കളിയാട്ടക്കാവുകൾ ഉണരുന്നു; ഇന്ന് തുടക്കം

മയ്യിൽ: ചെണ്ടമേളത്തിന്റെ താളത്തിനൊപ്പം തെയ്യച്ചുവടുകളുമായി കളിയാട്ടക്കാവുകൾ ഉണരുകയായി. തുലാം പത്തിന് കൊളച്ചേരി വിഷകണ്ഠൻ ക്ഷേത്രത്തിൽ തെയ്യക്കോലം ഇറങ്ങുന്നതോടെയാണ് ഉത്തര മലബാറിലെ കളിയാട്ടങ്ങൾക്ക് തുടക്കമാകുന്നത്. ജന്മി നാടുവാഴിത്തത്തിന്റെ മർദകഭരണത്തിൽ രക്തസാക്ഷിയാകേണ്ടിവന്ന കണ്ഠന്റെ ഓർമദിനലാണ് ഓരോ തെയ്യക്കാലങ്ങൾക്കും തുടക്കമാകുന്നതെന്നാണ് ഐതിഹ്യം.
തെയ്യക്കോലങ്ങൾ കാണാൻ ആയിരങ്ങളാണ് ഓരോ കാവുകളിലുമെത്തുക. ചാത്തമ്പള്ളി കാവിൽ ബുധൻ, വ്യാഴം ദിവസങ്ങളിലാണ് കളിയാട്ടം. ബുധനാഴ്ച വൈകിട്ട് കൊടിയേറുന്നതോടെ പുത്തരി അടിയന്തിരത്തിന് തുടക്കമാകും. വിശേഷാൽ പൂജകൾക്ക് പുറമെ ഇളംകോലം, വിഷകണ്ഠൻ, ഗുളികൻ, എള്ളെടുത്ത് ഭഗവതി, വലിയതമ്പുരാട്ടി എന്നീ തെയ്യക്കോലങ്ങളാണ് ചാത്തമ്പള്ളി കാവിലെ പ്രത്യേകത.തുലാംപത്തിന് ചാത്തമ്പള്ളിക്കാവിൽ തുടങ്ങി അണ്ടലൂർ കാവ്, മുച്ചിലോട്ട് ഭഗവതി ക്ഷേത്രങ്ങൾ തുടങ്ങി വിവിധ കാവുകളിലെ ഉത്സവശേഷം വളപട്ടണം കളരിവാതുക്കലിലെ ഉത്സവത്തോടെയാണ് ഉത്തര മലബാറിലെ ഉത്സവങ്ങൾക്ക് കൊടിയിറങ്ങുക.