ലഹരിമരുന്നിന് പണം നല്‍കിയില്ല; മകൻ അമ്മയുടെ കൈകൾ വെട്ടി, പരാതി നൽകാതെ അമ്മ

കണ്ണൂർല: ഹരിക്കടിമയായ മകന്റെ വെട്ടേറ്റ് അമ്മയുടെ ഇരുകൈയിലും പരുക്ക്. കണ്ണൂർ വടക്കെ പൊയിലൂരിൽ വ്യാഴാഴ്ച രാത്രിയാണ് സംഭവം. വടക്കയിൽ വീട്ടിൽ നിഖിൽ രാജ്(29) ആണ് അമ്മ ജാനുവിനെ കത്തി ഉപയോഗിച്ച് ആക്രമിച്ചത്. രാത്രി വീട്ടിലെത്തിയ നിഖിൽ രാജ് ലഹരി വസ്തുക്കൾ വാങ്ങാൻ പണം ചോദിച്ചു. ഇത് നൽകാതിരുന്നതോടെ ആണ് അമ്മയെ ആക്രമിച്ചതെന്നു നാട്ടുകാർ പറഞ്ഞു.
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തിയാണ് ജാനുവിനെ പാനൂർ ജനറൽ ആശുപത്രിയിൽ എത്തിച്ചത്. അമ്മ പരാതി നൽകാൻ തയാറാകാത്തതിനാൽ പൊലീസ് കേസ് റജിസ്റ്റർ ചെയ്തിട്ടില്ല. ജനപ്രതിനിധികൾ ഉൾപ്പെടെ ജാനുവുമായി സംസാരിച്ചെങ്കിലും കേസ് നൽകില്ല എന്ന തീരുമാനത്തിലാണ് ജാനു. അതേസമയം നിഖിൽ രാജ് നിരന്തരമായി അമ്മയെയും നാട്ടുകാരെയും ഭീഷണിപ്പെടുത്താറുണ്ട് എന്ന് നാട്ടുകാർ പറഞ്ഞു. ഇയാൾക്കെതിരെ പരാതി ഇല്ലാത്തതിനാൽ കേസെടുക്കാൻ കഴിയില്ലെന്ന് കൊളവല്ലൂർ പൊലീസ് അറിയിച്ചു.