കയര്‍ചുറ്റിയ നിലയില്‍ ഭാര്യയുടെ മൃതദേഹം; കയറിന്റെ ഒരറ്റം കൊണ്ട് ഭര്‍ത്താവ് തൂങ്ങിമരിച്ചനിലയിലും

Share our post

തിരുവനന്തപുരം: കമലേശ്വരത്ത് ഭാര്യയെ കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. കമലേശ്വരം വലിയവീട് ലെയ്ന്‍ ക്രസന്റ് അപ്പാര്‍ട്ട്മെന്റില്‍ കമാല്‍ റാഫി (52), ഭാര്യ തസ്നീം(42) എന്നിവരാണ് മരിച്ചത്.ബുധനാഴ്ച വൈകീട്ട് നാലു മണിയോടെയാണ് സംഭവം പുറത്തറിയുന്നത്. ഉച്ചയ്ക്കാണ് സംഭവം നടന്നതെന്നാണ് പോലീസ് സംശയിക്കുന്നത്. ഫ്‌ളാറ്റിന്റെ മൂന്നാം നിലയിലാണ് കമാല്‍ താമസിക്കുന്നത്. ഉച്ചയോടെ മുകളില്‍നിന്ന് വലിയ ശബ്ദം കേട്ടതായി താമസക്കാര്‍ പോലീസിനോട് പറഞ്ഞു. മരിച്ച ദമ്പതിമാരുടെ മകന്‍ കോളേജില്‍ ക്ലാസ് കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് സംഭവം അറിയുന്നത്. മകന്‍ ഖലീഫാ ബി.ബി.എ.യ്ക്ക് പഠിക്കുകയാണ്. വൈകീട്ടാണ് ഖലീഫാ എത്തിയത്.

ഫ്‌ളാറ്റിന്റെ വാതില്‍ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഏറെനേരം വിളിച്ചെങ്കിലും തുറന്നില്ല. ഒടുവില്‍ അയല്‍ക്കാരെയും പോലീസിനെയും ബന്ധുക്കളെയും വിളിച്ച് വാതില്‍ തകര്‍ത്ത് അകത്ത് കയറിയപ്പോഴാണ് രണ്ടുപേരെയും മരിച്ചനിലയില്‍ കണ്ടെത്തുന്നത്. തസ്നീം കിടപ്പുമുറിയില്‍ നിലത്ത് മരിച്ചു കിടക്കുകയായിരുന്നു. ഇവരുടെ കഴുത്തില്‍ കയര്‍ ചുറ്റിയ നിലയിലാണ്. ഇതേ കയറിന്റെ അറ്റംകൊണ്ടാണ് കമാല്‍ റാഫി ശൗചാലയത്തിലെ വെന്റിലേറ്ററില്‍ തൂങ്ങി മരിച്ചതെന്ന് പോലീസ് പറഞ്ഞു.കയറുകൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. ഇവര്‍ തമ്മില്‍ അസ്വാരസ്യങ്ങളുണ്ടായിരുന്നുവെന്നാണ് അറിയുന്നത്. പരിശോധനയില്‍ മുറിയില്‍ നിന്നും കമാല്‍ എഴുതിയതെന്ന് കരുതുന്ന ആത്മഹത്യ കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. ഇത് പോലീസ് പരിശോധിച്ച് വരികയാണ്.

കാറുകളുടെ സ്പെയര്‍ പാര്‍ട്സ് കട നടത്തുന്ന കമാല്‍ റാഫി കന്യാകുമാരി തേങ്ങാപ്പട്ടണം സ്വദേശിയാണ്. ആറു വര്‍ഷത്തോളമായി കമലേശ്വരത്താണ് താമസം. മക്കള്‍ : ഖലീഫാ, ധനൂറ (ബിരുദ വിദ്യാര്‍ഥി), ദൈയ്സീറ (പത്താംക്ലാസ് വിദ്യാര്‍ഥി). വിരലടയാള വിദഗ്ധരും ഫൊറന്‍സിക് സംഘവും രാത്രിയോടെ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.മൃതദേഹങ്ങള്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും. കമാല്‍ റാഫി ഫ്‌ളാറ്റില്‍ ഒറ്റയ്ക്കാണ് താമസം. ഭാര്യ തസ്നീം ഭക്ഷണമുണ്ടാക്കിക്കൊടുക്കാന്‍ എല്ലാദിവസവും വരികയാണെന്ന് പോലീസ് പറഞ്ഞു. രണ്ടുമക്കള്‍ക്കൊപ്പം തൊട്ടടുത്ത് തന്നെ സഹോദരിക്കൊപ്പമാണ് തസ്നീം താമസിക്കുന്നത്.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!