എല്‍ദോസിനെതിരായ പീഡനക്കേസ്; കോണ്‍ഗ്രസ് പ്രവർത്തകർ ഭീഷണിപ്പെടുത്തുന്നെന്ന് പരാതിക്കാരി

തിരുവനന്തപുരം: പെരുമ്പാവൂര്‍ എം.എല്‍.എ എല്‍ദോസ് കുന്നപ്പിള്ളിയ്ക്കെതിരെയുള്ള ലൈംഗിക പീഡനക്കേസില്‍നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് തുടര്‍ച്ചയായി ഭീഷണികോളുകള്‍ വരുന്നെന്ന് പരാതിക്കാരി. കോണ്‍ഗ്രസിലെ വനിതാ പ്രവര്‍ത്തകയാണ് ഭീഷണിപ്പെടുത്തുന്നതെന്നും പരാതിക്കാരി വെളിപ്പെടുത്തി.
കേസില്‍ മൊഴി നല്കരുതെന്നാവശ്യപ്പെട്ടാണ് ഭീഷണി. സംഭവത്തില്‍ സൈബര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പ്രതിപക്ഷ നേതാവിനും മുഖ്യമന്ത്രിക്കും പരാതി നല്‍കും. കേസുമായി ബന്ധപ്പെട്ട് എംഎല്‍എ കോടതിയില്‍ ഹാജരാക്കുന്നത് വ്യാജ തെളിവുകളാണെന്നും കോടതിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും യുവതി പറഞ്ഞു.
തനിക്ക് എന്തുതന്നെ സംഭവിച്ചാലും ഉത്തരവാദി എല്ദോസാണെന്നും യുവതി പറഞ്ഞു. അതേസമയം കേസില്‍ ഇന്ന് പരാതിക്കാരിയുടെ മൊഴി വഞ്ചിയൂര്‍ പോലീസ് രേഖപ്പെടുത്തിയിരുന്നു.