മാഹി: മാലിന്യം കൊണ്ടും കൈയ്യേറ്റങ്ങളാലും പുഴകൾ ശ്വാസം മുട്ടുകയാണെന്ന് പരിസ്ഥിതി പ്രവർത്തക മേധാ പട്കർ. മാഹിയിൽ നദീ ദ്വൈവാരാചരണ പരിപാടികളുടെ സമാപന സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അവർ. വ്യവസായ വൽക്കരണത്തിന്റെയും മാഫിയയുടെയും ലാഭക്കൊതിയുടെയും പരിണിതഫലമായി പ്രകൃതിയെ, വിശേഷിച്ച് ജലസ്രോതസ്സുകളെയും പുഴകളെയും വ്യപകമായി നശിപ്പിച്ചു കൊണ്ടിരിക്കുകയാണെന്ന് മേധാ പട്കർ ചൂണ്ടിക്കാട്ടി.’തെളിനീർ ഒഴുകും മയ്യഴിപ്പുഴ: ഒരു ജനകീയ പദ്ധതി’ എന്ന ബൃഹത്തായ കാഴ്ച്ചപ്പാടിന്റെ ഭാഗമായി, ഹരിത ക്ലാസ്സ് മുറികളിലൂടെ ഹരിത ഭവനം പദ്ധതി മേധാ പട്കർ ചടങ്ങിൽ പ്രഖ്യാപിച്ചു. ഈ പദ്ധതി പൈലറ്റ് ആയി നടപ്പിലാക്കുന്ന പാനൂർ മുനിസിപ്പാലിറ്റിക്ക് പദ്ധതി മേൽനോട്ടവും കരിയാട് നമ്പ്യാർസ് ഹയർ സെക്കന്ററി സ്കൂളിന് പദ്ധതി നടത്തിപ്പ് ചുമതലയും മേധാ പട്കർ നൽകിയ പ്രതീകാത്മക ചുമതല പത്രം പാനൂർ മുൻസിപ്പാലിറ്റി ചെയർമാൻ വി നാസർ, സ്കൂൾ പ്രിൻസിപ്പൽ ടി.വി.ധന്യ, പ്രധാനാധ്യാപിക രജനി എന്നിവർ ചേർന്ന് സ്വീകരിച്ചു. പദ്ധതി വിശദീകരണം സമിതി വർക്കിങ് ചെയർമാൻ ഷൗക്കത്ത് അലി എരോത്ത് നടത്തി.
തെളിനീർ ഒഴുകും മയ്യഴിപ്പുഴ: ജനകീയ പദ്ധതിയുടെ പഠന റിപോർട്ട് വിശദീകരണം നടത്തി. സമിതി പഠനവിഭാഗം സെക്രട്ടറി ഡോ. ദിലീപ് പി കോട്ടേമ്പ്രം മേധക്ക് സമർപ്പിച്ചു. പ്രശസ്ത വന്യ ജീവി ഫോട്ടോഗ്രാഫർ അസീസ് മാഹിയെ മേധ പൊന്നാട അണിയിച്ച് ആദരിച്ചു. ആശ്രയ വിമൻസ് കോ-ഓപ്പ് സൊസൈറ്റിയുമായി ചേർന്ന് നടത്തിയ വരവർണപുഴകൾ എന്ന ചിത്ര രചനാ മത്സരത്തിലെ വിജയികൾക്ക് സർട്ടിഫിക്കറ്റും സമ്മാനങ്ങളും വിതരണം ചെയ്തു. പാണ്ടൻപാറ സംരക്ഷണ സന്ദേശയാത്ര ഉദ്ഘാടനമായി ചടങ്ങിന് മുമ്പ് കോപ്പറേറ്റീവ് ബിഎഡ് കോളേജിൽ തൈ നട്ടിരുന്നു. ചടങ്ങിൽ വെച്ച് ഫലവൃക്ഷതൈകൾ കുട്ടികൾക്ക് വിതരണം ചെയ്തു.കവ്വായി പുഴയുടെ ഡോക്യൂമെന്ററി സംവിധായകൻ കൃഷണ ദാസ് പാലേരി മേധക്ക് കവ്വായി പുഴ ചിത്രം ഉപഹാരമായി നൽകി. പുഴമലിനീകരണത്തിന് എതിരെ നടന്ന വിളംബര യാത്രയിലെ തെരുവ് നാടകം ചടങ്ങിന്റെ ആരംഭത്തിൽ തന്നെ അവതരിപ്പിച്ചു.
യദു കൃഷ്‌ണൻ സംവിധാനം ചെയ്ത് കെ.വി. ദിവിത ഏകോപനം നടത്തിയ നാടകം ന്യൂ മാഹി കുറിച്ചിയില്‍ എൽ.പി സ്കൂൾ വിദ്യാർത്ഥികൾ അവതരിപ്പിച്ചു ചടങ്ങിന് ശേഷം നദീ ദ്വൈവാരാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ത്രിദിന പുസ്തകോത്സവവും ചിത്ര പ്രദർശനവും നടക്കുന്ന മാഹി ഗവ എൽ.പി സ്കൂൾ മേധാ പട്കറും സംഘവും സന്ദർശിച്ചു.പുസ്തകോത്സവ കമ്മിറ്റി ചെയർമാൻ അഡ്വ.സന്തോഷ് എ.എം അഴിയൂരും കൺവീനർ പ്രമോദ് പള്ള്യനും ചേർന്ന് സ്വീകരിച്ചു. കേരള നദീ സംരക്ഷണ സമിതി പ്രസിഡൻറ് എസ്.പി. രവി അധ്യക്ഷത വഹിച്ച ചടങ്ങിൽ രമേശ് പറമ്പത്ത് എം.എൽ.എ മുഖ്യാതിഥിയായി. മാഹി ലയൺസ് ക്ലബ്ബ് പ്രതിനിധി സജിത്ത് നാരായണൻ, സി.ആർ. നീലകണ്ഠൻ, വി നാസർ, അഴിയൂർ പഞ്ചായത്ത് പ്രസിഡൻറ് ആയിഷ ഉമ്മർ, എടച്ചേരി പഞ്ചായത്ത് പ്രസിഡൻറ് എൻ പദ്മിനി, തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് പ്രസിഡൻറ് തങ്കമണി, ശരത് ചേലൂർ, വേണു വാരിയത്ത്, ടി.എൻ പ്രതാപൻ, കെ.ഭരതൻ, പി.കെ.രാജൻ, ഇ.കെ.സുരേഷ് കുമാർ, കെ.ഇ.സുലോചന എന്നിവർ സംസാരിച്ചു. ഡോ. എം.കെ. മധുസൂദനൻ ഏകോപനം നടത്തിയ ചടങ്ങിൽ ട്രഷറർ ദേവദാസ് മത്തത്ത് സ്വാഗതവും കേരള നദീ സംരക്ഷണ സമിതി വൈസ് ചെയർ പേഴ്‌സൺ സി.കെ. രാജലക്ഷ്മി നന്ദിയും പറഞ്ഞു.