വിമാനത്താവളം നാലുവരി പാത: സർവേക്കെതിരെ പ്രതിഷേധം

കൂത്തുപറമ്പ്: തലശ്ശേരി – മമ്പറം – അഞ്ചരക്കണ്ടി എയർപോർട്ട് റോഡിന്റെ സർവേക്കെതിരെ പ്രതിഷേധം. പഴയ മമ്പറം പാലത്തിനടുത്ത് സർവേ നടത്താനുള്ള ശ്രമം ഒരു വിഭാഗം തടഞ്ഞു. തിങ്കളാഴ്ച രാവിലെയാണ് ഉദ്യോഗസ്ഥ സംഘത്തെ ഒരു വിഭാഗം തടഞ്ഞത്. മുന്നറിയിപ്പില്ലാതെ റോഡ് സർവേ നടത്തുന്നതിലായിരുന്നു പ്രതിഷേധം.
7 മീറ്ററോളം വീതിയുള്ള തലശ്ശേരി – മമ്പറം – അഞ്ചരക്കണ്ടി റോഡ് 24 മീറ്റർ ആയി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു സർവേ. പുതിയ സർവേ അനുസരിച്ച് പള്ളിയും മദ്രസയും ഉൾപ്പെടെ പൊളിക്കേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. ഈ സാഹചര്യത്തിലാണ് പ്രതിഷേധവുമായി ഒരു വിഭാഗം രംഗത്തെത്തിയത്.
അതേസമയം കേരള റോഡ് ഫണ്ട് ബോർഡ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ മറ്റ് ഭാഗങ്ങളിൽ കുറ്റിയടിച്ചു. പ്രതിഷേധത്തെ തുടർന്ന് ചെറിയ ഭാഗം മാറ്റിവച്ചുകൊണ്ടാണ് സർവ്വേ നടപടികൾ പൂർത്തിയാക്കുന്നത്. പിണറായി എസ്.ഐ .ബി.എസ്. ബാവിഷിന്റെ നേതൃത്വത്തിൽ പൊലീസ് സംഘവും സ്ഥലത്തുണ്ടായിരുന്നു. മുന്നറിയിപ്പില്ലാതെയാണ് സർവേ നടത്തുന്നതെന്നും തങ്ങൾക്ക് യുക്തിപരമായ തീരുമാനം എടുക്കാൻ സമയം അനുവദിക്കണമെന്നുമാണ് പ്രതിഷേധക്കാരുടെ വാദം. മമ്പറം ജുമാ മസ്ജിദ് കൺവീനർ നിസാർ, പ്രസിഡന്റ് ആസൂട്ടി ഹാജി, മുസ്തഫ ലത്തീഫി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.