പരാക്രമം തുടരുന്നു, ഇന്നലെ തെരുവുനായയുടെ കടിയേറ്റത് 9 പേർക്ക്

Share our post

കണ്ണൂർ/തലശ്ശേരി : ജില്ലയിൽ ഇന്നലെയും തെരുവുനായ്ക്കളുടെ പരാക്രമം. തലശ്ശേരിയിൽ 6 പേർക്കും കണ്ണൂർ നഗരത്തിൽ 3 പേർക്കും തെരുവുനായ്ക്കളുടെ കടിയേറ്റു. തലശ്ശേരി നിട്ടൂർതെരു, ബാലത്തിൽ എന്നിവിടങ്ങളിലാണു തെരുനായയുടെ ആക്രമണമുണ്ടായത്. ട്യൂഷൻ കഴിഞ്ഞു മടങ്ങുകയായിരുന്ന 2 വിദ്യാർഥികളുൾപ്പെടെ 6 പേർക്കാണ് പരുക്ക്. നിട്ടൂർ, ബാലം സ്വദേശികളായ ഭാസ്കരൻ(70), ബാബുരാജ് (30),അഫ്സത്ത് (39), പുരുഷോത്തമൻ (60), വിദ്യാർഥികളായ തനിഷ്(11), ഇഷിത(17) എന്നിവർക്കാണ് കടിയേറ്റത്.

കൈകാലുകൾക്കാണു കടിയേറ്റത്. മുള്ളൻപന്നിയുടെ ആക്രമണത്തിൽ പരുക്കേറ്റ നായയാണ് ആക്രമിച്ചത്. ഇതിന്റെ വയറിലും തലയിലും മുള്ളു തറച്ചു കയറിയ നിലയിലായിരുന്നു. നായ പിന്നീട് ചത്തു. പരുക്കേറ്റവർ തലശ്ശേരി ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. കോർപറേഷൻ ഡിവിഷൻ തുളിച്ചേരിയിൽ 3 പേർക്ക് തെരുവുനായയുടെ കടിയേറ്റു. ഇന്നലെ വൈകിട്ട് മഹിളാ സമാജം അങ്കണവാടിക്കു സമീപം നായയുടെ കടിയേറ്റ ടി.പി.സജിത്ത്(47), വിജിൽ(4) എന്നിവർ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും ബൈജു(50) കണ്ണൂർ ജില്ലാ ആശുപത്രിയിലും ചികിത്സ തേടി.

നടന്നു പോകുന്നതിനിടെ നായ ഓടിച്ചിട്ടു കടിക്കുകയായിരുന്നു. അതേസമയം നഗരമധ്യത്തിൽ അക്രമാസക്തനായി പരിഭ്രാന്തി പരത്തിയ നായയെ കരുതൽ തടങ്കലിലാക്കി. കഴിഞ്ഞ ദിവസം 5 പേരെ കടിക്കുകയും ചത്തതിനു ശേഷം പേവിഷബാധ സ്ഥിരീകരിക്കുകയും ചെയ്ത നായയുടെ ആവാസ വ്യവസ്ഥയിൽ ഉള്ള നായ ആയതിനാലാണ് ആളൊഴിഞ്ഞ വീട്ടിൽ നിരീക്ഷണത്തി ലാക്കിയത്. ഇന്നലെ പിടികൂടാനാ വാതെ പോയ നായ്ക്കളെ വരുതിയിലാക്കുന്ന തിനുള്ള ശ്രമം ഇന്നും തുടരും.

എബിസി മോണിറ്ററിങ് സെൽ അംഗം സീനിയർ വെറ്ററിനറി സർജൻ ഡോ.പി.കെ.പത്മരാജ്, മൃഗക്ഷേമ പ്രവർത്തകൻ ശ്യാം എന്നിവർ പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകി. ഇതിനിടെ, പടിയൂരിലെ എബിസി സെന്ററിൽ പാർപ്പിച്ചിട്ടുള്ള നായ്ക്കളുടെ വന്ധ്യംകരണ പ്രവർത്തനങ്ങൾ ആരംഭിച്ചു. നിലവിൽ 13 നായ്ക്കളാണു സെന്ററിലുള്ളത്. കണ്ണൂർ, തലശ്ശേരി നഗരങ്ങളിൽ ഉടൻ തന്നെ നായ പിടിത്തം ആരംഭിക്കുമെന്നു നിർവഹണ ഉദ്യോഗസ്ഥൻ ഡോ.അജിത് ബാബു അറിയിച്ചു.

തെരുവുനായയുടെ ജഡം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തും കണ്ണൂർ ∙ പയ്യന്നൂരിൽ കഴിഞ്ഞ ദിവസം മറവു ചെയ്ത തെരുവുനായയുടെ ജഡം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്തും. കഴിഞ്ഞ 13 ന് നഗരത്തിൽ 10 പേരെ കടിച്ച തെരുവുനായയെ പേവിഷബാധയുണ്ടെന്ന സംശയത്തെ തുടർന്നാണ് നാട്ടുകാർ തല്ലിക്കൊന്നത്. ഈ തെരുവുനായയുടെ ജഡം പുറത്തെടുത്ത് പേവിഷബാധ ഉണ്ടായിരുന്നോ എന്ന് പരിശോധിക്കണമെന്നാ വശ്യപ്പെട്ടുള്ള കത്ത് പൊലീസ്, ജില്ലയിലെ മൃഗസംരക്ഷണ ഓഫിസർക്ക് ഇന്നലെ രാത്രി കൈമാറി.

തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന വോക്കിങ് ഐ ഫൗണ്ടേഷൻ ഫോർ അനിമൽ അഡ്വക്കസി ഫൗണ്ടർ ആൻഡ് മാനേജിങ് ട്രസ്റ്റിയുടെ പരാതിയെ തുടർന്നാണ് നടപടി. ഇദ്ദേഹം സമർപ്പിച്ച പരാതിയിൽ കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടന്നു വരികയാണ്.

പയ്യന്നൂർ മാവിച്ചേരിയിൽ ആദ്യം മറവു ചെയ്ത നായയുടെ ജഡം പിന്നീട് അവിടെ നിന്നു നീക്കി നഗരസഭയുടെ നേതൃത്വത്തിൽ മറവു ചെയ്യുകയായിരുന്നു. അതേ സമയം അലക്ഷ്യമായി ഓടുകയും ചലിക്കുന്ന വസ്തുക്കളെയെല്ലാം കടിക്കുകയും ചെയ്യുന്നത് അടക്കമുള്ള പേവിഷബാധാ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് നായയെ കൊന്നതെന്ന് നാട്ടുകാർ പറഞ്ഞു.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!