ചെക്ക് പോസ്റ്റിലെ സേവനങ്ങൾ ഇന്ന് മുതൽ ഓൺലൈനിൽ

തിരുവനന്തപുരം: അഴിമതി തടയുന്നതിന്റെ ഭാഗമായി മോട്ടോർ വാഹനവകുപ്പിന്റെ ചെക്ക്പോസ്റ്റുകൾ കറൻസിരഹിത ഓൺലൈൻ ഇടപാടിലേക്ക് മാറുന്നു. സംസ്ഥാനത്തിന് അകത്തേയ്ക്കും പുറത്തേയ്ക്കും കടക്കുന്ന ടാക്സി വാഹനങ്ങളുടെ പെർമിറ്റ് വിതരണം പൂർണ്ണമായും ഓൺലൈനായി മാറും. പണം ഓൺലൈനായി അടച്ച് വാഹന ഉടമകൾക്ക് മുൻകൂട്ടി പെർമിറ്റ് എടുക്കാം. ചെക്ക് പോസ്റ്റിൽ കാത്ത് കിടന്ന് പെർമിറ്റ് എടുക്കേണ്ടതില്ല. ചെക്ക്പോസ്റ്റുകളിലെ പെർമിറ്റ് വിതരണവും പണമിടപാടുകളുമാണ് കൈക്കൂലിക്കും ക്രമക്കേടിനും വഴി തെളിച്ചിരുന്നത്.
18 ചെക്കുപോസ്റ്റുകളും കേന്ദ്രസർക്കാരിന്റെ വാഹൻ സോഫ്റ്റ്‌വെയറുമായി ബന്ധിപ്പിക്കുന്നതിന്റെ നടപടികൾ പൂർത്തിയായി. പെർമിറ്റ് വിതരണവും വിജയകരമായി പരീക്ഷിച്ചു ഇന്ന് മുതൽ ചെക്ക് പോസ്റ്റ് സേവനങ്ങൾ ഓൺലൈനിൽ ലഭ്യമാകും. വാഹന ഉടമകളെ സംബന്ധിച്ചിടത്തോളം ഏറെ പ്രയോജനകരമാണ് പുതിയ സംവിധാനം. പെർമിറ്റിനുവേണ്ടി ചരക്ക് ലോറികൾ ചെക്ക് പോസ്റ്റുകളിൽ കാത്ത്കിടക്കുന്നത് ഗതാഗതക്കുരുക്കിനും അപകടങ്ങൾക്കും ഇടയാക്കിയിരുന്നു.
വ്യാജപെർമിറ്റുകൾ പൂർണ്ണമായും തടയാനാകും. പെർമിറ്റുകൾ എവിടെവച്ചും ഓൺലൈനിൽ പരിശോധിക്കാനാകും. ചരക്ക് സേവന നികുതി നടപ്പാക്കിയ സാഹചര്യത്തിൽ മോട്ടോർവാഹന ചെക്ക് പോസ്റ്റുകൾ നിറുത്തലാക്കാൻ കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയം നിർദ്ദേശിച്ചിരുന്നു. എന്നാൽ, നികുതി നഷ്ടം ഭയന്ന് സംസ്ഥാനം നടപ്പാക്കിയില്ല.
മോട്ടോർ വാഹന വകുപ്പിന്റെ ചെക്ക് പോസ്റ്റുകളിലെ സേവനങ്ങൾ 2020 നവംബർ ഒന്നു മുതൽ ഓൺലൈനിൽ ലഭ്യമാക്കാൻ തീരുമാനിച്ചത് കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലായിരുന്നു. ഓവർലോഡ് പോലെയുള്ളവയ്ക്ക് ചെക്ക് പോസ്റ്റിൽ പിഴ ചുമത്തുന്നത് തുടരാനും തീരുമാനിച്ചിരുന്നു. എന്നാൽ സോഫ്ട്‌വെയറിലെ തകരാറിനെ തുടർന്ന് പദ്ധതി വൈകി.
അഴിമതിക്ക് വഴിയൊരുക്കിയിരുന്ന മോട്ടോർവാഹനവകുപ്പിന്റെ ചെക്ക്പോസ്റ്റുകൾ എന്നും വിജിലൻസിന്റെ പരിധിയിലായിരുന്നു. പണമിടപാട് ഒഴിവാക്കാൻ വിജിലൻസും ശുപാർശ നൽകിയിരുന്നു. കൈക്കൂലിക്ക് വേണ്ടി ചെക്കുപോസ്റ്റുകളിലേക്ക് മാറ്റം വാങ്ങുന്ന ഉദ്യോഗസ്ഥരുമുണ്ടായിരുന്നു. എന്നാൽ ചെക്കുപോസ്റ്റുകളിൽ ജോലി ചെയ്യാൻ മോട്ടോർവെഹിക്കിൾ ഇൻസ്‌പെക്ടറിൽമാരിൽ പകുതിയോളം പേർ വിമുഖത കാണിച്ച് എഴുതിക്കൊടുത്തതും വിവാദമായിരുന്നു. കേസിൽപെടാൻ സാദ്ധ്യതയുണ്ടെന്ന ഭയം കൊണ്ടാണ് ഉദ്യോഗസ്ഥർ പിൻവാങ്ങിയത്.
പദ്ധതി നടപ്പാക്കുന്ന 18 ചെക്ക് പോസ്റ്റുകൾ അമരവിള ഇൻ, അമരവിള ഔട്ട്, പൂവാർ (തിരുവനന്തപുരം), ആര്യങ്കാവ് (കൊല്ലം), കുമളി (ഇടുക്കി), ഗോപാലപുരം, ഗോവിന്ദാപുരം, മീനാക്ഷിപുരം, നടപ്പുണി, വേലന്താവളം, വാളയാർ ഇൻ, വാളയാർ ഔട്ട് (പാലക്കാട്), വഴിക്കടവ് (മലപ്പുറം), കാട്ടിക്കുളം, മുത്തങ്ങ, (വയനാട്), ഇരിട്ടി (കണ്ണൂർ), മഞ്ചേശ്വരം, നീലേശ്വരം, പെർള (കാസർകോട്) എന്നിവയാണ്.