സുരക്ഷാ സംവിധാനങ്ങളില്ല; സ്കൂളിന് മുന്നിൽ കുട്ടികൾക്ക് അപകട യാത്ര

Share our post

കണ്ണാടിപ്പറമ്പ് : സ്കൂളിന് മു‍ൻവശം റോഡിൽ മതിയായ സുരക്ഷ സംവിധാനങ്ങളില്ല; വാഹനങ്ങൾ ചീറിപ്പായുന്ന പ്രധാന റോഡ് കടന്ന് വിദ്യാർഥികൾ സ്കൂളിൽ എത്തുന്നത് ഭീതിയോടെ. കണ്ണാടിപ്പറമ്പ് ഗവ. ഹയർസെക്കൻഡറി സ്കൂളിനു മുൻവശം പ്രധാന റോഡിലാണ് സ്കൂളിന് സമീപം ഒരുക്കേണ്ട സുരക്ഷ സംവിധാനങ്ങൾ ഇല്ലാത്തത് കാരണം വിദ്യാർഥികൾ ഭീതിയോടെ യാത്ര ചെയ്യുന്നത്.

വർഷങ്ങൾക്ക് മുൻപ് റോഡ് മെക്കാഡം ടാറിങ് നടത്തിയപ്പോൾ സ്കൂളിനു മുൻവശം സീബ്രാ ലൈൻ ഉണ്ടായിരുന്നു. എന്നാൽ അധികം വൈകാതെ തന്നെ ലൈൻ മാഞ്ഞ് പോയി. സീബ്രാ ലൈൻ പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ട അധികൃതർക്ക് ഒട്ടേറെ തവണ പരാതികൾ നൽകിയെങ്കിലും ഫലമുണ്ടായില്ല. വിദ്യാർഥികൾക്ക് സ്കൂളിലേക്കും തിരിച്ച് വീട്ടിലേക്കും എത്താൻ അധ്യാപകർ കണ്ണും കാതും കൂർപ്പിച്ചു റോഡിൽ കാവൽ നി‍ൽക്കേണ്ട അവസ്ഥയാണ്.

കൂടാതെ സ്കൂളിന് സ്വന്തമായി കളി സ്ഥലം ഇല്ലാത്തത് കാരണം കുട്ടികൾ എതിർ ദിശയിലുള്ള അമ്പല മൈതാനിയിൽ എത്തുന്നതിനും അധ്യാപകർ സഹായിക്കേണ്ട അവസ്ഥയാണ്. ഇവിടെ ‌കഴിഞ്ഞ മാസം രണ്ട് വിദ്യാർഥികൾക്ക് വാഹനാപകടത്തിൽ പരുക്കേറ്റിരുന്നു. കൂടാതെ ഒട്ടേറെ അപകടങ്ങൾ ഈ റോഡിൽ നടന്നിട്ടുണ്ടെന്ന് നാട്ടുകാർ പറയുന്നു.

സ്കൂളിനു മുൻവശത്തെ വീതി കുറഞ്ഞ റോഡിൽ മതിയായ സുരക്ഷ സംവിധാനങ്ങൾ ഒരുക്കണമെന്ന് ഒട്ടേറെ തവണ ബന്ധപ്പെട്ട അധികൃതരോട് ആവശ്യപ്പെട്ടിരുന്നെങ്കിലും ഫലമുണ്ടായിട്ടില്ല. കണ്ണൂർ വിമാനത്താവളത്തിലേക്കുള്ള എളുപ്പ മാർഗമായതിനാൽ വാഹനങ്ങളുടെ എണ്ണം കൂടിവരികയാണ്. സ്കൂളിന് സമീപത്തായി ഇരുഭാഗത്തും വേഗനിയന്ത്രണ സംവിധാനങ്ങൾ സ്ഥാപിക്കുകയും, മുൻവശം സീബ്രാലൈൻ വരയ്ക്കുകയും വേണം.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!