കണ്ണൂർ ജില്ലയിൽ ഇന്നലെ 36 പേർക്ക് കൂടി നായ്ക്കളുടെ കടിയേറ്റു

കണ്ണൂർ: ജില്ലയിൽ ഇന്നലെ 36 പേർ കൂടി നായ്ക്കളുടെ കടിയേറ്റതിനെ തുടർന്നു ചികിത്സ തേടി. ഈ മാസം ഇതുവരെ 789 പേർക്കാണ് നായ്ക്കളുടെ കടിയേറ്റത്. തെരുവുനായ്ക്കൾക്കു തെരുവിൽത്തന്നെ വാക്സീൻ നൽകാനുള്ള ജില്ലാ പഞ്ചായത്തിന്റെ പ്രത്യേക യജ്ഞം ഇന്നലെ ഇരിക്കൂർ മേഖലയിൽ നടത്തി. 27 തെരുവുനായ്ക്കൾക്കാണ് ഇന്നലെ വാക്സീൻ നൽകിയത്. രണ്ട് വെറ്ററിനറി ഡോക്ടർമാരും നായ്ക്കളെ പിടിക്കാനായി 4 മൃഗസ്നേഹികളും രണ്ട് ലൈവ് സ്റ്റോക് ഇൻസ്പെക്ടർമാരും അടക്കം 8 പേരുടെ സംഘമാണ് വാക്സിനേഷനു നേതൃത്വം നൽകുന്നത്.
കഴിഞ്ഞ 14 ന് ആരംഭിച്ച പദ്ധതിയിലൂടെ ജില്ലയിൽ ഇതുവരെ 122 തെരുവുനായ്ക്കൾക്ക് പേവിഷ പ്രതിരോധ വാക്സീൻ നൽകി. വാക്സിനേഷനു മുന്നോടിയായി ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ രണ്ടായിരത്തോളം തെരുവുനായ്ക്കളുണ്ടെന്ന് കണ്ടെത്തിയിരുന്നു. വളർത്തുനായ്ക്കളുടെ വാക്സിനേഷൻ ക്യാംപുകളും പ്രദേശത്ത് സംഘടിപ്പിക്കുന്നുണ്ട്.
ഊരത്തൂരിൽ എബിസി കേന്ദ്രം ഉദ്ഘാടനം 4ന്
ഊരത്തൂർ : തെരുവുനായ്ക്കളുടെ വന്ധ്യംകരണം നടത്തുന്നതിന് പടിയൂർ – കല്യാട് പഞ്ചായത്തിലെ ഊരത്തൂരിൽ ആരംഭിക്കുന്ന ആനിമൽ ബർത്ത് കൺട്രോൾ കേന്ദ്രം 4ന് മന്ത്രി എം.ബി.രാജേഷ് ഉദ്ഘാടനം ചെയ്യും. 50 സെന്റ് സ്ഥലത്ത് 78 ലക്ഷം രൂപ ചെലവഴിച്ചാണു കേന്ദ്രം ഒരുക്കിയിട്ടുള്ളത്. ജില്ലയിലെ രണ്ടാമത്തെ എബിസി കേന്ദ്രമാണിത്. സംഘാടക സമിതി രൂപീകരണം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ ഉദ്ഘാടനം ചെയ്തു.
ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ യു.പി.ശോഭ അധ്യക്ഷത വഹിച്ചു. പടിയൂർ പഞ്ചായത്ത് പ്രസിഡന്റ് ബി.ഷംസുദ്ദീൻ, ജില്ലാ പഞ്ചായത്ത് അംഗം എൻ.പി.ശ്രീധരൻ, വെറ്ററിനറി സർജൻമാരായ ടി.അഭിലാഷ്, ബഷീർ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ.മിനി എന്നിവർ പ്രസംഗിച്ചു.ഭാരവാഹികൾ: ബി.ഷംസുദ്ദീൻ (ചെയ), ടി.അഭിലാഷ് (കൺ), കെ.കെ.ശൈലജ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ, വൈസ് പ്രസിഡന്റ് ബിനോയ് കുര്യൻ, അംഗം എൻ.പി.ശ്രീധരൻ (രക്ഷാ).