ഇവിടെയുണ്ട്, ഇഴഞ്ഞനുഗ്രഹിക്കുന്ന മുതലത്തെയ്യം

Share our post

ശ്രീകണ്ഠപുരം: കാവുകളും തെയ്യങ്ങളും ഏറെയുണ്ടെങ്കിലും ഇഴഞ്ഞനുഗ്രഹിക്കുന്ന മുതലത്തെയ്യം ഇവിടെയാണുള്ളത്. നടുവിൽ പോത്തുകുണ്ട് വീരഭദ്രസ്വാമി ക്ഷേത്രത്തിലാണ് പത്താമുദയ നാളിൽ തൃപ്പണ്ടാറത്തമ്മയെന്ന മുതലത്തെയ്യം കെട്ടിയാടുന്നത്. തെയ്യം കാണാനെത്തിയവർക്കെല്ലാം ഇഴഞ്ഞെത്തിയാണ് അമ്മ അനുഗ്രഹം നൽകിയത്. അത്യപൂർവമായി മാത്രം കാവുകളിൽ കെട്ടിയാടുന്ന തെയ്യമാണിത്.

വേറിട്ട കാഴ്ചയും വിശ്വാസവുമുള്ളതിനാൽ നൂറുകണക്കിനാളുകളാണ് പോത്തുകുണ്ടിലെ ദേവസ്ഥാനത്തെത്തിയിരുന്നത്. മുതലത്തെയ്യവും ചടങ്ങുകളും ഏറെ പ്രത്യേകതകളുള്ളതാണ്. തുലാം പത്തിനുതന്നെ പതിവുതെറ്റാതെ ക്ഷേത്രത്തിൽ ഈ തെയ്യം കെട്ടിയാടാറുണ്ട്.

വ്രതശുദ്ധിയോടെ മാവിലൻ സമുദായക്കാരാണ് തെയ്യം കെട്ടുന്നത്. കെട്ടിയാടുന്ന സമയത്ത് ഇലത്താളത്തിന്റെ അകമ്പടിയോടെ തോറ്റം ചൊല്ലുന്ന പതിവ് ഈ തെയ്യത്തിന് മാത്രമുള്ള പ്രത്യേകതയാണെന്ന് കോലധാരികൾ പറയുന്നു.

മുതലയെപ്പോലെ ഇഴഞ്ഞ് ക്ഷേത്രം വലംവെക്കുന്ന തെയ്യം കെട്ടിയാടുന്ന സമയമത്രയും ഇഴഞ്ഞുതന്നെയാണ് ഭക്തർക്ക് അനുഗ്രഹം നൽകുന്നത്. മുഖത്തെഴുത്തിന് വട്ടക്കണ്ണും തലപ്പാടി ചെന്നിമലർ മുടിയും കാണിമുണ്ട്‌ ചുവപ്പുമാണ്‌. കുരുത്തോലക്കുപകരം കവുങ്ങിന്റെ ഓലയാണ്‌ ഉടയാട. തലയിലെ പാള എഴുത്തിന്‌ തേൾ, പല്ലി, പാമ്പ്‌, പഴുതാര, ആമ തുടങ്ങിയ ഇഴജീവികളെയാണ് വരക്കുന്നത്.

തൃപ്പാണ്ടറത്തെ ക്ഷേത്രത്തിൽ നിത്യപൂജ ചെയ്‌തിരുന്ന പൂജാരി എത്താതിരുന്നതിനാൽ പൂജക്ക് മുടക്കം വരുമെന്ന അവസ്ഥയുണ്ടായെന്നും അന്ന് പുഴയിൽ ചൂണ്ടയിടുകയായിരുന്ന ആദി തോയാടനെ മുതല ക്ഷേത്രത്തിൽ എത്തിച്ചുവെന്നും പൂജ മുടങ്ങാതെ കാത്തു എന്നുമാണ്‌ ഐതിഹ്യം.

മുതലയായി എത്തിയത്‌ തൃപ്പാണ്ടറത്തമ്മയാണെന്നാണ്‌ വിശ്വാസം. പൂജക്ക് വൈകിയെത്തിയ ബ്രാഹ്മണനെ പുറത്തിരുത്തി പുഴകടത്തി ക്ഷേത്രത്തിലേക്ക് കൊണ്ടുവന്ന മുതലയുമായി ബന്ധപ്പെട്ട മറ്റൊരു കഥയും പ്രചാരത്തിലുണ്ട്. ഇഴജീവി ശല്യത്തിൽനിന്ന്‌ രക്ഷനേടാൻ മുതലദൈവത്തെ വിളിച്ചാൽ മതിയെന്നാണ്‌ പഴമക്കാരുടെ വിശ്വാസം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!