ബാർബർ ഷോപ്പിൽ നിന്ന് മുടി കൈക്കലാക്കി അന്വേഷണം വഴിതെറ്റിക്കാൻ ശ്യാംജിത്തിന്റെ അതിബുദ്ധി, ഒടുവിൽ കുടുങ്ങി

Share our post

കണ്ണൂർ: പാനൂർ കൊലക്കേസിൽ പ്രതി ശ്യാംജിത്ത് അന്വേഷണം വഴിതെറ്റിക്കാൻ ശ്രമിച്ചതായും വിവരം. തെളിവെടുപ്പിനിടെ പ്രതിയുടെ ബാഗിൽ നിന്ന് പുരുഷന്റെ മുടി കണ്ടെടുത്തിരുന്നു. ബാർബർ ഷോപ്പിൽ നിന്ന് മുടിയെടുത്ത് ബാഗിൽ ഇടുകയായിരുന്നു. ഡി എൻ എ പരിശോധനയിൽ പൊലീസിനെ വഴിതെറ്റിക്കാനായിരുന്നു ഇത് ചെയ്തതെന്ന് പ്രതി മൊഴി നൽകിയതായാണ് വിവരം.പ്രതിയുടെ ബാഗിൽ നിന്ന് മുളകുപൊടിയും പൊലീസ് കണ്ടെടുത്തിരുന്നു.

തെളിവ് നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ശ്യാംജിത്ത് മുളകുപൊടി അടക്കമുള്ളവ ബാഗിൽ സൂക്ഷിച്ചതെന്നാണ് വിവരം. കൊലപാതകത്തിന് ഉപയോഗിച്ച ചുറ്റിക, കത്തി, കൊലപാതക സമയം ധരിച്ചിരുന്ന വസ്ത്രങ്ങൾ എന്നിവയോടൊപ്പം വിഷ്ണുപ്രിയയുടെ വീട്ടിൽ നിന്ന് കണ്ടെടുത്ത കയറിന്റെ ഒരു ഭാഗവും കുളത്തിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ ബാഗിലുണ്ടായിരുന്നു.കണ്ണൂർ മൊകേരി വളള്യായിയിൽ പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ചുകയറി ശ്യാംജിത്ത് ചുറ്റികകൊണ്ട് തലയ്ക്കടിച്ചശേഷം വിഷ്ണുപ്രിയയെ കഴുത്തറുത്തുകൊലപ്പെടുത്തുകയായിരുന്നു.

ഖത്തറിൽ ജോലി ചെയ്യുന്ന മൊകേരി ഉമാ മഹേശ്വരക്ഷേത്രത്തിന് സമീപം നടമ്മൽ കണ്ണച്ചാങ്കണ്ടി വിനോദിന്റെയും ബിന്ദുവിന്റെയും മകളായ വിഷ്ണുപ്രിയ പാനൂർ ന്യൂക്ലിയസ് ആശുപത്രിയിലെ ഫാർമസി ജീവനക്കാരിയാണ്. ഇന്നലെ രാവിലെ 11നായിരുന്നു സംഭവം. കൂത്തുപറമ്പ് മാനന്തേരി സ്വദേശി ശ്യാംജിത്ത് (25) പിന്നാലെ അറസ്റ്റിലാവുകയായിരുന്നു. മാനന്തേരി സത്രത്തിൽ പിതാവ് ശശിധരന്റെ ഹോട്ടലിലെ സഹായിയാണ് ശ്യാംജിത്ത്. ഇയാളുടെ സഹോദരിയും വിഷ്ണുപ്രിയയും സഹപാഠികളായിരുന്നു. ഇതുവഴിയാണ് വിഷ്ണുപ്രിയയെ പരിചയപ്പെട്ടത്. അഞ്ചുവർഷമായി പ്രണയത്തിലായിരുന്നെങ്കിലും കഴിഞ്ഞ കുറച്ചുമാസങ്ങളായി വിഷ്ണുപ്രിയ അകന്നതാണ് കൊലയ്ക്ക് കാരണമെന്നാണ് പ്രതിയുടെ മൊഴി.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!