ഇലന്തൂർ നരബലിയിൽ വീണ്ടും ഡമ്മി: പരിശോധനയ്ക്ക് പൊലീസിനൊപ്പം ഡോക്ടർമാരുടെ സംഘവും

പത്തനംതിട്ട: ഇലന്തൂരിൽ ഇരട്ട നരബലി നടന്ന ഭഗവൽ സിംഗിന്റെ വീട്ടിൽ വീണ്ടും ഡമ്മി പരീക്ഷണം. മൃതദേഹങ്ങളിലെ മുറിവുകളെ സംബന്ധിച്ചുള്ള പരിശോധനയ്ക്കുവേണ്ടിയാണ് പരീക്ഷണം നടത്തുന്നത്. പത്മയുടെയും റോസിലിന്റെയും മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം നടത്തിയ സർജന്മാരുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന. ഇതിനായി പ്രതികളായ ഭഗവൽ സിംഗിനെയും ഷാഫിയെയും സ്ഥലത്ത് എത്തിച്ചിട്ടുണ്ട്.പത്മ, റോസിലിൻ എന്നിവരുടെ കൊലപാതകവും നരബലിയും എങ്ങനെയാണ് നടത്തിയതെന്ന് വ്യക്തമാകുന്നതിനായി നേരത്തേയും ഡമ്മി പരിശോധന നടത്തിയിരുന്നു.
വീട്ടിനുള്ളിൽ പൊലീസ് ഒരുക്കിയ പ്രത്യേക ടേബിളിനുമുകളിൽ വച്ചായിരുന്നു പരീക്ഷണം.കേസിലെ പ്രതികളിലാെരാളായ മുഹമ്മദ് ഷാഫി പത്മയെ ഇലന്തൂരിലേക്ക് കൊണ്ടുപോയയത് അന്വേഷണ സംഘം കഴിഞ്ഞദിവസം പുനരാവിഷ്കരിച്ചിരുന്നു. കൊലപാതകം നടന്ന ദിവസം രാവിലെ നടന്ന സംഭവങ്ങളാണ് പ്രതിയുടെ സാന്നിദ്ധ്യത്തിൽ പുനരാവിഷ്കരിച്ചത്. സെപ്തംബർ 26 ന് രാവിലെ 9.15 ന് ചിറ്റൂർ റോഡിലെ കൃഷ്ണ ഹോസ്പിറ്റലിന് സമീപത്തുവച്ചാണ് മുഹമ്മദ് ഷാഫിയും പത്മയും ആദ്യം കണ്ടത്. പിന്നീട് ഷാഫി ബൈക്കുമായി ഫാഷൻ സ്ട്രീറ്റിലേക്ക് പോയി. സ്കോർപിയോ കാറുമായി 9.25 ഓടെ ചിറ്റൂർ റോഡിലേക്ക് തിരിച്ചെത്തി. കൃഷ്ണ ഹോസ്പിറ്റലിനുസമീപം കാത്തുനിന്ന പത്മയെ ഇവിടെ വച്ചാണ് ഇലന്തൂരിലേക്ക് കൊണ്ടുപോയത്. ഇക്കാര്യങ്ങളാണ് പുനരാവിഷ്കരിച്ചത്.