ഓൺലൈൻ തട്ടിപ്പിലൂടെ മലയാളികളെ പറ്റിച്ച് അജിത് കുമാർ നേടിയത് കോടികൾ

Share our post

തൃശൂർ: സൈബർ കുറ്റകൃത്യങ്ങളിലേറെയും ജാർഖണ്ഡ് കേന്ദ്രീകരിച്ചാണെന്നും ഇവിടത്തെ ഗ്രാമങ്ങളിൽ നിന്നാണ് ഭൂരിഭാഗം തട്ടിപ്പുകളുടെ തുടക്കമെന്നും പൊലീസ്. ഓൺലൈനിലൂടെ ആളുകളെ കബളിപ്പിച്ച് വൻതുകകൾ തട്ടിയെടുക്കുന്ന സംഘത്തിലെ പ്രധാനിയായ ജാർഖണ്ഡിലെ ധൻബാദിലെ അജിത് കുമാർ മണ്ഡലിനെ(22 ) തൃശൂർ റൂറൽ സൈബർ ക്രൈം ടീം ജാർഖണ്ഡിൽ നിന്ന് അറസ്റ്റ് ചെയ്തതോടെയാണ് വിവരങ്ങൾ ലഭിച്ചത്.തട്ടിപ്പ് നടത്തുന്നവർ പ്‌ളസ്ടു വരെ പഠിച്ചിട്ടുള്ളവരാണെങ്കിലും ബി.ടെക് തുടങ്ങിയ ടെക്‌നിക്കൽ കോഴ്‌സുകൾ കഴിഞ്ഞവരാണ് സൂത്രധാരൻമാർ.

തട്ടിപ്പിനാവശ്യമായ സാങ്കേതിക കാര്യങ്ങൾക്ക് പരിശീലനം കൊടുക്കുന്നത് ഇവരാണ്. അതിന് കമ്മിഷൻ പറ്റും. തട്ടിപ്പ് നടത്തുന്നവർ അറിയപ്പെടുന്ന പേരാണ് സൈബർ വാലാകൾ. ആഡംബര സൗകര്യങ്ങളിൽ ജീവിക്കുന്ന ഇവരെ ഗ്രാമവാസികൾക്ക് വ്യക്തമായി അറിയാമെങ്കിലും പേടി മൂലം പുറത്ത് പറയാറില്ല.ഓൺലൈൻ പണം തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട പ്രതിയെ പെട്ടെന്ന് പിടികൂടാനായത് ജാർഖണ്ഡിലെ ജില്ലാ പൊലീസ് മേധാവിയായ രേഷ്മ രമേഷ് എന്ന വനിതാ ഐ.പി.എസ് ഓഫീസറുടെ ഇടപെടലിലായിരുന്നു. കണ്ണൂർ തലശ്ശേരി സ്വദേശിയാണ് ജില്ലാ പൊലീസ് മേധാവി രേഷ്മ രമേഷ്.

പ്രതികൾക്കായി തൃശൂർ റൂറൽ സൈബർ ക്രൈം പൊലീസ് ടീം തൃശൂരിൽ നിന്ന് പുറപ്പെടുന്ന സമയം തന്നെ റൂറൽ ജില്ലാ പൊലീസ് മേധാവി ഐശ്വര്യ ഡോംഗ്രെ ജാർഖണ്ഡ് ജില്ലാ പൊലീസ് മേധാവിയായ രേഷ്മ രമേഷിനെ ഫോണിൽ ബന്ധപ്പെട്ട് സഹായം അഭ്യർത്ഥിച്ചിരുന്നു.രണ്ട് ജില്ലാ പൊലീസ് മേധാവികളുടെ സംയുക്തമായ ഇടപെടൽ അന്വേഷണം ത്വരിതപ്പെടുത്താനും പ്രതിയെ അറസ്റ്റു ചെയ്യുവാനും സഹായകമായി. പ്രശ്‌നബാധിത പ്രദേശമായതിനാൽ അന്വേഷണത്തിന് കേരള പൊലീസിനെ സഹായിക്കാൻ ജാർഖണ്ഡിലെ സൈബർ പൊലീസ് സംഘങ്ങൾ സ്ഥലത്തുണ്ടായിരുന്നു.

ചെറുപ്പത്തിലേ സമ്പന്നൻ
22 വയസ്സിനുള്ളിൽ പ്രതിക്ക് ബംഗളൂരു, ഡൽഹി എന്നിവിടങ്ങളിലായി പതിമൂന്നോളം ആഡംബര വീടുകളും ധൻബാദിലെ തുണ്ടിയിൽ 4 ഏക്കറോളം സ്ഥലവും സമ്പാദ്യമായുണ്ടായിരുന്നു. ജാർഖണ്ഡിൽ ഏക്കറുകളോളം കൽക്കരി ഖനികളുമുണ്ട്. പ്രതിക്ക് രണ്ട് പേഴ്‌സണൽ ബാങ്ക് അക്കൗണ്ടുകളും വെസ്റ്റ് ബംഗാൾ വിലാസത്തിലുള്ള 12 ഓളം ബാങ്ക് അക്കൗണ്ടുകളുമുണ്ട്.

‘മേം സൈബർ വാലാ നഹീ ഹും’.
ഓൺലൈൻ പണം തട്ടിപ്പുമായി ബന്ധപ്പെട്ട് മൊബൈൽ നമ്പറിന്റെ ടവർ ലൊക്കേഷൻ പിൻതുടർന്ന് ജാർഖണ്ഡിലെ ഗ്രാമപ്രദേശങ്ങളിലെത്തിയ തൃശൂർ റൂറൽ സൈബർ പൊലീസ് അംഗങ്ങൾ അക്ഷരാർത്ഥത്തിൽ ആശയക്കുഴപ്പത്തിലായി. ചുറ്റും മാവോയിസ്റ്റ് സാന്നിദ്ധ്യമുള്ള നിബിഡ വനം. ഒറ്റപ്പെട്ട ചെറിയ വീടുകൾ. ചെറിയ വീടുകൾക്കിടയിൽ കാണപ്പെട്ട ആഡംബര വീട് പൊലീസിന് കൗതുകമായി.

ആ വീടിന്റെ മുന്നിൽ മറ്റ് ഗ്രാമവാസികളിൽ നിന്ന് വേറിട്ട് ആധുനിക രീതിയിൽ വസ്ത്രം ധരിച്ച് കാണപ്പെട്ട ചെറുപ്പക്കാരനിൽ സംശയം തോന്നുകയും പൊലീസിനോട് എന്തെങ്കിലും ചോദിക്കുന്നതിന് മുൻപ് ആ ചെറുപ്പക്കാരൻ പറഞ്ഞ മറുപടി ‘മേം സൈബർ വാലാ നഹീ ഹും’ എന്നായിരുന്നു.പ്രതിയെ പറ്റി ചോദിച്ചപ്പോൾ ഭയന്ന ചെറുപ്പക്കാരൻ ആഡംബര വീട്ടിലേക്ക് വിരൽ ചൂണ്ടി. താനാണ് വീട് കാണിച്ച് തന്നതെന്ന് ആരോടും പറയരുതെന്നും തന്നെ അവർ കൊന്നു കളയുമെന്നും ചെറുപ്പക്കാരൻ പൊലീസിനോട് പറയുകയായിരുന്നു. അങ്ങനെയാണ് പ്രതിയെ കുടുക്കാനായത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!