മാലിന്യം ശേഖരിക്കാൻ ക്ലീൻ കേരള കമ്പനി സമയത്തിനെത്തും; കിലോക്ക് മൂന്നുരൂപ വരെ അധികം നൽകും

Share our post

കണ്ണൂർ: വാർഡുകളിൽ പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യം ഇനി ബാക്കിയുണ്ടാകില്ല. തദ്ദേശസ്ഥാപനങ്ങളിൽ ക്ലീൻ കേരള കമ്പനി എത്തി ശേഖരിക്കും.ഇപ്പോൾ ഹരിതകർമസേന വഴി ശേഖരിച്ച മാലിന്യം കൊണ്ടുപോകാൻ കമ്പനി പറഞ്ഞ സമയത്തെത്താറില്ല. ഇതിനു പരിഹാരമായിട്ടാണ് ക്ലീൻ കേരള കമ്പനി സമയം നിശ്ചയിച്ച് തദ്ദേശ സ്ഥാപനങ്ങളിലെത്തുന്നത്. നവംബർ മുതൽ ഈ മാറ്റം തുടങ്ങുമെന്ന് എം.ഡി. ജി.കെ.സുരേഷ്‌കുമാർ പറഞ്ഞു.

ഓരോ ജില്ലയിലും ഒരുമാസം നാല് സെക്ടറുകളാക്കി ഓരോ സെക്ടറിലുള്ള തദ്ദേശസ്ഥാപനങ്ങളിൽനിന്ന് മാസത്തിൽ ഒരാഴ്ചയിൽ മാലിന്യം ശേഖരിക്കും. തിരുവനന്തപുരം, കൊല്ലം, തൃശ്ശൂർ കോർപ്പറേഷനുകളിൽ എല്ലാ ആഴ്ചയും ശേഖരിക്കും. തീയതിയും സമയവും തദ്ദേശ സ്ഥാപനങ്ങൾക്ക് നൽകി. നിലവിൽ ക്ലീൻ കേരള കമ്പനിയെടുക്കുന്ന തരംതിരിച്ചുള്ള പ്ലാസ്റ്റിക് മാലിന്യത്തിന് രണ്ടുരൂപ മുതൽ മൂന്നുവരെ അധികം നൽകും. മലപ്പുറം ജില്ലയിൽ നിരക്ക് നിശ്ചയിച്ചു. തരംതിരിച്ച മിൽമ കവറിന് നിലവിൽ കിലോക്ക് 14 രൂപയാണ് ഇപ്പോഴുള്ളത്. പെറ്റ് ബോട്ടിൽ-16 രൂപ, പത്രം-ഒൻപതുരൂപ, ഓയിൽകവർ-അഞ്ചുരൂപ, മദ്യക്കുപ്പി (പ്ലാസ്റ്റിക്)-15 രൂപ എന്നിങ്ങനെയാണ്‌ നിരക്ക്. നിലവിൽ വീടുകളിൽനിന്ന് മാലിന്യമെടുക്കാൻ 50 രൂപയും കടകളിൽ നിന്ന് 100 രൂപയും ഹരിതകർമസേനയ്ക്ക് നൽകണം.

ക്ലീൻ കേരള ഹരിത കർമസേനയ്ക്ക് നിശ്ചിതനിരക്ക് നൽകും. സി.എഫ്.എൽ., ട്യൂബ് ലൈറ്റ്‌സ് ഉൾപ്പെടെ 14 അപകടകര ഇ-മാലിന്യ ശേഖരണത്തിന് തദ്ദേശ സ്ഥാപനങ്ങൾ ക്ലീൻ കേരളയ്ക്ക് തുക നൽകണം.

* ക്ലീൻ കേരള കമ്പനിയുമായി കരാറുള്ളത് 828 തദ്ദേശസ്ഥാപനങ്ങൾ

* കൊച്ചി, കോഴിക്കോട്, കണ്ണൂർ കോർപ്പറേഷനുകൾ ഉൾപ്പെടെ 215 ഇടങ്ങളിൽ കരാറില്ല.

* ശേഖരിക്കുന്നത് പ്ലാസ്റ്റിക് മുതൽ ഇ-മാലിന്യങ്ങൾ വരെ.

* കൊച്ചിയിലെ കേരള എൻവിറോ ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിലാണ് (കെ.ഇ.ഐ.എൽ) ഇ-മാലിന്യ സംസ്കരണം.

ക്ലീൻ കേരളയും ജില്ലകളും (കരാറുള്ള തദ്ദേശസ്ഥാപനങ്ങൾ. കരാർ ഇല്ലാത്തവ ബ്രാക്കറ്റിൽ): തിരുവനന്തപുരം-78 (0), കൊല്ലം-40 (33), പത്തനംതിട്ട-55 (2), ആലപ്പുഴ-78 (0), കോട്ടയം-72 (5), ഇടുക്കി-52 (2), എറണാകുളം-66 (30), തൃശ്ശൂർ-85 (9), പാലക്കാട്-86 (9), മലപ്പുറം-47 (59), കോഴിക്കോട് -46 (32), വയനാട്-24 (2), കണ്ണൂർ-68 (13), കാസർകോട്-31 (10).


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!