ആവേശമായി ഉത്തരകേരള വള്ളംകളി മത്സരം

കണ്ണാടിപറമ്പ് : കാണികളിൽ ആവേശ തിരമാലകൾ ഉയർത്തി വള്ളുവൻകടവ് പുഴയിൽ നടന്ന ഉത്തരകേരള വള്ളംകളി മത്സരത്തിൽ 25 പേർ തുഴഞ്ഞ മത്സരത്തിൽ ഒന്നാമതെത്തി പാലിച്ചോൻ അച്ചാംതുരുത്തി ജലരാജാക്കൻമാരായി. എകെജി മയ്യിച്ച രണ്ടാം സ്ഥാനം നേടി. 15 പേർ തുഴഞ്ഞ മത്സരത്തിൽ എകെജി പൊടോതുരുത്തി ഒന്നാം സ്ഥാനം സ്ഥാനവും റെഡ്സ്റ്റാർ കാര്യംങ്കോട് രണ്ടാം സ്ഥാനവും നേടി. മികച്ച അച്ചടക്കമുള്ള ടീമായി വിഷ്ണുമൂർത്തി ബോട്ട് ക്ലബ് കുറ്റിവയലിനെയും റെഡ്സ്റ്റാർ കാര്യംങ്കോടിനെയും തിരഞ്ഞെടുത്തു. വള്ളുവൻകടവ് മുത്തപ്പൻ മഠപ്പു ക്ഷേത്രം നേതൃത്വത്തിലാണ് വള്ളംകളി മത്സരങ്ങൾ സംഘടിപ്പിച്ചത്.
കല്ല്കെട്ട് ചിറയിൻ നിന്നുമാണ് മത്സരം ആരംഭിച്ചത.് സ്പീക്കർ എ.എൻ.ഷംസീർ ഉദ്ഘാടനം നിർവഹിച്ചു. കെ.വി.സുമേഷ് എംഎൽഎ അധ്യക്ഷത വഹിച്ചു. നടൻ ദേവൻ വിശിഷ്ടാതിഥിയായി. മുരളിമോഹൻ, നാറാത്ത് പഞ്ചായത്ത് പ്രസിഡന്റ് കെ.രമേശൻ, പഞ്ചായത്ത് അംഗം കെ.എൻ.മുസ്തഫ, ബിജെപി സംസ്ഥാന സെക്രട്ടറി കെ.രഞ്ചിത്ത്, മുസ്‍ലിംലീഗ് ജില്ലാ ജനറൽ സെക്രട്ടറി അബ്ദുൽ കരീം ചേലേരി, ബിജെപി ജില്ലാ പ്രസിഡന്റ് എൻ.ഹരിദാസ്, റിട്ട. അഡ്മിറൽ കെ.മോഹനൻ, കെ.ബൈജു, പ്രജിത്ത് മാതോടം, പി.ശിവദാസ് എ.അച്യുതൻ എന്നിവർ പ്രസംഗിച്ചു.