കൃഷ്‌ണഗിരിക്കടുത്ത് കടുവ വീണ്ടും ആടിനെ കൊന്നു

മീനങ്ങാടി: കൃഷ്‌ണഗിരിക്കടുത്ത് കടുവ വീണ്ടും ആടിനെ കടിച്ചുകൊന്നു. കുമ്പളേരി കൊടശേരിക്കുന്ന് പുതിയമറ്റം ഷിജുവിന്റെ ആടിനെയാണ് തിങ്കൾ രാത്രി കടുവ കൂട്ടിൽ നിന്നും പിടികൂടി കൊന്നത്. ഞായർ രാത്രിയും ഇതിനടുത്ത് പാതിരിക്കവല ജിഷയുടെ ആട്ടിൻകുട്ടിയെ കടുവ കൊന്നിരുന്നു. പ്രദേശത്ത് ഒരുമാസത്തിലേറെയായി കടുവ ശല്യമുണ്ട്.
ഇതിനകം എട്ട് ആടുകളെയാണ് കടുവ കൊന്നത്. നാല് ആടുകളെ പരിക്കേൽപ്പിച്ചു. നാലിടത്ത് കടുവയെ പിടികൂടാൻ കൂടുകൾ വച്ചിട്ടുണ്ടെങ്കിലും കടുവ കൂട്ടിൽ അകപ്പെടുന്നില്ല. പ്രദേശത്ത് ഒന്നിലേറെ തവണ വനപാലകരും നാട്ടുകാരും കൂട്ടമായി കടുവയെ തെരഞ്ഞെങ്കിലും കണ്ടെത്താനായില്ല.