ രാഷ്ട്രീയ വിവാദമായിരിക്കെയാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ആകെ 182 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്. കേവല ഭൂരിപക്ഷത്തിനു വേണ്ടത് 92 സീറ്റുകൾ. 2017ലെ വാശിയേറിയ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് 99 സീറ്റുകളും കോൺഗ്രസിന് 77 സീറ്റുകളുമാണ് ലഭിച്ചത്. മറ്റുപാർട്ടികൾക്ക് ആറു സീറ്റുകളും ലഭിച്ചു. തിരഞ്ഞെടുപ്പിനു ശേഷം കോൺഗ്രസ് അംഗങ്ങളിൽ ചിലർ പലപ്പോഴായി ബിജെപിയിലേക്കു ചേക്കേറിയതോടെ നിലവിൽ ബിജെപിക്ക് 111 സീറ്റുകളാണുള്ളത്.

കോൺഗ്രസിന് 62 സീറ്റുകളും മറ്റുള്ളവർക്ക് നാലു സീറ്റുകളുമുണ്ട്. അഞ്ച് സീറ്റുകൾ നിലവിൽ ഒഴിഞ്ഞുകിടക്കുകയാണ്.കാൽനൂറ്റാണ്ടോളമായി ബിജെപിയാണ് ഇവിടെ അധികാരത്തിലെങ്കിലും, തിരഞ്ഞെടുപ്പിനു തൊട്ടുമുൻപു സംഭവിച്ച മോർബി തൂക്കുപാല ദുരന്തം സർക്കാരിനെ പ്രതിരോധത്തിലാക്കുന്നുണ്ട്. അഴിമതയും കെടുകാര്യസ്ഥതയുമാണ് അപകടത്തിലേക്ക് നയിച്ചതെന്ന ആരോപണവുമായി പ്രതിപക്ഷവും സജീവമാണ്. ഗുജറാത്തിലും വേരുറപ്പിക്കാൻ ശ്രമിക്കുന്ന ആംആദ്മി പാർട്ടി സൃഷ്ടിക്കുന്ന വെല്ലുവിളിയും ബിജെപിക്കു മുന്നിലുണ്ട്.

ഈ വർഷമാദ്യം പഞ്ചാബിൽ നേടിയ മിന്നുന്ന വിജയത്തിന്റെ ആവർത്തനമാണ് ആംആദ്മി പാർട്ടി ഗുജറാത്തിലും മോഹിക്കുന്നത്. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തകർപ്പൻ പ്രപകടനം പുറത്തെടുത്ത കോൺഗ്രസും ഇത്തവണ പ്രതീക്ഷയിലാണ്. സമീപകാലത്ത് കോൺഗ്രസിന്റെ ഏറ്റവും മികച്ച പ്രകടനമാണ് തിരഞ്ഞെടുപ്പിൽ ഉണ്ടായതെങ്കിലും, ബിജെപി അധികാരം നിലനിർത്തുകയായിരുന്നു. ആംആദ്മി പാർട്ടിയെയും അസദുദ്ദീൻ ഒവൈസിയുടെ എഐഎംഐഎമ്മിനെയും ബിജെപിയുടെ ‘ബി ടീമാ’യി വിശേഷിപ്പിച്ചാണ് കോൺഗ്രസിന്റെ പ്രചാരണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!