തല്ലിക്കൊന്നു കുഴിച്ചുമൂടിയ നായയുടെ ജഡം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം; നാട്ടുകാർക്ക് പ്രതിഷേധം

Share our post

പയ്യന്നൂർ: പേവിഷ ബാധ സംശയിച്ചു നാട്ടുകാർ തല്ലിക്കൊന്നു കുഴിച്ചുമൂടിയ നായയുടെ ജഡം, മൃഗക്ഷേമ സംഘടനയുടെ പരാതിയെത്തുടർന്നു പുറത്തെടുത്തു പോസ്റ്റ്മോർട്ടം ചെയ്യാനുള്ള ശ്രമത്തിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. നാടിനു ഭീഷണിയായ നായയുടെ ശല്യം ഒഴിവാക്കിയവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കരുതെന്നാവശ്യപ്പെട്ടാണു നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തിയത്. പയ്യന്നൂർ അഡീഷനൽ എസ്ഐ രമേശന്റെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ ഇടപെട്ടു നാട്ടുകാരെ അനുനയിപ്പിച്ച ശേഷമാണു നായയുടെ ജഡം പുറത്തെടുത്തത്.
കഴിഞ്ഞ 13 നു നഗരത്തിൽ പത്തിലേറെ പേരെ കടിച്ച തെരുവുനായയെ നാട്ടുകാർ തല്ലിക്കൊന്നിരുന്നു. മുനിസിപ്പാലിറ്റി അധികൃതരുടെ സഹായത്തോടെയാണ് ജഡം വീണ്ടും പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തിയത്. വകുപ്പിന്റെ കണ്ണൂർ റീജനൽ ഡിസീസ് ഡയഗ്‌നോസ്റ്റിക് ലാബിൽ നായയുടെ തലച്ചോറിന്റെ ഭാഗങ്ങൾ പരിശോധന നടത്തി. ഫലം ഇന്നു ലഭ്യമാകും. തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന മൃഗ ക്ഷേമ സംഘടനയായ വോക്കിങ് ഐ ഫൗണ്ടേഷൻ ഫോർ അനിമൽ അഡ്വക്കസിയുടെ പരാതിയെത്തുടർന്ന് പയ്യന്നൂർ പൊലീസിന്റെ ആവശ്യപ്രകാരമാണ് മൃഗസംരക്ഷണവകുപ്പ് പോസ്റ്റ്മോർട്ടം നടത്തിയത്.

വകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ഡോ.അജിത് ബാബു, ലാബ് ഡപ്യൂട്ടി ഡയറക്ടർ ഡോ.കെ.ജെ. വർഗീസ്, സീനിയർ വെറ്ററിനറി സർജൻ ഡോ.സന്തോഷ് കുമാർ, വെറ്ററിനറി സർജൻ ഡോ.എ.ആർ.രഞ്ജിനി, ലാബ് ടെക്നിഷ്യൻ പി.രവീന്ദ്രൻ എന്നിവർ പരിശോധനകൾക്കു നേതൃത്വം നൽകി. പേവിഷബാധ സ്ഥിരീകരിച്ചാലും നായയെ കൊന്നവർക്കെതിരെ നടപടിയുണ്ടായേക്കുമെന്ന സംശയം ഉയർന്നിരുന്നു. നായയ്ക്കു ദയാവധം നടത്താൻ വകുപ്പ് അധികൃതർക്കു മാത്രമാണ് അനുവാദം. പയ്യന്നൂർ മാവിച്ചേരിയിൽ ആദ്യം മറവു ചെയ്ത നായയുടെ ജഡം പിന്നീട് അവിടെ നിന്നു നീക്കി മുനിസിപ്പാലിറ്റി അധികൃതരുടെ നേതൃത്വത്തിൽ മറവു ചെയ്യുകയായിരുന്നു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!