മട്ടന്നൂരിൽ പോക്‌സോ കോടതി യാഥാർഥ്യത്തിലേക്ക്

Share our post

മട്ടന്നൂർ: മട്ടന്നൂരിൽ പോക്‌സോ കോടതി അടുത്തമാസത്തോടെ പ്രവർത്തനം തുടങ്ങും. നഗരസഭാ വ്യാപാരസമുച്ചയത്തിലെ കെട്ടിടം പോക്‌സോ കോടതിക്ക് അനുവദിക്കാൻ നഗരസഭാ കൗൺസിൽ തീരുമാനിച്ചു. ജില്ലാ ട്രഷറി പ്രവർത്തിച്ചിരുന്ന കെട്ടിടമാണ് പോക്‌സോ കോടതിക്ക് അനുവദിച്ചത്. നിർമാണം പുരോഗമിക്കുന്ന മിനി സിവിൽ സ്റ്റേഷൻ (റവന്യൂ ടവർ) പൂർത്തിയാകുന്നതോടെ കോടതി അങ്ങോട്ടേക്ക് മാറും.

പോക്‌സോ കോടതി പ്രവർത്തനം തുടങ്ങുന്നതിന്റെ ഭാഗമായി മൂന്നുമാസം മുമ്പ് ജില്ലാ ജഡ്ജി കെട്ടിടം സന്ദർശിച്ചിരുന്നു. സംസ്ഥാനത്ത് പുതുതായി അനുവദിക്കപ്പെട്ട 28 പോക്‌സോ കോടതികളിൽ രണ്ടെണ്ണമാണ് ജില്ലയിലുള്ളത്. മട്ടന്നൂരിലും കണ്ണൂരിലുമാണ് പുതിയ കോടതികൾ തുടങ്ങുന്നത്. പോക്‌സോ കോടതിയിലേക്കുള്ള ജഡ്ജിയുടെ നിയമനം ഉൾപ്പടെയുള്ള നടപടികൾ ഹൈക്കോടതി ഉടൻ പൂർത്തിയാക്കും.

പോക്‌സോ കോടതിക്ക് കെട്ടിടം അനുവദിച്ച നഗരസഭയെ മട്ടന്നൂർ ബാർ അസോസിയേഷൻ അഭിനന്ദിച്ചു. പോക്‌സോ കോടതിക്ക് അഡീഷണൽ ജില്ലാ കോടതിയുടെ അധികചുമതല കൂടി നൽകണമെന്ന് ബാർ അസോസിയേഷൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു. മലയോരത്തെ ജനങ്ങൾക്ക് തലശ്ശേരിയിൽ പോയി കേസ് നടത്തേണ്ട ബുദ്ധിമുട്ട് ഇതോടെ ഒഴിവാകും. 2004-ൽ ഹൈക്കോടതി അനുവദിച്ചിരുന്ന മുൻസിഫ് കോടതി മട്ടന്നൂരിൽ ഇതുവരെയും പ്രവർത്തനം തുടങ്ങിയിട്ടില്ല


Share our post
Copyright © All rights reserved. | Newsphere by AF themes.
error: Content is protected !!