അഗ്നിരക്ഷാസേന ഇനി ലഹരി കെടുത്തും; ലഹരി വിരുദ്ധ പ്രതിജ്ഞ, സ്ക്വാഡുകൾ‌ , ബോധവൽക്കരണം

Share our post

കണ്ണൂർ : ലഹരി വിരുദ്ധ പ്രവർത്തനങ്ങളിലേക്ക് അഗ്നിരക്ഷാസേനയും. സമൂഹത്തിൽ വർധിക്കുന്ന ലഹരിക്കെതിരെ ബോധവൽക്കരണവുമായി അഗ്നിരക്ഷാസേന രംഗത്തിറങ്ങും. ആദ്യഘട്ടമെന്ന നിലയിൽ സംസ്ഥാനത്തെ എല്ലാ ഓഫിസുകളിലും ഹോം ഗാർഡുകൾ, സിവിൽ ഡിഫൻസ് അംഗങ്ങൾ, കുടുംബാംഗങ്ങൾ എന്നിവർ ചേർന്നു നാളെ 10.30നു ലഹരി വിരുദ്ധ പ്രതിജ്ഞയെടുക്കും. ബോധവൽക്കരണ ക്ലാസുമുണ്ടാകും. അടുത്ത പടിയായി എല്ലാ നിലയങ്ങളിലും സിവിൽ ഡിഫൻസ് വൊളന്റിയർമാരുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സ്ക്വാഡുകൾ‌ രൂപീകരിക്കും.

അഗ്നിരക്ഷാസേനയുടെ പരിശീലനം ലഭിച്ച വൊളന്റിയർമാരാണിവർ. പ്രദേശത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചും മറ്റും ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കും. വിജിലൻസ് ആൻഡ് ഇന്റലിജൻസിൽ നിന്നു ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും ബോധവൽക്കരണ പരിപാടി നടത്തേണ്ട പ്രദേശങ്ങൾ കണ്ടെത്തുക. സിവിൽ ഡിഫൻസ് സേനയുടെ നേതൃത്വത്തിൽ നടക്കുന്ന ലഹരി വിരുദ്ധ ബോധവൽക്കരണ പ്രവർ‌ത്തനങ്ങൾ ഓരോ മാസവും അവലോകനം ചെയ്യും.

അഗ്നിരക്ഷാസേന സിവിൽ ഡിഫൻസ് അംഗങ്ങളുടെ സഹകരണത്തോടെ റോഡ് സുരക്ഷാ ജാഗ്രതാ ടീം രൂപീകരിക്കും. എല്ലാ അഗ്നിരക്ഷാ നിലയങ്ങളിലും സ്റ്റേഷൻ ഓഫിസർ മേൽനോട്ടം വഹിക്കും. ദേശീയ പാതകൾ, സംസ്ഥാന പാതകൾ, സ്ഥിരമായി അപകടങ്ങൾ ഉണ്ടാകുന്ന മറ്റു പാതകൾ എന്നിവയിൽ സുരക്ഷാ മുൻ കരുതൽ നടപടികൾ ആസൂത്രണം ചെയ്യും. ടീം അംഗങ്ങൾക്കു പ്രഥമ ശുശ്രൂഷയിൽ പരിശീലനം നൽകും. അപകട സുരക്ഷാ അവബോധം നൽകുന്നതിനായി ക്ലാസ്, രക്ഷാ പ്രവർത്തനങ്ങളുടെ മോക്ഡ്രിൽ എന്നിവ സംഘടിപ്പിക്കും.

ദേശീയ പാതകൾ, സംസ്ഥാന പാതകൾ, സ്ഥിരമായി അപകടങ്ങൾ ഉണ്ടാകുന്ന മറ്റു പാതകൾ എന്നിവിടങ്ങളിൽ അപകട സാധ്യത ഉയർത്തുന്ന പരസ്യ ബോർഡുകളോ മരങ്ങളോ ഉണ്ടെങ്കിൽ നീക്കം ചെയ്യാൻ അതതു തദ്ദേശ സ്ഥാപനങ്ങളെ അറിയിക്കേണ്ട ചുമതലയും അഗ്നിരക്ഷാ സേനയ്ക്കു നൽകും. വിദഗ്ധ പരിശീലനം ലഭിച്ച ടീം അംഗങ്ങൾ തങ്ങളുടെ മേഖലയിലെ ഡ്രൈവർമാർ, സ്കൂൾ വിദ്യാർഥികൾ എന്നിവർക്കു റോഡ് സുരക്ഷാ കാര്യങ്ങളിലും പ്രഥമ ശുശ്രൂഷയിലും ക്ലാസുകളും നൽകും.


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!