കണ്ണീരടക്കാനാവാതെ; വിഷ്ണുപ്രിയയുടെ ദാരുണമായ വേർപാട് ഉൾക്കൊള്ളാനാവാതെ ജന്മനാട്

പാനൂർ: അടക്കാനാകാത്ത നൊമ്പരത്തെക്കാൾ ഇന്നലെ വള്ള്യായിലെ ജനങ്ങളുടെ മുഖത്തു നിഴലിച്ചതു നടുക്കമായിരുന്നു. വള്ള്യായിൽ നടമ്മലിലെ ഇടവഴികളിലൂടെ എല്ലാവരോടും ചിരിച്ചും സംസാരിച്ചും നടന്നിരുന്ന വിഷ്ണുപ്രിയയുടെ ദാരുണമായ വേർപാട് ഇനിയും ആ നാടിന് ഉൾക്കൊള്ളാനായിട്ടില്ല. വീട്ടുവളപ്പിലേക്ക് വിഷ്ണുപ്രിയയുടെ മൃതദേഹം എത്തുമ്പോൾ വിങ്ങലും അടങ്ങാത്ത നിലവിളികളുമാണ് വരവേറ്റത്. വിഷ്ണുപ്രിയ ആ നാടിന്റെ നെഞ്ചിൽ ആഴത്തിലേറ്റ മുറിവായി മാറി.പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കിയ വിഷ്ണുപ്രിയയുടെ മൃതദേഹം ഇന്നലെ ഉച്ചയോടെ ബന്ധുക്കൾക്കു വിട്ടു നൽകി.
വിഷ്ണുപ്രിയയുടെ പിതാവ് വിനോദ് വിദേശത്തുനിന്ന് ഇന്നലെ രാവിലെ തന്നെ മടങ്ങിയെത്തിയിരുന്നു. പരിയാരത്തുനിന്നു മൃതദേഹവുമായി ആംബുലൻസ് എത്തുമ്പോൾ വൻ ജനാവലിയാണു കാത്തുനിന്നത്. മൂന്നിടങ്ങളിൽ മൃതദേഹം പൊതുദർശനത്തിനു വച്ചു. വിഷ്ണുപ്രിയയെ അവസാനമായി ഒരു നോക്കുകാണാൻ അയൽവാസികൾക്കും സുഹൃത്തുക്കൾക്കും വീടിനു സമീപത്തെ വഴിയിലും അവസരം നൽകി. മൃതദേഹം വീട്ടുമുറ്റത്തേക്ക് എത്തിച്ചപ്പോൾ വലിയ നിലവിളിയുയർന്നു.
സുഹൃത്തുക്കളും അയൽവാസികളും വേർപാടിന്റെ വേദനയിൽ വിങ്ങി.നാലുമാസം മുൻപാണ് വിഷ്ണുപ്രിയ പാനൂരിലെ ആശുപത്രിയിൽ ജോലിക്കു പ്രവേശിച്ചത്. സഹപ്രവർത്തകരും സുഹൃത്തുക്കളും അയൽക്കാരും കണ്ടതിനുശേഷമാണ് അച്ഛനും അമ്മയ്ക്കും സഹോദരങ്ങൾക്കും കാണാനുള്ള അവസരം ലഭിച്ചത്. മാതാപിതാക്കളും സഹോദരങ്ങളും അന്തിമോപചാരമർപ്പിച്ച ശേഷം 3.30നു വീട്ടുവളപ്പിൽ മൃതദേഹം സംസ്കരിച്ചു.
സ്പീക്കർ എ.എൻ.ഷംസീർ, പി.സന്തോഷ്കുമാർ എംപി, എംഎൽഎമാരായ കെ.കെ.ശൈലജ, കെ.പി.മോഹനൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ, പാനൂർ നഗരസഭാധ്യക്ഷൻ വി.നാസർ, മൊകേരി പഞ്ചായത്ത് പ്രസിഡന്റ് പി.വത്സൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.പി.യൂസഫ്, ലോക്താന്ത്രിക് യുവജനതാദൾ സംസ്ഥാന പ്രസിഡന്റ് പി.കെ.പ്രവീൺ, ഡിസിസി സെക്രട്ടറി ഹരിദാസ് മൊകേരി, സിപിഎം ഏരിയ സെക്രട്ടറി കെ.ഇ.കുഞ്ഞബ്ദുല്ല, കെ.പി.സഞ്ജീവ്കുമാർ തുടങ്ങിയവർ വീട്ടിലെത്തി അന്ത്യോപചാരം അർപ്പിച്ചു.
കുലുക്കമില്ലാതെ ശ്യാംജിത്
വിഷ്ണുപ്രിയ കൊലക്കേസ് പ്രതി ശ്യാംജിത്ത് മാനന്തേരിയിലെ സ്വന്തം വീട്ടിലും പരിസരത്തും നടന്ന തെളിവെടുപ്പിൽ പെരുമാറിയതു കൂസലില്ലാതെ. കൊലപാതകം നടത്താൻ ഉപയോഗിച്ച വസ്തുക്കൾ പൊലീസിനു എടുത്തു നൽകിയതും ലാഘവത്തോടെ. ഇന്നലെ രാവിലെ എട്ട് മണിയോടെ ശ്യാംജിത്തിനെ കനത്ത പൊലീസ് സുരക്ഷയിലാണു മാനന്തേരിയിലെ വീട്ടിൽ എത്തിച്ചത്. എന്തൊക്കെ ആയുധങ്ങളാണ് കൊലപാതകത്തിന് ഉപയോഗിച്ചത്, മറ്റ് വസ്തുക്കൾ എന്തിനു കൊണ്ടു പോയി എന്നതടക്കമുള്ള കാര്യങ്ങളെല്ലാം നിർവികാരനായി ശ്യാംജിത്ത് പൊലീസിനോടു വിവരിച്ചു. ഒരു മണിക്കൂറിലധികം നീണ്ട തെളിവെടുപ്പ് പൂർത്തിയാക്കി 9:20ഓടെ ആണ് പൊലീസ് മടങ്ങിയത്. പാനൂർ സ്റ്റേഷനിലും ഒരു കൂസലും ഇല്ലാതെ ഉറക്കത്തിലായിരുന്നു ശ്യാംജിത്.
അപായ സൂചന കിട്ടിയിട്ടും രക്ഷിക്കാനായില്ല
പാനൂർ∙ വിഷ്ണുപ്രിയയുടെ വീട്ടിൽ ശ്യാംജിത് എത്തിയതു വിഡിയോ കോളിലൂടെ കണ്ട പൊന്നാനി സ്വദേശിയായ സുഹൃത്ത്, അപ്പോൾ തന്നെ വിവരം പാനൂരിലെ ഒരു പൊലീസുകാരനെ അറിയിച്ചിരുന്നുവെന്നു പൊലീസ്. ഉടനടി പൊലീസ് അന്വേഷണം തുടങ്ങിയെങ്കിലും കൊലപാതകം നടന്ന വിവരമാണു തൊട്ടുപിറകെ എത്തിയത്. ഈ സുഹൃത്താണു കേസിൽ പൊലീസിന്റെ ഒന്നാം സാക്ഷി. സുരക്ഷാ കാരണങ്ങളാൽ, ഇയാളുടെ പേരു വിവരം പൊലീസ് പുറത്തു വിട്ടിട്ടില്ല.
പൊലീസ് പറയുന്നത്:
ശ്യാംജിത്തുമായുള്ള സൗഹൃദം അവസാനിപ്പിച്ച ശേഷമാണു വിഷ്ണുപ്രിയയും പൊന്നാനി സ്വദേശിയും സുഹൃത്തുക്കളാകുന്നത്. ഇവരുടെ സൗഹൃദം മനസിലാക്കിയ ശ്യാംജിത്, പൊന്നാനി സ്വദേശിയെ ആദ്യം വകവരുത്താനാണു പദ്ധതിയിട്ടിരുന്നത്. പലതവണ ഇയാളെ ശ്യാംജിത് പിന്തുടർന്നു. ഇയാളെ തിരഞ്ഞ് ശ്യാംജിത് കോഴിക്കോടു വരെയെത്തിയിരുന്നു. അവിടെ വച്ചും വിഷ്ണുപ്രിയയുമായി ശ്യാംജിത് വഴക്കിട്ടു. ഭീഷണി തുടർന്നിട്ടും വിഷ്ണുപ്രിയ പിന്മാറാതിരുന്നപ്പോഴാണു വകവരുത്തിയത്.
മൂന്നു വർഷത്തിലേറെയായി വിഷ്ണുപ്രിയയുമായി അടുപ്പത്തിലായിരുന്നുവെന്നു പ്രതി ശ്യാംജിത്ത് പൊലീസിനോട് പറഞ്ഞു. വിഷ്ണുപ്രിയയുടെ സഹോദരി വിസ്മയയും ശ്യാംജിത്തും ക്ലാസിൽ സഹപാഠികളായിരുന്നു. കോവിഡ് കാലത്തെ ഓൺലൈൻ ക്ലാസ് സമയത്താണ് ശ്യാംജിത്ത് വിഷ്ണുപ്രിയയുമായി കൂടുതൽ അടുത്തതെന്ന് പൊലീസിനോട് പറഞ്ഞു. ബികോം ബിരുദധാരിയാണ് ശ്യാംജിത്ത്.പൊലീസിന്റെ അന്വേഷണം വഴി തെറ്റിക്കാനായി ബാർബർ ഷോപ്പിൽ നിന്നും ശേഖരിച്ച മുടിയും പ്രതി ബാഗിനകത്ത് വച്ചിരുന്നു. ഇവയെല്ലാം ബാഗിലാക്കി ചെങ്കല്ലും ബാഗിനകത്തിട്ട് ബാഗ് കുളത്തിൽ താഴ്ത്തുകയായിരുന്നു. ഡിഎൻഎ പരിശോധനയിൽ പൊലീസിനെ വഴി തെറ്റിക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യം. എന്നാൽ ഇയാളുടെ എല്ലാ പദ്ധതിയും പൊളിച്ചത് വിഷ്ണുപ്രിയയുടെ സുഹൃത്തിന്റെ മൊഴിയായിരുന്നു.