അധികൃതരേ, കണ്ണു തുറക്കൂ…;റോഡിനായി ദുരിതം താണ്ടി കൊളപ്പയിലെ ആദിവാസി കുടുംബങ്ങൾ

കൊളപ്പ : കണ്ണവം വനത്തിനകത്ത് കോളയാട് പഞ്ചായത്തിന്റെ പെരുവ കുന്നിൻചെരിവിൽ കഴിയുന്ന കൊളപ്പയിലെ ആദിവാസി കുടുംബങ്ങളുടെ ആവശ്യം 2 കിലോമീറ്റർ നീളമുള്ള റോഡ് നന്നാക്കി കിട്ടുകയാണ്. അതിനായി കലക്ടറേറ്റിനു മുന്നിൽ നടത്തുന്ന സമരം 7 ദിവസം പിന്നിട്ടു. നൂറോളം കുടുംബങ്ങൾ ഉണ്ടായിരുന്ന കൊളപ്പ ഊരിൽ കാട്ടാനയുടെയും കാട്ടുമൃഗങ്ങളുടെയും ശല്യവും വഴിയും ഇല്ലാത്തതിനാൽ ഒട്ടേറെ കുടുംബങ്ങൾ മാറി താമസിക്കുകയാണ്.
കോളനിയിലേക്കുള്ള റോഡ് നന്നാക്കാൻ ഫണ്ട് അനുവദിച്ചെങ്കിലും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിനാൽ ഉപയോഗപ്പെടുത്താനായില്ല.ഈ ഫണ്ട് തിരിച്ചെടുക്കുകയും ചെയ്തു. ഇതാണ് റോഡ് നന്നാവാത്തതിനു കാരണം. കണ്ണവത്തു നിന്നു ചങ്ങലഗേറ്റ് റോഡ് വഴി 10 കിലോമീറ്റർ സഞ്ചരിച്ചാൽ തെറ്റുമ്മൽ എത്താം. ഇവിടെ നിന്ന് 2 കിലോമീറ്റർ കൂടി സഞ്ചരിച്ചാൽ കൊളപ്പയായി. അങ്ങോട്ടുള്ള പാത അതികഠിനം. നാലുചക്ര ജീപ്പുകൾ പോലും പോകാൻ പ്രയാസപ്പെടുന്ന വഴി.
ഉരുളൻ കല്ലുകൾ നിറഞ്ഞ പാതയിൽ നാലുചക്ര വാഹനവുമായി ചെന്നപ്പോൾ പലതവണ മറിഞ്ഞു വീഴാൻ പോയി.വിദ്യാർഥികൾ ഏറെ കഷ്ടപ്പെട്ടാണ് സ്കൂളുകളിലും കോളജുകളിലും എത്തുന്നത്. കോളനി നിവാസികൾക്കുള്ള റേഷൻ മാസത്തിൽ ഒരു തവണ കൊളപ്പ സാംസ്കാരിക കേന്ദ്രത്തിൽ എത്തിക്കും. ഇന്നലെ റേഷൻ വിതരണത്തിനായി എത്തിയ പിക്കപ്പ് വാൻ ചെങ്കുത്തായ കയറ്റം കയറാതെ വന്നതോടെ കോളനി നിവാസികൾ തള്ളി കയറ്റുകയായിരുന്നു.