‘സമത’യുടെ അവാർഡ് സമർപ്പണം

തൃശൂർ: ലിംഗനീതി കൂട്ടായ്മയായ ‘സമത’യുടെ അവാർഡ് സമർപ്പണം നാളെ ഉച്ചയ്ക്ക് ഒന്നിന് കേരളവർമ കോളേജിലെ വി.വി.രാഘവൻ സ്മാരക ഓഡിറ്റോറിയത്തിൽ നടക്കും. ആയിരത്തിലധികം കിണറുകൾ നിർമ്മിച്ച അടൂർ സ്വദേശിനി കുഞ്ഞിപ്പെണ്ണിന് ഉറവ് അവാർഡും ആഴക്കടൽ മത്സ്യബന്ധനത്തിനുള്ള ലൈസൻസ് കരസ്ഥമാക്കിയ വനിത തൃശൂർ ഏങ്ങണ്ടിയൂർ സ്വദേശിനിക്ക് സാഗര അവാർഡും ഏക വനിതാ ആംബുലൻസ് ഡ്രൈവർ കോഴിക്കോട് വിലങ്ങാട് സ്വദേശിനി ദീപ ജോസഫിന് സാരഥി അവാർഡും സമ്മാനിക്കും.
20,000 രൂപയാണ് പുരസ്‌കാരം.രണഗീതി അവാർഡ് എം.എൽ.പൗളീന ടീച്ചർക്ക് തലശേരിയിലുള്ള വീട്ടിൽ വച്ച് സമ്മാനിച്ചു. ജന്മനാ രണ്ട് കൈകളില്ലാതെ കാൽവിരൽ കൊണ്ട് എഴുതുകയും ചിത്രം വരയ്ക്കുകയും ചെയ്യുന്ന മണ്ണുത്തി മുല്ലക്കര സ്വദേശിനി ടി.എൽ.ശാന്ത, എഴുപതാം വയസിൽ കൈകൾ പിറകിൽ കെട്ടി 780 മീറ്റർ നീന്തിക്കടന്ന ആലുവ സ്വദേശിനി വി.കെ.ആരിഫ, ബൈക്കിൽ 59 ദിവസത്തെ അഖിലേന്ത്യാ പര്യടനം നടത്തിയ പാലക്കാട് കൽപ്പാത്തി സ്വദേശിനി എം.എൽ.ലക്ഷ്മി എന്നിവരാണ് പുരസ്‌കാരം സമ്മാനിക്കുക. പതിനായിരം രൂപയും ഫലകവുമടങ്ങുന്ന കനൽ പുരസ്‌കാരം നൽകി ഇവരെയും ആദരിക്കും. പത്രസമ്മേളനത്തിൽ ടി.എ.ഉഷകുമാരി, ടി.ജി.അജിത, എ.കൃഷ്ണകുമാരി എന്നിവർ പങ്കെടുത്തു.