‘ശ്യാംജിത്തിന്റെ പേര് പറഞ്ഞ് വിഷ്ണുപ്രിയ അലറി കരഞ്ഞു’: ആ ഫോൺ വിളി തെളിവായി

Share our post

പാനൂർ (കണ്ണൂർ) :പാനൂർ മൊകേരി വള്ള്യായിയിൽ വിഷ്ണുപ്രിയ(23)യെ പട്ടാപ്പകൽ വീട്ടിലെ കിടപ്പു മുറിയിൽ കഴുത്തറുത്തു കൊലപ്പെടുത്തിയ കൂത്തുപറമ്പ് മാനന്തേരി സ്വദേശി താഴെകളത്തിൽ എം.ശ്യാംജിത്തിനെ (23) പൊലീസ് കുടുക്കിയത് വിഷ്ണുപ്രിയയുടെ ഫോണിലേക്കു വന്ന കോളുകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ. വിഷ്ണുപ്രിയയെ കൊലപ്പെടുത്തണമെന്ന ലക്ഷ്യത്തോടെ ശ്യാംജിത്ത് വിഷ്ണുപ്രിയയുടെ വീട്ടിൽ എത്തുമ്പോൾ വിഷ്ണുപ്രിയ പൊന്നാനി സ്വദേശിയായ സുഹൃത്തിനോട് സംസാരിക്കുകയായിരുന്നു. ശ്യാംജിത്ത് വന്നിട്ടുണ്ടെന്നു സുഹൃത്തിനോട് പറയുകയും ചെയ്‌തു.

ശ്യാംജിത്തിന്റെ പേര് പറഞ്ഞ് വിഷ്ണുപ്രിയ ഉറക്കെ നിലവിളിച്ചുവെന്നും പിന്നെ വിളിച്ചിട്ടും കിട്ടിയില്ലെന്നും സുഹൃത്ത് പൊലീസിൽ മൊഴി നൽകിയിരുന്നു. പൊലീസ് എത്തുമ്പോൾ വിഷ്‌ണുപ്രിയയുടെ ഫോൺ നിലത്ത് വീണ് കിടക്കുകയായിരുന്നു.ശ്യാംജിത്തുമായുള്ള ബന്ധത്തെ കുറിച്ച് വിഷ്ണുപ്രിയയുടെ വീട്ടുകാർക്ക് അറിവുണ്ടായിരുന്നില്ല. വിഷ്ണുപ്രിയയുടെ ഫോണിൽ നിന്ന് തന്നെയാണ് പൊലീസിന് ശ്യാംജിത്തിന്റെ നമ്പർ ലഭിച്ചത്. ശ്യാംജിത്തിന്റെ നമ്പർ ടവര്‍ ലൊക്കേഷന്‍ നോക്കി പിന്തുടർന്ന പൊലീസ് മാനന്തേരിയിൽ ശ്യാംജിത്തിന്റെ അച്ഛൻ നടത്തുന്ന ഹോട്ടലിൽ നിന്നാണ് പ്രതിയെ പിടികൂടിയത്.

ആദ്യം പ്രതിരോധിക്കാൻ ശ്രമിച്ചുവെങ്കിലും വൈകാതെ കുറ്റം സമ്മതിക്കുകയായിരുന്നു. വിഷ്ണുപ്രിയയെ കൊലപ്പെടുത്തിയതിനു ശേഷം ചോരപുരണ്ട കത്തിയും ചുറ്റികയും കഴുകി ബാഗിൽവച്ച് ബൈക്കില്‍ വീട്ടിലെത്തി കുളിച്ച് ഹോട്ടലിൽ ജോലിയ്ക്ക് എത്തുകയായിരുന്നു. നാടുവിടാനായിരുന്നു പ്രതിയുടെ തീരുമാനം.അഞ്ച് വർഷമായി വിഷ്ണുപ്രിയയുമായി പ്രണയത്തിൽ ആയിരുന്നുവെന്നും മൂന്നുമാസമായി തന്നെ തീർത്തും അവഗണിക്കുകയായിരുന്നെന്നും പ്രതി പൊലീസിനോട് പറഞ്ഞു. ബുധനാഴ്‍ചയാണ് വിഷ്ണുപ്രിയയെ കൊലപ്പെടുത്താൻ പ്രതി തീരുമാനിച്ചത്.

ഇതിനു പിന്നാലെ പാനൂരിൽ നിന്ന് വെട്ടുകത്തിയും ചുറ്റികയും വാങ്ങി സൂക്ഷിച്ചു. ഇന്നലെ 11.30നാണു കൊലപാതകം നടന്നത്. അച്ഛമ്മയുടെ മരണാനന്തര ചടങ്ങിൽ പങ്കെടുക്കാൻ സമീപത്തെ ബന്ധുവീട്ടിലായിരുന്ന വിഷ്ണുപ്രിയ വസ്ത്രം മാറാൻ വീട്ടിലെത്തിയപ്പോഴാണു കൊലപാതകം. ഏറെ സമയം കഴിഞ്ഞിട്ടും കാണാതിരുന്നതിനാൽ, ബന്ധുവായ യുവതി വന്നു നോക്കിയപ്പോഴാണു വിവരമറിഞ്ഞത്. കിടക്കയിൽ കഴുത്തറ്റു തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. രണ്ടു കൈകളിലും കാലിന്റെ പിൻഭാഗത്തും വെട്ടേറ്റിട്ടുണ്ട്. തറയിൽ രക്തം തളം കെട്ടിയിരുന്നു.

വീടിന്റെ പിൻവാതിൽ വഴി അകത്തു കടന്ന് ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു വീഴ്ത്തി കഴുത്തറുത്തു കൊലപ്പെടുത്തിയെന്നാണു യുവാവിന്റെ കുറ്റസമ്മതമെന്നു പൊലീസ് പറഞ്ഞു. ശരീരത്തിൽ 18 മുറിവുകളുണ്ട്. വിഷ്ണുപ്രിയ നാലഞ്ചു ദിവസങ്ങളായി മാനസിക സമ്മർദത്തിൽ ആയിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു. ശ്യാംജിത്തിനെക്കുറിച്ച് ഒന്നും തന്നെ ബന്ധുക്കളോട് പറഞ്ഞിരുന്നില്ലെന്നും ദിവസങ്ങൾക്കു മുൻപ് തന്നെ ശ്യാംജിത്ത് ഭീഷണി മുഴക്കിയിരിക്കാം എന്നുമാണ് നിഗമനം. ഇന്ന് രാവിലെ പത്തുമണിയോടെ പരിയാരം മെഡിക്കൽ കോളജിൽ പോസ്‌റ്റ്മോർട്ടം നടപടികൾക്ക് തുടക്കമാകും. ഒരു മണിയോടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും. മൂന്നു മണിയോടെ വീട്ടുവളപ്പിൽ സംസ്കാരം നടക്കും. പ്രതിയെ ഇന്നു കോടതിയില്‍ ഹാജരാക്കും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!