മയ്യിൽ പഞ്ചായത്തിൽ തെങ്ങാധിപത്യം

Share our post

കണ്ണൂർ: രണ്ട്‌ തെങ്ങ്‌ വളപ്പിലെങ്കിൽ പിന്നെന്ത്‌ കേരളം എന്ന്‌ ചിന്തിക്കുന്ന കാലത്തേക്ക്‌ തിരികെ പോകാനൊരുങ്ങുകയാണ്‌ മയ്യിൽ പഞ്ചായത്ത്‌. തെങ്ങിനെ അത്രമാത്രം മനസിൽ ചേർത്തുനിർത്തി പഞ്ചായത്തിൽ ‘തെങ്ങാധിപത്യം’ കൊണ്ടുവരാനാണ്‌ പദ്ധതിയൊരുങ്ങുന്നത്‌. ഇതിനായി തുരുത്തുകളും പുറമ്പോക്കുകളും തെങ്ങിൻ തോപ്പുകളാക്കും. പൊതുഭൂമി സംരക്ഷണത്തിന്റെ ഭാഗമായാണ്‌ പുറമ്പോക്കുകളിലടക്കം തെങ്ങിൻ തൈ നടുന്നത്‌.

ആദ്യഘട്ടത്തിൽ മുല്ലക്കൊടി ഭാഗത്ത്‌ 500 കുറ്റ്യാടി തെങ്ങിൻ തൈ നടും. ഇതിനുപുറമെ തുരുത്തുകളിലും പുറമ്പോക്കുകളിലുമായി നിലവിലുള്ള 419 തെങ്ങുകൾക്ക്‌ തടമെടുത്ത്‌ ജൈവവളവും കുമ്മായവുമിട്ട്‌ ഉൽപ്പാദനക്ഷമത വർധിപ്പിക്കും. ഇരിക്കൂർ ബ്ലോക്ക്‌ കൃഷിശ്രീ സെന്ററെന്ന കാർഷിക തൊഴിൽ സേനക്കാണ്‌ നിർവഹണ ചുമതല. ഇതിന്റെ ഭാഗമായി തെങ്ങുകൾക്ക്‌ ജൈവവളമിടുന്ന പണി തുടങ്ങി. ജനകീയാസൂത്രണ പദ്ധതിയുടെ ഭാഗമായാണ്‌ പൊതു സ്ഥലങ്ങളിൽ തൈകൾ നട്ട്‌ പരിപാലിക്കുക.

ഇതിനൊപ്പം പഞ്ചായത്തിന്റെ പള്ളിമാട്‌ തുരുത്തിനെ ജൈവ പാർക്കാക്കുന്നതിനുള്ള നടപടിയും തുടങ്ങി. ഇവിടെ കണ്ടലുകളും സസ്യജാലങ്ങളും സംരക്ഷിച്ച്‌ നടപ്പാതയും ഇരിപ്പിടങ്ങളും ഒരുക്കും. തുരുത്തിലെ അഞ്ചേക്കർ സ്ഥലം പാട്ടത്തിനെടുത്ത്‌ ഇവിടെയുള്ള ചെത്തുതൊഴിലാളികൾ കൃഷിചെയ്യുന്നുണ്ട്‌. പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രത്തിൽനിന്ന് വിളിപ്പാടകലെയുള്ള തുരുത്തിനെ ടൂറിസം കേന്ദ്രമാക്കുകയാണ്‌ ലക്ഷ്യമെന്ന്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ കെ കെ റിഷ്‌ന പറഞ്ഞു.പുറമ്പോക്കിലും തുരുത്തുകളിലും തെങ്ങിൻതൈ നടുന്ന പദ്ധതിയുടെ ഭാഗമായി തൊഴിൽ സേനയുടെ യോഗം ചേർന്നു. ആധുനിക യന്ത്രങ്ങൾ ഉപയോഗക്കുന്നതിന്‌ തൊഴിൽ സേനയ്‌ക്ക്‌ തൃശൂർ കാർഷിക ഗവേഷണ കേന്ദ്രത്തിന്റെ വിദഗ്ധ പരിശീലനം ലഭിച്ചിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!