കൊളപ്പ ഊരു കൂട്ടത്തിന്റെ നിരാഹാരം; രാജനെ ആശുപത്രിയിലേക്ക് മാറ്റി

കണ്ണൂർ : കൊളപ്പ ട്രൈബൽ കോളനി റോഡുകൾ കോൺക്രീറ്റ് ചെയ്യാൻ അനുവദിച്ചു പിന്നീട് തിരിച്ചെടുത്ത ഫണ്ട് ഉടൻ അനുവദിക്കുക, പട്ടയ ഭൂമിയിൽ നട്ടു വളർത്തിയ മരങ്ങൾ വീട് നിർമിക്കാനുള്ള ആവശ്യത്തിനായി മുറിക്കാൻ അനുവദിക്കുക എന്നിവ ആവശ്യപ്പെട്ട് കണ്ണൂർ കലക്ടറേറ്റിനു മുന്നിൽ നിരാഹാരം കിടക്കുന്ന കൊളപ്പ ഊരു കൂട്ടം സമിതി അംഗം എം.രാജനെ പൊലീസ് അറസ്റ്റ് ചെയ്തു ജില്ലാ ആശുപത്രിയിലേക്കു മാറ്റി.
രാജന്റെ ആരോഗ്യനില വഷളായതിനെ തുടർന്നാണ് അറസ്റ്റ്. കൊളപ്പ ഊരുകൂട്ടം സമിതി നടത്തുന്ന നിരാഹാര സമരം 6 ദിവസം പിന്നിട്ടു. നിരാഹാരം അനുഷ്ഠിച്ച സമര സമിതി കൺവീനർ ജോബിൻ വേലേരിയെ മൂന്നാം ദിവസം പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു. ഇന്നലെ കൊളപ്പ ഊരുകൂട്ടം ഭാരവാഹികളെ പട്ടിക വർഗ ജില്ലാ പ്രൊജക്ട് ഓഫിസറുടെ സാന്നിധ്യത്തിൽ എഡിഎം ചർച്ചയ്ക്കു വിളിച്ചിരുന്നെങ്കിലും ചർച്ച പരാജയപ്പെട്ടു.
21നു വീണ്ടും ചർച്ചയ്ക്കു വിളിച്ചിട്ടുണ്ട്. തങ്ങളുടെ ആവശ്യവുമായി ബന്ധപ്പെട്ട എല്ലാ വകുപ്പുകളെയും ചർച്ചയ്ക്കു വിളിച്ച് ആവശ്യങ്ങൾ അംഗീകരിച്ച് മിനിറ്റ്സിൽ രേഖപ്പെടുത്തിയാൽ മാത്രമേ സമരം അവസാനിപ്പിക്കൂ എന്നാണ് ഊരുകൂട്ടം സമിതിയുടെ നിലപാട്. രാജനെ അറസ്റ്റ് ചെയ്തു നീക്കിയതിനു ശേഷം ഊരുകൂട്ടം സമിതി അംഗം എം.കെ.രമേശൻ നിരാഹാരം തുടങ്ങി.