സൂര്യനെ നോക്കിയോ ? ഇന്ന് അപൂർവ ഭാഗിക സൂര്യഗ്രഹണം, സ്‌കൂളിനും ഓഫീസുകൾക്കും പൊതു അവധി പ്രഖ്യാപിച്ച് ഇന്ത്യൻ സംസ്ഥാനം

Share our post

ന്യൂഡൽഹി : ഈ വർഷത്തെ അവസാനത്തെ സൂര്യഗ്രഹണം ഇന്ന് വൈകുന്നേരം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ദൃശ്യമാകും. പക്ഷേ ഇന്ത്യയിൽ ഭാഗിക ഗ്രഹണമാണ് കാണാനാവുക. ഏറ്റവും നന്നായി സൂര്യഗ്രഹണം കാണാനാവുന്നത് ജലന്ധറിലാണ്. സൂര്യൻ, ചന്ദ്രൻ, ഭൂമി എന്നിവ കൃത്യമായി വിന്യസിക്കാതിരിക്കുകയും സൂര്യന്റെ ഉപരിതലത്തിന്റെ ഒരു ചെറിയ ഭാഗത്ത് ഇരുണ്ട നിഴൽ ഉള്ളതായി തോന്നുകയും ചെയ്യുന്ന അവസ്ഥയിലാണ് ഭാഗിക സൂര്യഗ്രഹണം ദൃശ്യമാവുക. മൂന്ന് ഘട്ടങ്ങളിലൂടെയാണ് ഇത് കടന്ന് പോകുന്നത്.

ഇന്ന് വൈകിട്ട് നടക്കുന്ന ഭാഗിക സൂര്യഗ്രഹണം ഇന്ത്യയിൽ ഒരു മണിക്കൂറും 45 മിനിട്ടും നീണ്ടു നിൽക്കും. രാജ്യത്തെ പല സ്ഥലങ്ങളിലും ദൃശ്യമാകുമെന്ന് ഭൗമ ശാസ്ത്ര മന്ത്രാലയം വ്യക്തമാക്കി. പക്ഷേ കേരളത്തിൽ സൂര്യഗ്രഹണം വ്യക്തമായി കാണാനാവില്ല. കോഴിക്കോട് 7.5 ശതമാനവും തലസ്ഥാനമായ തിരുവനന്തപുരത്ത് 2.7 ശതമാനവും ഗ്രഹണം ദൃശ്യമാകും. അതേസമയം ജലന്ധറിൽ സൂര്യന്റെ 51 ശതമാനം മറയ്ക്കപ്പെടും. വൈകിട്ട് 5.52നാണ് കേരളത്തിൽ ഗ്രഹണം ദൃശ്യമാവുക.

ഗ്രഹണം കാണുമ്പോൾ ശ്രദ്ധിക്കേണ്ടത്

ഗ്രഹണം നഗ്നനേത്രങ്ങൾക്ക് ദൃശ്യമാകുമെങ്കിലും, സൂര്യരശ്മികൾ കണ്ണിന് വളരെ ദോഷകരമാകും. അതിനാൽ ഗ്രഹണം നിരീക്ഷിക്കുമ്പോൾ അതീവ ജാഗ്രത പാലിക്കണം. ഏറ്റവും സുരക്ഷിതമായ മാർഗം എക്ലിപ്സ് ഗ്ലാസുകൾ പോലെയുള്ള സോളാർ ഫിൽട്ടറുകൾ ഉപയോഗിക്കുന്നതാണ്. ഇത് കണ്ണുകളെ കേടുവരാതെ സംരക്ഷിക്കാൻ സഹായിക്കും. ഗ്രഹണസമയത്ത് ഹെഡ്‌ലൈറ്റ് ഓണാക്കി വാഹനമോടിക്കുന്നതാണ് നല്ലത്.

പൊതു അവധി

സൂര്യഗ്രഹണത്തെ തുടർന്ന് ഒഡീഷ സർക്കാർ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചു. സർക്കാർ ഓഫീസുകൾ, സ്‌കൂളുകൾ, കോളേജുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കോടതികൾ, ബാങ്കുകൾ, മറ്റ് ധനകാര്യ സ്ഥാപനങ്ങൾ എന്നിവയ്ക്ക് ഇന്ന് സർക്കാർ അവധി പ്രഖ്യാപിച്ചു.

സൂര്യഗ്രഹണത്തെ തുടർന്ന് വിവിധ ആരാധനാലയങ്ങളും സമയ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. തിരുപ്പതിയിൽ വെങ്കിടേശ്വര ക്ഷേത്രം 12 മണിക്കൂർ അടച്ചിടും. രാവിലെ 8:11 മുതൽ വൈകിട്ട് 7:30 വരെ ക്ഷേത്രം അടച്ചിടും.അതേസമയം ഇന്നത്തെ സൂര്യഗ്രഹണം യൂറോപ്പിലും, പടിഞ്ഞാറൻ ഏഷ്യയിലും, ആഫ്രിക്കയുടെ വടക്കു കിഴക്കൻ ഭാഗങ്ങളിലും ദൃശ്യമാകും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!