സിമന്റ് വിലവർധന: കരാറുകാരുടെ മാർച്ച് 25ന്

കണ്ണൂർ: സിമന്റ് വിലവർധനയ്‌ക്കെതിരെ കേരള ഗവ. കോൺട്രാക്‌ടേഴ്‌സ് ഫെഡറേഷൻ ചൊവ്വാഴ്‌ച പകൽ 11ന് കലക്ടറേറ്റ് മാർച്ച് നടത്തും. സിമന്റ് വിലവർധനയിൽ നിർമാണമേഖല സ്‌തംഭനാവസ്ഥയിലാണെന്ന് ഭാരവാഹികൾ പറഞ്ഞു. കരാറെടുത്ത പ്രവൃത്തികൾക്ക് ഷെഡ്യൂൾ നിരക്ക് പ്രകാരം ഒരുപാക്ക് സിമന്റിന് 324 രൂപയാണ് ലഭിക്കുക. വിപണിയിൽ സിമന്റ് വില 500 രൂപയാണ്. നഷ്‌ടം സഹിച്ച് പ്രവൃത്തി പൂർത്തീകരിക്കാനാവാത്ത അവസ്ഥയിലാണ് കരാറുകാർ. വിലവർധന നിയന്ത്രിക്കാൻ സർക്കാർ ഇടപെടണമെന്നും ഭാരവാഹികൾ പറഞ്ഞു. വാർത്താസമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി പി വി കൃഷ്‌ണൻ, പി എം ഉണ്ണികൃഷ്‌ണൻ, എ വിജയൻ, സി ശശിധരൻ, ജോ. സെക്രട്ടറി കെ ജയപ്രകാശൻ എന്നിവർ പങ്കെടുത്തു.