മ്യൂസിയത്തിൽ വനിതാ ഡോക്‌ടർക്ക് നേരെയുണ്ടായ ആക്രമണം; പ്രതിയെ തിരിച്ചറിഞ്ഞു

Share our post

തിരുവനന്തപുരം: മ്യൂസിയത്തിനു സമീപം പ്രഭാതസവാരിക്കെത്തിയ വനിതാ ഡോക്ടർക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ സംഭവത്തിൽ പ്രതിയെ തിരിച്ചറിഞ്ഞു. ഇയാൾ പൊലീസ് നിരീക്ഷണത്തിലാണ്. പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.കുറവൻകോണത്തെ വീടുകളിൽ അതിക്രമം നടത്തിയതും വനിതാ ഡോക്ടറെ ആക്രമിച്ചതും ഒരാൾ തന്നെയാണെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ ബുധനാഴ്‌ചയാണ് വനിതാ ഡോക്ടർക്ക് നേരെ അതിക്രമമുണ്ടായത്.

പുലർച്ചെ മ്യൂസിയത്തിന്റെ പ്രധാന ഗേറ്റിന് സമീപമായിരുന്നു സംഭവം.കാറിലെത്തിയ ആളാണ് തന്നെ ആക്രമിച്ചതെന്ന് പരാതിക്കാരി വ്യക്തമാക്കിയിരുന്നു. ഡോക്ടർ ഒച്ചവച്ചതോടെ പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. പ്രതിയുടേതെന്ന് കരുതുന്ന വാഹനവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിനൊടുവിലാണ് ഇയാളെ തിരിച്ചറിഞ്ഞതെന്നാണ് വിവരം. കുറവൻകോണത്തെ വീടുകളിലും ഹോസ്റ്റലിലുമൊക്കെയാണ് പ്രതിയെത്തയത്. വിക്രംപുരം ഹിൽ റസിഡന്റ്സ് അസോസിയേഷനിൽ താമസിക്കുന്ന അശ്വതി അനിലിന്റെ വീട്ടിൽ ഒക്‌ടോബർ 25നാണ് അജ്ഞാതൻ എത്തിയത്.

ചുറ്റികയുമായി എത്തി പൂട്ടുപൊളിച്ചു മോഷണത്തിന് ശ്രമിച്ചെന്ന് കാണിച്ച് വീട്ടുകാർ പരാതി നൽകിയിരുന്നു. അക്രമി എത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെ ശനിയാഴ്ച അ‌‌ർദ്ധരാത്രിയോടെ ഇതേ വീട്ടിൽ വീണ്ടും അജ്ഞാതൻ എത്തിയിരുന്നു. തന്നെ തിരിച്ചറിയാൻ സഹായിച്ച കാമറ ഇയാൾ അടിച്ചുതകർക്കുകയും ചെയ്‌തിരുന്നു.കഴിഞ്ഞ ഞായറാഴ്ച രാത്രി കുറവൻകോണത്തെ വനിതാ ഹോസ്റ്റലിലും അ‌ജ്ഞാതനെത്തിയിരുന്നു. പേരൂർക്കട സി ഐയും സംഘവും സ്ഥലത്തെത്തി തെരച്ചിൽ നടത്തിയിരുന്നെങ്കിലും ഇയാളെ കണ്ടെത്താൻ സാധിച്ചിരുന്നില്ല.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!