19.58 ലക്ഷം വരിക്കാരെ നഷ്ടപ്പെട്ട് വോഡഫോൺ ഐഡിയ, നേട്ടം മുഴുവൻ ജിയോയ്ക്കും
രാജ്യത്തെ ടെലികോം വിപണിയിൽ വൻ മാറ്റങ്ങളാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്)യുടെ ഓഗസ്റ്റ് മാസത്തെ വരിക്കാരുടെ കണക്കുകൾ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ട്രായിയുടെ റിപ്പോർട്ട് അനുസരിച്ച് ഓഗസ്റ്റിൽ ജിയോ ഏകദേശം 32.81 ലക്ഷം പുതിയ വരിക്കാരെ ചേർത്തു എന്നാണ്. എതിരാളികളായ എയർടെൽ 3.26 ലക്ഷം വരിക്കാരെയും ചേർത്തു. എന്നാൽ ബിഎസ്എൻഎല്ലിനും വി എന്നറിയപ്പെടുന്ന വോഡഫോൺ ഐഡിയയ്ക്കും വൻ നഷ്ടമാണ് നേരിട്ടത്. വിഐക്ക് 19.58 ലക്ഷം വരിക്കാരെ നഷ്ടപ്പെട്ടപ്പോൾ ബിഎസ്എൻഎല്ലിൽ നിന്ന് 5.67 ലക്ഷം വരിക്കാരും വിട്ടുപോയി.
ഇന്ത്യയിലെ മൊത്തം വയർലെസ് വരിക്കാരുടെ എണ്ണം ജൂലൈ അവസാനത്തിലെ 1,14.8 കോടിയിൽ നിന്ന് ഓഗസ്റ്റ് അവസാനത്തോടെ 1,14.91 കോടിയായി വർധിച്ചിട്ടുണ്ട്. 0.09 ശതമാനമാണ് പ്രതിമാസ വളർച്ചാ നിരക്ക്. ടെലികോം വിപണിയുടെ 36.48 ശതമാനം ജിയോ നേടിയപ്പോൾ എയർടെൽ 31.66 ശതമാനം വിഹിതം പിടിച്ചെടുത്തു. വി യ്ക്ക് വിപണി വിഹിതത്തിന്റെ 22.03 ശതമാനം പിടിച്ചെടുക്കാനായി. 9.58 ശതമാനം വിപണി പിടിച്ചടക്കിയ ബിഎസ്എൻഎൽ നാലാം സ്ഥാനത്താണ്.രാജ്യത്തെ വയർലൈൻ വരിക്കാരുടെ എണ്ണം ജൂലൈ അവസാനത്തിലെ 2.56 കോടിയിൽ നിന്ന് ഓഗസ്റ്റ് അവസാനത്തോടെ 2.59 കോടിയായി വർധിച്ചു.
ഇത് പ്രതിമാസ വളർച്ചാ നിരക്ക് 0.34 ശതമാനമായാണ് കാണിക്കുന്നത്. വിപണി വിഹിതത്തിന്റെ 28.31 ശതമാനം പിടിച്ചെടുത്ത ഇന്ത്യയിലെ ഏറ്റവും വലിയ വയർലൈൻ സേവന ദാതാവാണ് ജിയോ എന്ന് ട്രായ് ഡേറ്റ കാണിക്കുന്നു. മറുവശത്ത്, വിപണി വിഹിതത്തിന്റെ യഥാക്രമം 27.46 ശതമാനവും 23.86 ശതമാനവും പിടിച്ചെടുത്ത് ബിഎസ്എൻഎൽ എയർടെലും രണ്ടും മൂന്നും സ്ഥാനത്താണ്.മൊത്തം ബ്രോഡ്‌ബാൻഡ് വരിക്കാരുടെ എണ്ണം ജൂലൈ അവസാനത്തിലെ 80.74 കോടിയിൽ നിന്ന് ഓഗസ്റ്റ് അവസാനത്തോടെ 81.39 കോടിയായി ഉയർന്നതായും ട്രായ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
റിലയൻസ് ജിയോയ്ക്ക് 42.58 കോടി വരിക്കാരും ഭാരതി എയർടെലിന് 22.23 കോടി ബ്രോഡ്‌ബാൻഡ് വരിക്കാരും ഉണ്ട്. 12.31 കോടി വരിക്കാരുള്ള വോഡഫോൺ ഐഡിയ, 2.58 കോടി വരിക്കാരുള്ള ബിഎസ്എൻഎൽ, 2.13 ലക്ഷം വരിക്കാരുള്ള ആട്രിയ കൺവെർജൻസ് എന്നിവയാണ് ഓഗസ്റ്റിലെ ഏറ്റവും വലിയ മറ്റു ബ്രോഡ്‌ബാൻഡ് സേവന ദാതാക്കൾ.
