കണ്ണൂർ ഗവ.മെഡിക്കൽ കോളേജിലെ പ്രശ്നങ്ങൾ പഠിക്കാൻ ആരോഗ്യവകുപ്പ് ഉന്നതതല സംഘം നാളെയെത്തും

പരിയാരം: കണ്ണൂർ ഗവ.മെഡിക്കൽ കോളേജിന്റെ അടിസ്ഥാന പ്രശ്നങ്ങൾ പഠിക്കാൻ ആരോഗ്യ വകുപ്പിന്റെ ഉന്നതതല സംഘം നാളെ ആശുപത്രി സന്ദർശിക്കും. മന്ത്രി വീണാ ജോർജിന്റെ നിർദേശത്തെ തുടർന്നാണു സംഘമെത്തുന്നത്. സർക്കാർ ഏറ്റെടുത്ത് 4 വർഷം കഴിഞ്ഞിട്ടും മെഡിക്കൽ കോളജിന്റെ പല മേഖലയിലും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിട്ടില്ല. പല വകുപ്പുകളിലും ആവശ്യത്തിനു ജീവനക്കാരില്ലാതതതിനാൽ രോഗികൾ വലയുകയാണ്. ഒപി വെട്ടിക്കുറച്ച ഒന്നിലേറെ വകുപ്പുകളുമുണ്ട്.
മെഡിക്കൽ കോളേജിലെ ജീവനക്കാരെ സർക്കാർ ജീവനക്കാരാക്കുന്ന നടപടി ഇതുവരെ പൂർത്തിയാക്കാനായിട്ടില്ല. അതുകൊണ്ടുതന്നെ ശമ്പളം വൈകുന്നതും പതിവാണ്. ഇക്കാരണങ്ങളാൽ പ്രമുഖരായ പല ഡോക്ടർമാരും രാജിവച്ചത് ആശുപത്രിയുടെ പ്രവർത്തനത്തെ ബാധിച്ചിട്ടുണ്ട്. ഈ വിഷയങ്ങളെല്ലാം തുറന്നുകാട്ടി മലയാള മനോരമ കഴിഞ്ഞ ദിവസം വാർത്ത നൽകിയിരുന്നു. ഇതേത്തുടർന്നാണ് മെഡിക്കൽ കോളജിലെ അടിസ്ഥാന പ്രശ്നങ്ങളെല്ലാം വിശദമായി പഠിക്കാൻ മന്ത്രിയുടെ നിർദേശപ്രകാരം ഉന്നതതല സംഘമെത്തുന്നത്.
ആവശ്യത്തിന് മരുന്നില്ലാത്തതിനാൽ പലപ്പോഴും രോഗികൾക്ക് സ്വകാര്യ ഫാർമസികളെ ആശ്രയിക്കേണ്ട അവസ്ഥയുമുണ്ടാകാറുണ്ട്. പരിശോധനാ ഉപകരണങ്ങളും എസി പ്ലാന്റും കാലപ്പഴക്കത്താൽ പണിമുടക്കുന്നതും ചികിത്സയെ ബാധിക്കുന്നു. നിലവിൽ ആശുപത്രിയിൽ നവീകരണം നടക്കുന്നുണ്ടെങ്കിലും ഇത് ഇഴഞ്ഞുനീങ്ങുകയാണെന്ന ആക്ഷേപമുണ്ട്. എമർജൻസി വിഭാഗമടക്കമുള്ളവയിൽ വലിയ തോതിൽ രോഗികളുടെ തിരക്ക് അനുഭവപ്പെടുന്ന സാഹചര്യത്തിൽ മതിയായ ജീവനക്കാരില്ലാത്തതു വലിയ പ്രതിസന്ധിയുണ്ടാക്കുകയാണ്.
ഹൃദയചികിത്സയ്ക്ക് നിലവിൽ 4 മാസത്തിലേറെ കാത്തിരിക്കണം. ജീവനക്കാരുടെ കുറവുമൂലം ഗ്യാസ്ട്രോ എൻട്രോളജി വകുപ്പ് പൂട്ടി. ഈ സാഹചര്യത്തിൽ ഉന്നതതല സംഘമെത്തുന്നതിൽ ആശുപത്രി അധികൃതർക്കും പ്രതീക്ഷയുണ്ട്. ഓരോ വകുപ്പിലും കുറവുള്ള ഡോക്ടർമാരുടെയും സീനിയർ നഴ്സുമാരുടെയും എണ്ണം മനോരമ വാർത്തയെ തുടർന്ന് ആരോഗ്യമന്ത്രിയുടെ ഓഫിസ് ആവശ്യപ്പെട്ടിരുന്നു.
ഇതിനു പിന്നാലെയാണ് മറ്റു പ്രശ്നങ്ങൾ കൂടി പഠിക്കാൻ തിരുവനന്തപുരത്തു നിന്നുള്ള സംഘമെത്തുന്നത്. പിജി സീറ്റുകളുടെ എണ്ണം കുറവായതാണ് മെഡിക്കൽ കോളജിലെ ഡോക്ടർമാരുടെ ക്ഷാമത്തിന്റെ പ്രധാന കാരണം. ഇതും അധികൃതർ ഉന്നതതല സംഘത്തെ ബോധ്യപ്പെടുത്തും.