കാത്തിരിപ്പ് കേന്ദ്രം നിർമാണം അശാസ്ത്രീയമെന്നു പരാതി, റോഡിൽ നിന്ന് ഒരു മീറ്റർ പോലും അകലം പാലിക്കാതെ നിർമാണം

Share our post

ചാല: ബസ് കാത്തിരിപ്പ് കേന്ദ്രം നിർമിക്കുന്നത് അശാസ്ത്രീയമായെന്ന് പരാതി. കണ്ണൂർ–കൂത്തുപറമ്പ് സംസ്ഥാനപാതയിലെ ചാല–കോയ്യോട് റോഡ് ജം‌ക്‌ഷനിലെ കണ്ണൂർ ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം റോഡ് സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി പൊളിച്ച് മാറ്റിയിരുന്നു. സ്ഥലത്ത് പുതുതായി നിർമിക്കുന്ന ഷെൽറ്റർ റോഡിൽ നിന്ന് ഒരു മീറ്റർ പോലും അകലം പാലിക്കാതെയാണ് നിർമിക്കുന്നത് എന്നാണ് പരാതി. നിർമാണം പൂർത്തിയായാൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിൽ നിന്ന് റോഡിലേക്ക് ഇറങ്ങേണ്ട അവസ്ഥയാണ് ഉണ്ടാവുക.

യാത്രക്കാരെ കയറ്റാൻ ബസുകൾ റോഡിൽ തന്നെ നിർത്തിയിടേണ്ടിവരും എന്നും പരിസരവാസികൾ ചൂണ്ടിക്കാട്ടുന്നു. ഇതിന് നേരെ എതിർവശത്താണ് കൂത്തുപറമ്പ് ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പ് കേന്ദ്രം. ചക്കരക്കൽ ഭാഗത്ത് നിന്ന് വരുന്ന റോഡ് ചാലയിലേക്ക് പ്രവേശിക്കുന്നതും ഇവിടെയാണ്. രണ്ട് ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളും റോഡിന്റെ ഇരുവശങ്ങളിലുമായി നേർക്ക് നേർ വരുന്ന സാഹചര്യത്തിൽ ഇരു വശത്തെയും ഷെൽറ്ററുകൾക്ക് മുൻപിൽ ബസ് നിർത്തിയാൽ ഗാതഗത തടസ്സവും അപകടവും ഉണ്ടാകുമെന്നും നാട്ടുകാർ പറയുന്നു. ബസ് കാത്തിരിപ്പ് കേന്ദ്രം കുറച്ച് കൂടി പിന്നോട്ട് മാറ്റി പണിയണം എന്നാണ് ആവശ്യം.

റോഡ് സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി നിർമിക്കുന്ന ഓട നിർമാണം പുരോഗമിക്കുന്ന ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ പിന്നിലാണ് ഉള്ളത്. ഓടയുടെ സ്ലാബുകൾ ബലപ്പെടുത്തി അതിനു മുകളിൽ ഷെൽട്ടർ പണിതാൽ റോഡിൽ നിന്ന് വേണ്ടത്ര അകലം ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് ലഭിക്കുമെന്ന് പരിസരവാസികൾ ചൂണ്ടിക്കാണിക്കുന്നു. ഏറെ സ്കൂൾ വിദ്യാർഥികൾ വിവിധ സ്ഥലങ്ങളിലേക്ക് പോകാൻ ബസ് കാത്തിരിക്കുന്ന സ്ഥലമാണിത്. പൊതു പ്രവർത്തകരായ പി.സി.രാഗേഷ്, സുമേഷ് കാഞ്ഞിര എന്നിവർ ബന്ധപ്പെട്ട അധികൃതർക്ക് പരാതി നൽകിയിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!