വാഹനത്തിൽ അമിതഭാരം 17.12 ലക്ഷം പിഴ ഈടാക്കി
കണ്ണൂർ: വാഹനത്തിലെ അമിതഭാര പരിശോധന ശക്തമാക്കിയതോടെ ജില്ലയിൽ നാലുമാസത്തിനിടെ പിഴയായി ഈടാക്കിയത് 17,12,700 രൂപ. ജൂൺ മുതൽ സെപ്‌തംബർ വരെയുള്ള കണക്കാണിത്. 6234 ഭാരവാഹനങ്ങൾ പരിശോധിച്ചതിൽ 5142 വാഹനങ്ങൾക്ക് പിഴയീടാക്കി.
ജൂണിൽ 1325 വാഹനങ്ങളിൽനിന്നായി 4,98,250 രൂപയും ജൂലൈയിൽ 1293 വാഹനങ്ങളിൽ നിന്നായി 4,07,000 രൂപയും ആഗസ്‌തിൽ 1398 വാഹനങ്ങളിൽനിന്ന് 4,27,300 രൂപയും സെപ്‌തംബറിൽ 1126 വാഹനങ്ങളിൽനിന്ന് 3,80,150 രൂപയുമാണ് പിഴയായി ഈടാക്കിയത്.ആറുചക്രവാഹനങ്ങൾക്ക് 18 ടണ്ണും പത്തുചക്രവാഹനങ്ങൾക്ക് 28 ടണ്ണുമാണ് വാഹനത്തിന്റെ ഭാരമടക്കം അനുവദിച്ചിട്ടുള്ളത്. അമിതഭാരത്തിന് ചുരുങ്ങിയത് 2,000 രൂപയും കൂടുതലുള്ള ഓരോ ടണ്ണിനും ആയിരം രൂപയുമാണ് പിഴ.
രാവിലെ എട്ടുമുതൽ 9.30 വരെയും പകൽ മൂന്നുമുതൽ 4.30 വരെയുമാണ് ഭാരവാഹങ്ങൾക്ക് ഗതാഗത നിയന്ത്രണം. ഈ സമയത്ത് വഴിതിരിച്ചുവിടാൻ സാധിക്കുന്ന ഇടങ്ങളിൽ ഭാരവാഹനങ്ങളെ വഴിതിരിച്ചുവിടുകയും അല്ലാത്തിടങ്ങളിൽ പിടിച്ചിടുകയുമാണ് ചെയ്യുന്നത്. മിനി ലോറി, ടിപ്പർ ലോറി തുടങ്ങിയവയാണ് കൂടുതലും പരിശോധിച്ചത്. പരിശോധന ശക്തമാക്കിയതിലൂടെ നഗരത്തിൽ ഗതാഗതക്കുരുക്ക് കുറയുന്നുണ്ടെന്ന് ജില്ലാ പോലീസ് മേധാവി ആർ ഇളങ്കോ പറഞ്ഞു.