സ്വർണമാല പിടിച്ചുപറിക്കുന്ന 2 മോഷ്ടാക്കൾ പിടിയിൽ

മട്ടന്നൂർ : ബൈക്കിൽ സഞ്ചരിച്ചു സ്വർണമാല കവരുന്ന രണ്ടംഗ സംഘത്തെ പൊലീസ് പിടികൂടി. ഉളിയിൽ സ്വദേശി കെ.കെ.നൗഷാദ് (42), കോട്ടയം അടിച്ചിറ സ്വദേശി സിറിൽ മാത്യു (55) എന്നിവരെയാണു കൂത്തുപറമ്പ് എസിപി പ്രദീപൻ കണ്ണിപ്പൊയിലിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. കണ്ണൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിൽ ബൈക്കിൽ സഞ്ചരിച്ചു സ്വർണമാല പൊട്ടിച്ചുവരുന്നതിനിടെയാണു പൊലീസിന്റെ പിടിയിലായത്. കൊടോളിപ്രം പൈപ്പ്‌ലൈൻ റോഡിൽ മാല പിടിച്ചു പറിച്ചു വരുന്ന വഴിയാണ് ഇരുവരും പിടിയിലായത്.
റോഡിലൂടെ നടന്നുപോകുകയായിരുന്ന നായാട്ടുപാറ ട്യൂഷൻ സെന്ററിലെ അധ്യാപിക കെ.രാധയുടെ മൂന്നര പവൻ തൂക്കം വരുന്ന മാല പിടിച്ചു പറിച്ചു കടന്നു കളഞ്ഞ രണ്ടംഗ സംഘത്തെയാണ് പൊലീസ് പിന്നീടു പിടികൂടിയത്. ഇരുചക്ര വാഹനത്തിൽ എത്തിയ സംഘം മാല പിടിച്ചു പറിച്ച് ഓടുകയായിരുന്നു. അധ്യാപിക ബഹളം വച്ചതിനെത്തുടർന്നു നാട്ടുകാർ പൊലീസിൽ വിവരമറിയിച്ചു. പൊലീസ് തിരച്ചൽ നടത്തുന്നതിനിടെയാണ് സംഭവം നടന്ന് ഒന്നര മണിക്കൂറിനുളളിൽ 10 കിലോമീറ്റർ അകലെ വച്ച് കീഴല്ലൂരിൽ നിന്ന് ഇവരെ പിടികൂടിയത്.
അധ്യാപിക നൽകിയ വിവരപ്രകാരം തിരച്ചൽ നടത്തവേ ആണ് കീഴല്ലൂരിൽ പൊലീസ് ഇവരെ കണ്ടത്. ഒരാളെ പിടികൂടി. കൂടെയുണ്ടായിരുന്ന ആൾ കാട്ടിലേക്ക് ഓടി. പിന്നാലെ പൊലീസുകാർ ഓടിയാണു പിടിച്ചത്. കണ്ണപുരത്തും മരുതായിയിലും സ്ത്രീകളുടെ സ്വർണമാല കവർന്ന സംഭവത്തിലും ഇവരാണു പ്രതികളെന്നു മനസ്സിലായിട്ടുണ്ട്. ചക്കരക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ പെരളശേരി കൃഷി ഓഫിസിനു സമീപം വി.ഗീതയുടെ 5 പവന്റെ താലിമാലയും കുടുക്കിമെട്ട പുറവൂരിലെ അധ്യാപികയുടെ അഞ്ചര പവന്റെ മാലയും തട്ടിപ്പറിക്കാൻ ശ്രമിച്ചിരുന്നു. പിടിവലിക്കിടെ മാല നഷ്ടമായില്ല.
പരുക്കേറ്റ ഇരുവരും ആശുപത്രിയിൽ ചികിത്സ തേടി. ഒരാഴ്ച മുൻപു മരുതായിയിൽ വയോധികയായ പാർവതിയുടെ 3 പവന്റെ മാല ഇരുചക്ര വാഹനത്തിലെത്തിയ സംഘം പിടിച്ചുപറിച്ചിരുന്നു. ഈ സംഭവത്തിലും പ്രതികൾ ഇവരാണെന്നു തെളിഞ്ഞിട്ടുണ്ട്. മോഷണത്തിനായി ഉപയോഗിച്ച ബൈക്കും പിടികൂടി. പൊട്ടിച്ച മാല പിന്നീട് കണ്ടെത്തി. മട്ടന്നൂർ സിഐ എം.കൃഷ്ണൻ, എസ്ഐ കെ.വി.ഉമേശൻ, എഎസ്ഐ ടി.ഷംസുദ്ദീൻ തുടങ്ങിയവർ പ്രതികളെ പിടികൂടാനുള്ള സംഘത്തിൽ ഉണ്ടായിരുന്നു.
പ്രതിയെ പിടിക്കുന്നതിനിടെ പൊലീസുകാരന് പാമ്പ് കടിയേറ്റു
മാല കവർന്ന കേസിലെ പ്രതികളെ പിടിക്കാൻ കുറ്റികക്കാട്ടിലൂടെയുള്ള ഓട്ടത്തിനിടെ സിവിൽ പൊലീസ് ഓഫിസർ കെ.അശ്വിന്റെ കാലിനു പാമ്പു കടിയേറ്റു. വീണതിനെത്തുടർന്നു കൂത്തുപറമ്പ് എസിപി പ്രദീപൻ കണ്ണിപ്പൊയിലിന്റെ കാലിനും പരുക്കേറ്റു. ഇരുവരും ആശുപത്രിയിൽ ചിതിസ തേടി.
ബൈക്കിൽ സഞ്ചരിച്ച് സ്ഥിരം കവർച്ച
ബൈക്കിൽ സഞ്ചരിച്ചു വഴിയാത്രക്കാരായ സ്ത്രീകളുടെ മാല കവരുന്നതു പ്രതികളുടെ സ്ഥിരം രീതിയാണെന്നു പൊലീസ് പറഞ്ഞു. ഒരാൾ ബൈക്ക് ഓടിക്കുമ്പോൾ പിന്നിലിരിക്കുന്നയാളാണു മാല പൊട്ടിക്കുക. ഒരു സ്ഥലത്തു നിന്നു മാല പൊട്ടിച്ചെടുത്തതിനു ശേഷം രക്ഷപ്പെടുന്ന ഇവർ മറ്റൊരു സ്ഥലത്തു ബൈക്ക് നിർത്തി വസ്ത്രം മാറിയ ശേഷമാണ് അടുത്ത സ്ഥലത്തു കവർച്ചയ്ക്കു പോകുക.
പിടിവീഴാതെയിരിക്കാനാണ് വസ്ത്രം മാറ്റം. മരുതായിലെ പാർവതിയുടെ മാല കവർന്ന സംഭവത്തിലെ പ്രതികളെക്കുറിച്ചു പൊലീസിനു വിവരം ലഭിച്ചിരുന്നു. ഇവരെ ഇന്നലെ രാവിലെ ഒരു സ്ഥലത്തു വച്ചു കണ്ടതായി വിവരം ലഭിച്ചതിനാൽ പൊലീസ് തിരച്ചൽ നടത്തുന്നതിനിടെയാണു പിടിയിലായത്. 2009ൽ ഒരു കേസിൽപ്പെട്ട് ജയിലിൽ കഴിയുന്നതിനിടെയാണു പ്രതികൾ ഇരുവരും പരിചയത്തിലായത്.
ആശ്വാസത്തിൽ പാർവതി
കള്ളന്മാരെ പൊലീസ് പിടിച്ചതോടെ കവർച്ച ചെയ്യപ്പെട്ട സ്വർണമാല തിരികെ കിട്ടുമെന്ന ആശ്വാസത്തിലാണു വയോധികയായ പാർവതി. 3 പവന്റെ മാല നഷ്ടപ്പെട്ട മരുതായിലെ 83കാരിയായ പാർവതിയാണു പൊലീസ് സ്റ്റേഷനിലെത്തിയത്. കഴിഞ്ഞ 12ന് രാവിലെ 7നായിരുന്നു ക്ഷേത്രത്തിൽ പോയി വീട്ടിലേക്കു മടങ്ങുന്നതിനിടെ സ്വർണമാല കള്ളൻമാർ കവർന്നത്. ബൈക്കിലെത്തിയ രണ്ടു പേർ പാർവതിയെ തള്ളിയിട്ടു കഴുത്തിലുണ്ടായിരുന്ന മാല പൊട്ടിച്ചു കടന്നുകളയു കയായിരുന്നു.
തലയ്ക്കു പരുക്കേറ്റ പാർവതി മട്ടന്നൂർ ഗവ. ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നു. മാല പൊട്ടിച്ചവരുടെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവിയിൽ പതിഞ്ഞിരുന്നു. ഇവരെക്കുറിച്ച് അന്വേഷണം നടത്തുന്നതിനിടെയാണ് മറ്റൊരു സ്ത്രീയുടെ മാല കവർന്ന സംഭവത്തിൽ പ്രതികൾ പിടിയിലാകുന്നത്. പ്രതികൾ പിടിയിലായതായി അറിഞ്ഞതോടെയാണ് മാല തിരികെ കിട്ടുമെന്ന പ്രതീക്ഷയോടെ കൂപ്പുകൈ കളോടെ നിറകണ്ണുകളോടെ പാർവതി പൊലീസ് ഉദ്യോഗസ്ഥർക്കു മുന്നിൽ എത്തി.
മരിച്ചുപോയ ഭർത്താവ് കെട്ടിയ താലിമാലയും പാർവതി കൂലിപ്പണി ചെയ്തു സമ്പാദിച്ച പൈസ കൊണ്ടു വാങ്ങിയതും ചേർത്ത് ഒന്നാക്കി മാറ്റിയ മാലയാണു മോഷ്ടിച്ചത്. എങ്ങനെയാണു നന്ദി പറയേണ്ടതെന്ന് അറിയില്ലെന്നു പാർവതി പൊലീസുദ്യോഗസ്ഥരോടു പറഞ്ഞു. മാല ഉടനെ കിട്ടുമെന്നും നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കാനു ണ്ടെന്നും പൊലീസ് വിശദീകരിച്ചു.