മട്ടന്നൂർ ജുമാ മസ്ജിദ് പുനർ നിർമാണ അഴിമതി:അബ്ദുറഹ്‌മാൻ കല്ലായിയുടെ വീട്ടിൽ പരിശോധന

മട്ടന്നൂർ: മട്ടന്നൂർ ജുമാ മസ്ജിദിന്റെ പുനർനിർമാണവുമായി ബന്ധപ്പെട്ട് അഴിമതി നടത്തിയെന്ന കേസിൽ മുസലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുറഹ്‌മാൻ കല്ലായിയുടെ വീട്ടിൽ പോലീസ് പരിശോധന നടത്തി. മട്ടന്നൂർ ഇൻസ്പെക്ടർ എം. കൃഷ്ണന്റെ നേതൃത്വത്തിലാണ് ചൊവ്വാഴ്ച വൈകീട്ടോടെ കല്ലായിയിലെ വീട്ടിൽ പരിശോധന നടത്തിയത്.
കേസിൽ അബ്ദുറഹ്‌മാൻ കല്ലായി ഉൾപ്പടെ മൂന്ന് മുൻ പള്ളിക്കമ്മിറ്റി ഭാരവാഹികളെ മട്ടന്നൂർ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. വഖഫ് ബോർഡിന്റെ അനുമതിയും ടെൻഡർ നടപടികളും കൂടാതെ പള്ളി പുനർനിർമാണം നടത്തിയതിൽ കോടികളുടെ ക്രമക്കേട് നടത്തിയെന്നാണ് കേസ്. കേസിലെ മറ്റൊരു പ്രതിയായ പള്ളിക്കമ്മിറ്റി മുൻ ട്രഷറർ യു. മഹറൂഫിന്റെ വീട്ടിലും പരിശോധന നടത്തി. ഏതാനും രേഖകൾ കണ്ടെടുത്തിട്ടുണ്ടെന്നും കേസുമായി ബന്ധപ്പെട്ടതാണോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും പോലീസ് അറിയിച്ചു. പള്ളി കമ്മിറ്റിയംഗമായ എം.പി. ഷെമീറാണ് പരാതിക്കാരൻ. 2011 മുതൽ 2018 വരെ പള്ളി കമ്മിറ്റി ഭാരവാഹികളായവർക്കെതിരേയാണ് പരാതി.