‘കൊന്നത് സ്വയം നിർമിച്ച കത്തി കൊണ്ട്; കട്ടിങ് മെഷീൻ ഉപയോഗിക്കാനും പ്രതി പദ്ധതിയിട്ടു’

Share our post

കണ്ണൂർ : പാനൂർ മൊകേരി വള്ള്യായിയിൽ വിഷ്ണുപ്രിയയെ പട്ടാപ്പകൽ വീട്ടിലെ കിടപ്പുമുറിയിൽ കഴുത്തറുത്തു കൊന്നത് പ്രതി സ്വയം നിർമിച്ച കത്തി കൊണ്ടെന്ന് പൊലീസ്. കട്ടിങ് മെഷീൻ ഉപയോഗിക്കാനും പ്രതി പദ്ധതിയിട്ടു. ഇതിനായി കട്ടിങ് മെഷീന്‍ വാങ്ങി, പവര്‍ ബാങ്കും കരുതി. എന്നാൽ പദ്ധതി പിന്നീട് വേണ്ടെന്നു വയ്ക്കുകയായിരുന്നുവെന്നു പൊലീസ് പറയുന്നു. കട്ടിങ് മെഷീന്‍ ശ്യാംജിത്തിന്‍റെ മാനന്തേരിയിലെ വീട്ടില്‍നിന്ന് പൊലീസ് കണ്ടെത്തി.

കൊലപാതക സമയത്ത് ഉപയോഗിച്ച വസ്ത്രങ്ങളും ഷൂസും ബാഗിലാക്കി ശ്യാംജിത്തിന്‍റെ വീടിനടുത്തുള്ള പറമ്പിലെ കുളത്തിൽ താഴ്ത്തിയ നിലയിലായിരുന്നു. ബാഗില്‍നിന്ന് മുളകുപൊടിയും പൊലീസ് കണ്ടെടുത്തു. ഇരുതല മൂര്‍ച്ചയുള്ള കത്തി നിര്‍മിച്ചത് മൂന്നുദിവസം കൊണ്ടാണെന്നും ഇതിനുള്ള ഇരുമ്പും പിടിയും വാങ്ങിയത് പാനൂരിൽ നിന്നാണെന്നും പൊലീസ് പറയുന്നു. കത്തി മൂര്‍ച്ച കൂട്ടാനുള്ള ഉപകരണവും വീട്ടില്‍നിന്ന് കണ്ടെത്തി. പ്രതി വിഷ്ണുപ്രിയയുടെ വീട്ടിലെത്തിയ ബൈക്ക് വീടിനുമുന്നില്‍നിന്ന് പൊലീസ് കണ്ടെത്തി. പ്രതി അന്വേഷണം അട്ടിമറിക്കാനും ആസൂത്രിതമായ ശ്രമം നടത്തി. മറ്റൊരുടെയോ മുടി ശേഖരിച്ച് ബാഗിൽ സൂക്ഷിച്ചിരുന്നതായി പൊലീസ് പറയുന്നു.

ഇന്നലെ രാവിലെ പതിനൊന്നരയോടെയാണ് വിഷ്ണുപ്രിയ കൊല്ലപ്പെട്ട വിവരം പുറംലോകം അറിയുന്നത്. വിഷ്ണുപ്രിയ രക്തത്തിൽ കുളിച്ചു കിടക്കുന്ന കാഴ്ച അമ്മയ്ക്കും കാണേണ്ടി വന്നു. വിഷ്ണുപ്രിയയുടെ ശരീരത്തിൽ 18 ഓളം മുറിവുകളാണ് ഉണ്ടായിരുന്നത്. കഴുത്തു ഭാഗം അറ്റു തൂങ്ങിയ നിലയിലാണ്. കൈ കാലുകൾ ഉൾപ്പെടെ ശരീരമാസകലം വെട്ടേറ്റിട്ടുണ്ടെന്ന് പൊലീസ് പരിശോധനയിൽ വെളിവായി. മൂർച്ചയേറിയ ആയുധം ഉപയോഗിച്ചു നടത്തിയ അക്രമത്തിൽ കൈകാലുകളിലെ നാഡികൾക്കടക്കം ക്ഷതമേറ്റിട്ടുണ്ട്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!