വൈദ്യുതി ഉൽപാദനം; ചരിത്ര നേട്ടത്തിന് അരികെ ബാരാപോൾ പദ്ധതി

Share our post

ഇരിട്ടി :ബാരാപോൾ മിനി ജലവൈദ്യുതി പദ്ധതിയിൽ ഉൽപാദനം റെക്കോർഡ് നേട്ടത്തിലേക്ക്. സൂക്ഷ്‌മതയോടും കൃത്യതയോടും ഉള്ള പ്രവർത്തനത്തിനു ജീവനക്കാർക്ക് അഭിനന്ദനം അറിയിച്ചു മന്ത്രി കെ.കൃഷ്ണൻ കുട്ടി. തന്റെ ഫെയ്സ്ബുക് കുറിപ്പിലാണ് ബാരാപോൾ പദ്ധതി സംബന്ധിച്ചു വിശദമായ വിവരണത്തോടെ മന്ത്രി പ്രശംസ കുറിപ്പ് ഇട്ടത്. ഇതോടെ കൂടുതൽ ആവേശത്തിലാണ് ജീവനക്കാർ. ഒരു വർഷം കൊണ്ട് കൈവരിക്കേണ്ട 36 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉൽപാദനം എന്ന നേട്ടം നാലര മാസത്തിനകം നേടാനായി. റെക്കോർഡ് നേട്ടം കൈവരിച്ച കഴിഞ്ഞ വർഷത്തേക്കാൾ 6 ദിവസം മുൻപാണ് ഇക്കുറി 36 ദശലക്ഷം മറികടന്നത്.

കഴിഞ്ഞ വർഷം ഒക്ടോബർ 13 ന് ആയിരുന്നു ഈ ലക്ഷ്യം കൈവരിച്ചത്. ഈ വർഷം ഒക്ടോബർ 7 ന് ഈ നേട്ടം കരസ്ഥമാക്കി.ഇന്നലെ ഉച്ചയ്ക്ക് 12 വരെ ഈ വർഷത്തെ ഉൽപാദനം 3,88,80,624 യൂണിറ്റ് ആണ്. തുലാവർഷം കൂടി ശരാശരി ലഭിച്ചാൽ 50 ദശ ലക്ഷം യൂണിറ്റ് എന്ന ചരിത്ര നേട്ടം കൈവരിക്കാൻ കഴിയുമെന്നാണ് കെഎസ്ഇബി ജനറേഷൻ വിഭാഗത്തിന്റെ പ്രതീക്ഷ.

4 മാസത്തിൽ അധികം പുഴയിൽ നല്ല നീരൊഴുക്ക് ലഭിച്ചതിനാൽ 5 മെഗാവാട്ടിന്റെ 3 ജനറേറ്ററുകളും മുഴുവൻ സമയവും പ്രവർത്തിപ്പിക്കാൻ കഴിഞ്ഞിരുന്നു. പ്രതിദിനം 3,60,000 യൂണിറ്റാണ് 3 ജനറേറ്ററുകളും 24 മണിക്കൂർ പ്രവർത്തിച്ചാൽ ഉള്ള ഉൽപാദനം. ഇപ്പോൾ 2 ജനറേറ്ററുകൾ ഭാഗികമായി പ്രവർത്തിച്ചു 6 മെഗാവാട്ട് (1.8 ലക്ഷം യൂണിറ്റ്) വൈദ്യുതി ആണു പ്രതിദിന ഉൽപാദനം. കർണാടകയുടെ കുടക് – ബ്രഹ്മഗിരി വന്യജീവി സങ്കേതം മലനിരകളിൽ നിന്നു ഉത്ഭവിച്ചു എത്തുന്ന ബാരാപോൾ പുഴയിൽ പാലത്തിൻകടവിലാണ് ജലവൈദ്യുതി സ്ഥാപിച്ചിട്ടുള്ളത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!