കാട്ടുപന്നികളെ തുരത്താന്‍ ചെത്തിക്കൊടുവേലി

കാട്ടുപന്നികളെ തുരത്താന്‍ കര്‍ഷകര്‍ക്ക് ആശ്വാസമായി ചെത്തിക്കൊടുവേലി. കൃഷിയിടത്തില്‍ ഇതിന്റെ തൈകള്‍ നട്ടുപിടിപ്പിച്ചാണ് കര്‍ഷകരുടെ പ്രതിരോധം. ഇതോടെ ചെത്തിക്കൊടുവേലി കൃഷി വ്യാപിപ്പിക്കാന്‍ തൈകളുണ്ടാക്കി വില്‍പ്പന നടത്തുകയാണ് പാലയാട് കോക്കനട്ട് നഴ്‌സറി.കൃഷിയിടങ്ങളിലെ പന്നി ശല്യം തടയാന്‍ ചെത്തിക്കൊടുവേലിയിലൂടെ സാധിക്കും. ചെടിയുടെ ചുവട്ടില്‍ പന്നികള്‍ മണ്ണു കിളയ്ക്കുമ്പോള്‍ ഇതിന്റെ കിഴങ്ങില്‍ നിന്നും നീരൊഴുകും.
ഈ നീര് പന്നിയുടെ മൂക്കിന്റെ നേര്‍ത്ത ഭാഗത്ത് പൊള്ളലിന് സമാനമായ ആഘാതം ഉണ്ടാക്കും. ഇതിനാല്‍ പന്നികള്‍ പിന്നീട് കൃഷിയിടത്തിലേക്ക് വരാനുള്ള സാധ്യത കുറവാണ്. നേരത്തെ ഈ പരീക്ഷണം നടത്തി വിജയിച്ച കര്‍ഷകര്‍ ജില്ലയിലുണ്ട്. കൃഷി വകുപ്പ് നടത്തിയ നീരീക്ഷണത്തിലും ചെത്തിക്കൊടുവേലി ഫലപ്രദമാണെന്ന് വ്യക്തമായി. ഇതോടെയാണ് പാലയാട് നഴ്‌സറി തൈകള്‍ നിര്‍മിച്ച് 12 രൂപ നിരക്കില്‍ വില്‍പ്പന തുടങ്ങിയത്. ആവശ്യാനുസരണം തൈകളുടെ ഉത്പാദനം വര്‍ധിപ്പിക്കുമെന്ന് പാലയാട് ഫാമിന്റെ ചുമതലയുള്ള കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ ബിജു ജോസഫ് പറഞ്ഞു.
ചെടിയുടെ കിഴങ്ങ് ഔഷധ ഗുണമുള്ളതാണ്. ആയുര്‍വേദ മരുന്നുണ്ടാക്കുന്ന സ്ഥാപനങ്ങള്‍ക്ക് ഇവ വില്‍പ്പന നടത്താനും കര്‍ഷകര്‍ക്ക് കഴിയും. കിഴങ്ങ് ചുണ്ണാമ്പ് വെള്ളത്തില്‍ ശുദ്ധീകരിച്ചാണ് ഉപയോഗിക്കുക. പന്നികളെ പ്രതിരോധിക്കുന്നതിനൊപ്പം അധിക വരുമാനവും ലഭിക്കുന്നതിനാല്‍ തൈകള്‍ക്ക് ആവശ്യക്കാര്‍ ഏറെയാണ്. കൃഷിക്കായി മൂപ്പെത്താത്ത തണ്ടുകളാണ് നട്ടുപിടിപ്പിക്കേണ്ടത്. അഞ്ചുവര്‍ഷത്തോളം നിലനില്‍ക്കുന്ന ഇവക്ക് കാര്യമായ വള പ്രയോഗവും ആവശ്യമില്ല.