വീടുകളിൽ വെള്ളിത്തിര; സിഡികൾ അരങ്ങൊഴിഞ്ഞു

Share our post

കണ്ണൂർ: ടാക്കീസുകൾ സ്വീകരണമുറിയിലായതോടെയാണ്‌ സിഡികൾ പടിക്കുപുറത്തായത്‌. കണ്ണടച്ചു തുറക്കുംമുമ്പേയായിരുന്നു പിന്നോട്ടടി. കോവിഡ്‌ കാലത്തെ അടച്ചിടൽകൂടിയായതോടെ പൂർണമായും സിഡികൾ അരങ്ങൊഴിഞ്ഞു. പതിറ്റാണ്ടുകൾ തുടർന്ന കാസറ്റുകളുടെ രാജവാഴ്‌ചയ്‌ക്ക്‌ മങ്ങലേൽപ്പിച്ചാണ്‌ സിഡികളെത്തിയത്. സാങ്കേതികമികവ്‌ പെട്ടെന്ന്‌ സ്വീകാര്യത നൽകി. സിനിമകൾ വീഡിയോ കാസറ്റുകളിൽനിന്ന്‌ സിഡിയിലേക്ക്‌ മാറിയത് വിപ്ലവംതന്നെയായിരുന്നു. ജനപ്രിയ സിനിമകൾ തിയറ്ററുകളിൽനിന്ന് കണ്ടവരും സിഡികൾ സ്വന്തമാക്കി. 300 മുതൽ 400 വരെയായിരുന്നു വില. ‘അനിയത്തിപ്രാവ്‌’ അടക്കമുള്ള സിനിമകളുടെ സിഡി വിപണിയിൽ തരംഗം സൃഷ്‌ടിച്ചു.
തൊണ്ണൂറുകളുടെ ആദ്യത്തിലാണ്‌ സിഡികൾ വ്യാപകമായത്‌. പാട്ടുകൾ മാത്രമായിരുന്നു ആദ്യം. വൈകാതെ തന്നെ സിനിമകളും ഇറങ്ങി. വിസിആറിൽനിന്ന്‌ സിഡി പ്ലെയറിലേക്കും ഡിവിഡി പ്ലെയറിലേക്കും ജനം അതിവേഗം മാറിയതോടെ ആവശ്യമുള്ളതെല്ലാം ഇറക്കുകയെന്ന നിലവന്നു. കലോത്സവങ്ങളടക്കമുള്ള പരിപാടികളിൽ സിഡി നിർബന്ധഘടകമായി. പണം ചെലവഴിച്ച്‌ പഠിപ്പിക്കാൻ ആളെ വയ്‌ക്കാൻ കഴിയാത്തവർക്ക്‌ നിശബ്ദനായ പഠനസഹായിയുമായി സിഡി.
‘കലക്‌ഷൻ’ 
അഭിമാനമാക്കിയ കാലം
ഗാനാസ്വാദകർക്കാണ്‌ സിഡികളുടെയും ഡിവിഡികളുടെയും വരവ്‌ ഏറെ അനുഗ്രഹമായത്‌. ഒരു സിനിമയുടെ പാട്ടുകൾ മാത്രമായിരുന്നവയിൽനിന്ന്‌ എംപിത്രീയും എംപിഫോറും ഒക്കെയായതോടെ സാധ്യതകൾ ഏറെയായി. ഒന്നിൽ തന്നെ പരമാവധി പാട്ടുകൾ ഉൾക്കൊള്ളിക്കാൻ കഴിഞ്ഞതോടെ ആ വഴിയിലേക്കായി ‘കലക്‌ഷനുകൾ’. പെൻഡ്രൈവുകളുടെ വരവോടെ ഗാനാസ്വാദകർ ആ വഴിക്കു തിരിഞ്ഞു. എങ്കിലും ഗാനശേഖരങ്ങളിലേക്കുള്ളവയ്‌ക്കായി സിഡികൾ തേടിവരുന്നവർ ഉണ്ടായിരുന്നുവെന്ന്‌ കണ്ണൂർ ‘സംഗീത്‌ ’ കാസറ്റ്‌സിലെ ജിത്തു പറയുന്നു. സിനിമകൾ ഒടിടി റിലീസ്‌ ചെയ്യാൻ തുടങ്ങിയതോടെയാണ്‌ സിഡികൾക്ക്‌ ആവശ്യക്കാർ തീരെയില്ലാതായത്. ‘പുലിമുരുക’നാണ്‌ സിഡിവിപണിയിൽ ഒടുവിൽ തരംഗമായത്‌. 1985ലാണ്‌ സംഗീത്‌ കാസറ്റ്സ്‌ തുടങ്ങിയത്‌. ആയിരക്കണക്കിന്‌ സിഡികളാണ്‌ ഇപ്പോഴും ഇവിടെയുള്ളത്‌. റെക്കോർഡിങ് സൗകര്യവും ഒരുക്കിയിരുന്നു. കാസറ്റ്‌ വിപണി കൂപ്പുകുത്തിയതോടെ ഒരുവർഷമായി റെഡിമെയ്‌ഡ്‌ വസ്ത്രവ്യാപാരത്തിലേക്ക്‌ മാറുകയായിരുന്നു ഇവർ.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!