മച്ചൂർമലയിൽ രാജ്യാന്തര യോഗാ റിസർച് സെന്റർ; എംഎൽഎയും ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ചു

തില്ലങ്കേരി:മച്ചൂർമല പ്രദേശത്ത് രാജ്യാന്തര യോഗാ സ്റ്റഡി റിസർച് സെന്റർ ആരംഭിക്കുന്നതിന്റെ ഭാഗമായി എംഎൽഎ കെ കെ ശൈലജയുടെ നേതൃത്വത്തിൽ ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു. യോഗയും ആയോധന കലകളും, കൃഷി രീതികളും വിദേശികളെ ഉൾപ്പെടെ പഠിപ്പിക്കാൻ കഴിയുന്ന തരത്തിൽ രാജ്യാന്തര തലത്തിൽ ശ്രദ്ധിക്കപ്പെടുന്ന കേന്ദ്രം തുടങ്ങാനാണ് ലക്ഷ്യമിടുന്നതെന്ന് എംഎൽഎ കെ കെ ശൈലജ സ്ഥലം സന്ദർശിച്ച ശേഷം പ്രതികരിച്ചു.
പദ്ധതിയുടെ സ്ഥലമേറ്റെടുപ്പിനായി 2.56 കോടി രൂപയുടെ ഭരണാനുമതി കഴിഞ്ഞ ദിവസം ലഭിച്ചിരുന്നു. പ്രകൃതി രമണീയവും ജൈവ സമ്പന്നവുമായ പ്രദേശമാണ് പദ്ധതി ആരംഭിക്കാൻ ഉദ്ദേശിക്കുന്ന തില്ലങ്കേരി പഞ്ചായത്തിലെ മച്ചൂർമല പ്രദേശം. ചേതന യോഗ അക്കാദമിയുടെ ആഭിമുഖ്യത്തിൽ സർക്കാർ മുൻകയ്യെടുത്ത് കൊണ്ട് യോഗ ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കാൻ കഴിഞ്ഞ സർക്കാരിന്റെ കാലത്ത് തന്നെ തീരുമാനിച്ചിരുന്നു. എംഎൽഎ കെ.കെ.ശൈലജയുടെ ഇടപെടലിനെ തുടർന്ന് തില്ലങ്കേരി പ്രദേശത്ത് പദ്ധതിക്കായി സ്ഥലം കണ്ടെത്തി നൽകുകയായിരുന്നു.
അനേകം കോൺക്രീറ്റ് കെട്ടിടങ്ങൾ എന്നതിലുപരി പൗരാണിക രീതിയിൽ നിർമാണ പ്രവൃത്തികൾ നടത്തണമെന്ന് അവലോകന യോഗത്തിൽ എംഎൽഎ നിർദേശിച്ചു. കേരളത്തിന്റെ തനതായ ആയോധന കലകളും ആയുഷ് വെൽനസ് സെന്ററും ജൈവ കൃഷി, പരമ്പരാഗത കലാ പരിശീലനം എന്നിവയും യോഗാ റിസർച്ചും ഉൾപ്പെടെ സാധ്യമാകുന്ന കേന്ദ്രമായി റിസർച് സെന്ററിനെ മാറ്റാനാണ് ലക്ഷ്യമിടുന്നതെന്ന് എംഎൽഎ പറഞ്ഞു. സമുദ്ര നിരപ്പിൽ നിന്നും 390 മീറ്റർ ഉയരത്തിൽ സ്ഥിതിചെയ്യുന്ന പ്രദേശം വിനോദസഞ്ചാരികളെ ആകർഷിക്കാൻ കഴിയും. ജീവിതശൈലീ രോഗ നിയന്ത്രണത്തിനൊപ്പം ടൂറിസം മേഖലയെ കൂടെ ലക്ഷ്യം വച്ചു കൊണ്ടാണ് കേന്ദ്രം ഒരുങ്ങുന്നത്. വിവിധ വകുപ്പ് ഉദ്യോഗസ്ഥരും, ജനപ്രതിനിധികളും, പ്രദേശവാസികളും സംഘത്തിലുണ്ടായിരുന്നു.