പാനൂർ: സമ്പൂർണ ജലസംരക്ഷണ ബ്ലോക്ക് പഞ്ചായത്തായി മാറ്റുകയെന്ന ലക്ഷ്യത്തോടെ പാനൂർ ബ്ലോക്ക് നടപ്പാക്കിവരുന്ന ‘നനവ്’ പദ്ധതിയുടെ തുടർച്ചയായി ജല ബജറ്റ് തയാറാക്കുന്നു. കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെ കീഴിൽ വരുന്ന ജലവിഭവ വികസന വിനിയോഗ കേന്ദ്രത്തിന്റെ സാങ്കേതിക സഹായത്തോടെയാണ് വിശദമായ പദ്ധതിരേഖ തയാറാക്കുക.
ജല സാക്ഷരത, ഓരോ പഞ്ചായത്തിലും ചുരുങ്ങിയത് ഒരു മഴമാപിനി എന്നിങ്ങനെ വ്യത്യസ്തമായ പരിപാടികളിലൂടെ ജലസംരക്ഷണത്തിന്റെ പുതിയ പാഠങ്ങളുമായാണ് പ്രവർത്തനങ്ങൾ. ഓരോ തുള്ളി വെള്ളവും സംരക്ഷിച്ചുകൊണ്ട് വരും തലമുറക്കുകൂടി മാതൃകാപരമായ കരുതലായി ജലസംരക്ഷണ പ്രവർത്തനങ്ങൾ മൂന്ന് വർഷത്തിനകം യാഥാർഥ്യമാക്കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്.
ഓരോ പ്രദേശത്തും ലഭ്യമാവുന്ന മഴയുടെ അളവ് മനസ്സിലാക്കി പദ്ധതി നടപ്പാക്കും. ഇതിനായി ചൊക്ലി, പന്ന്യന്നൂർ, മൊകേരി, കതിരൂർ പഞ്ചായത്തുകളിൽ മഴമാപിനി സ്ഥാപിക്കും. ഇതിനുവേണ്ട പരിശീലനങ്ങൾ സി.ഡബ്ല്യു.ആർ.ഡി.എം. നൽകുന്നതാണ്.
സ്കൂളുകൾ, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ച് മഴ മാപിനികൾ സ്ഥാപിക്കുന്നത് വഴി കുട്ടികളിൽ മഴയുടെ തോത് അളക്കുന്നതും കാലാവസ്ഥ നിരീക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കുന്നതിനും ഉതകുന്ന തരത്തിലാവും തുടർപ്രവർത്തനങ്ങൾ. ലഭ്യമാവുന്ന മഴ, പുഴകളിലും കുളങ്ങളിലും തോടുകളിലും നിലനിൽക്കുന്ന ജലം, ഭൂഗർഭജല സ്രോതസ്സ് എന്നിവ വരവായി കണക്കാക്കിയും കുടിവെള്ളം, കൃഷി, വ്യവസായം, നിർമാണം, വ്യക്തിശുചിത്വം
തുടങ്ങിയവ ചെലവിനങ്ങളായും കണക്കാക്കിയാണ് ബജറ്റ് തയാറാക്കുക. വരവറിഞ്ഞ് ചെലവഴിക്കുകയെന്ന തത്ത്വമാണ് ജല ബജറ്റിലൂടെ പ്രാവർത്തികമാക്കുന്നത്. തോടുകളിലും മറ്റും ഒഴുകുന്ന ജലത്തിന്റെ അളവും ജനങ്ങളുടെ പങ്കാളിത്തത്തോടെ നടത്താനും പദ്ധതിയിൽ പരാമർശിക്കുന്നുണ്ട്.
എല്ലാവർക്കും കിണർ എന്നതിന് പകരം പൊതു കിണറുകളിലൂടെ കുടിവെള്ളമെത്തിച്ചാൽ കോളിഫോം പ്രശ്നങ്ങൾ ഇല്ലാതാക്കാനാവുമെന്ന ഭൂഗർഭജല വകുപ്പിന്റെ നിർദേശവും ഇവിടെ പഠന വിധേയമാക്കും. ഭൂഗർഭ ജലവകുപ്പ് പാനൂർ ബ്ലോക്കിനെ സെമി ക്രിട്ടിക്കൽ ഗണത്തിൽപെടുത്തിയ സാഹചര്യത്തിൽ ഇത്തരമൊരു പഠനം വളരെ ഉപകാരപ്പെടുമെന്ന് അധികൃതർ പറഞ്ഞു.
സി.ഡബ്ല്യൂ.ആർ.ഡി.എം, ഹരിത കേരളം മിഷൻ, തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ സംയുക്ത കൂട്ടായ്മയിലൂടെയാണ് പദ്ധതി നടപ്പാക്കുക. ഇതിന്റെ ഭാഗമായി മൂന്നാഴ്ച മുമ്പ് വൈസ് പ്രസിഡന്റ് ടി.ടി. റംലയുടെ നേതൃത്വത്തിൽ ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധിസംഘം കുന്ദമംഗലത്തെ സി.ഡബ്ല്യൂ,ആർ.ഡി.എം. ഓഫിസിലെത്തി പ്രാഥമിക ചർച്ച നടത്തിയതിന്റെ അടിസ്ഥാനത്തിൽ പ്രത്യേകസംഘം താഴെ ചമ്പാട്ടെ ബ്ലോക് പഞ്ചായത്ത് ഓഫിസിലെത്തിയിരുന്നു.
ശാസ്ത്രജ്ഞരായ ബി. വിവേക്, ഡോ. സന്തോഷ് ഓൺടെ എന്നിവർ മൊകേരി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് പി. വത്സൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ്, ടി.ടി. റംല, രമേശ് കണ്ടോത്ത്, മറ്റ് ജനപ്രതിനിധികൾ, സെക്രട്ടറി ടി.വി. സുഭാഷ്, ഇ.കെ. സോമശേഖരൻ, പഞ്ചായത്ത്തല ആർ.പിമാർ തുടങ്ങിയവരുമായി ചർച്ച നടത്തി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. ശൈലജ അധ്യക്ഷയായി. പ്രാഥമികവിവരങ്ങൾ യോഗത്തിൽ അവതരിപ്പിച്ച സംഘം വിശദമായ പഠനം അടുത്ത ദിവസങ്ങളിൽ നടത്തി ഡി.പി.ആർ തയാറാക്കുമെന്നറിയിച്ചു.